ആധുനിക യുദ്ധം സാങ്കേതികവിദ്യാധിഷ്ഠിതമാണെന്നും കഴിഞ്ഞ നാല് ദിവസത്തെ സംഭവങ്ങൾ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം വീണ്ടും തെളിയിച്ചിട്ടുണ്ടെന്നും ശാസ്ത്ര സാങ്കേതികവിദ്യ (സ്വതന്ത്ര ചുമതല), ഭൗമശാസ്ത്രം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥകാര്യ- പൊതുജന പരാതി പരിഹാരങ്ങളും പെൻഷനും എന്നിവയുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിമാനപൂർവം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാർന്ന നേതൃത്വത്തിൽ, ദേശീയ സുരക്ഷയും അ‌തിജീവനശേഷിയും ഗണ്യമായി വർദ്ധിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യകൾ ഇന്ത്യ വിജയകരമായി വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ന് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മിക്ക സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ആത്മനിർഭർ ഭാരതിനായുള്ള ആത്മവിശ്വാസം നമ്മിൽ വളർത്തിയത് പ്രധാനമന്ത്രി മോദിയാണ്” – ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

ദേശീയ സാങ്കേതികവിദ്യ ദിനത്തിനു തുടക്കംകുറിച്ച കാര്യം ഓർമ്മിപ്പിച്ച്, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി വിഭാവനം ചെയ്ത വിജയകരമായ പൊഖ്‌റാൻ ആണവ പരീക്ഷണങ്ങളുടെ സ്മരണയ്ക്കായി 1998ലാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചതെന്നു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. “1998ൽ ഞങ്ങൾക്ക് പ്രചോദനം നൽകിയ ആശയം പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പക്വതയാർജിച്ചു. അ‌ത് ഇന്ത്യയെ ആഗോള സാങ്കേതികവിദ്യ മേഖലയിലെ മുൻനിര രാഷ്ട്രമാക്കി മാറ്റി” – അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വയംപര്യാപ്തതയ്ക്കായുള്ള പ്രധാനമന്ത്രി മോദിയുടെ തുടർച്ചയായ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ, 2014 മുതൽ തദ്ദേശീയവൽക്കരണം മുൻ‌ഗണനയാണെന്ന് ഡോ. ജിതേന്ദ്ര സിങ് എടുത്തുപറഞ്ഞു. “ഇന്ത്യ ഇനി ബാഹ്യശക്തികളെ ആശ്രയിക്കില്ല. ആധുനിക യുദ്ധരംഗത്തെ നമ്മുടെ വിജയം 2047ൽ വികസിത ഭാരതമെന്ന മുന്നേറ്റത്തിലേക്കുള്ള പ്രതിഫലനമാണ്” – അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാസ്ത്രീയ മുന്നേറ്റങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച ഡോ. ജിതേന്ദ്ര സിംഗ്, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനിടെ 1000-ഡ്രോൺ ഷോ ഉൾപ്പെടെയുള്ള നൂതന സംരംഭങ്ങളെ പിന്തുണച്ചതിന് ശാസ്ത്ര സാങ്കേതിക വകുപ്പിന് (ഡിഎസ്ടി) കീഴിലുള്ള ടെക്നോളജി ഡെവലപ്മെന്റ് ബോർഡിനെ (ടിഡിബി) പ്രശംസിച്ചു. ഒരുകാലത്ത് പ്രതീകാത്മകമായിരുന്ന ഡ്രോണുകൾ ഇപ്പോൾ രാജ്യത്തിന്റെ വികസനോൻമുഖമായ പ്രതിരോധ ആവാസവ്യവസ്ഥയുടെ കേന്ദ്രബിന്ദുവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയൊരു പ്രമേയം സജ്ജമാക്കുന്ന ടിഡിബിയുടെ വാർഷിക പാരമ്പര്യത്തെ ഡോ. ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു. വിപുലമായ ഗവേഷണത്തിലൂടെയും സാങ്കേതിക നവീകരണത്തിലൂടെയുമുള്ള പരിവർത്തനത്തെ സൂചിപ്പിക്കുന്ന ഈ വർഷത്തെ പ്രമേയം “യന്ത്ര” എടുത്തുപറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ശാസ്ത്രീയ വളർച്ച പ്രാപ്തമാക്കുന്ന ഒരു ആവാസവ്യവസ്ഥ നൽകിയതിന് പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ വലുതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. “ഇന്ത്യയ്ക്ക് ഒരിക്കലും കഴിവുകളിൽ കുറവുണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ നമുക്ക് നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമുണ്ട്,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വളരുന്ന ആഗോള നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതിൽ ശാസ്ത്രം, സാങ്കേതികവിദ്യ, നാശയങ്ങൾ എന്നിവയിലെ ശ്രദ്ധേയമായ പുരോഗതിയും നിരവധി പ്രധാന നേട്ടങ്ങളും ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യ 81-ാം സ്ഥാനത്ത് നിന്ന് 39-ാം സ്ഥാനത്തേക്ക് ഉയർന്നതും, ആഭ്യന്തര മേഖലയിലെ നൂതനാശയ വളർച്ചയ്ക്ക് തെളിവായി ഏകദേശം 56% പേറ്റന്റുകളും ഇപ്പോൾ ഇന്ത്യൻ പൗരന്മാരാണ് ഫയൽ ചെയ്യുന്നതെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംരംഭകത്വവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. പ്രതിരോധ മേഖലയിൽ, കയറ്റുമതിയിൽ 2,000 കോടിരൂപയിൽ നിന്ന് 16,000 കോടിരൂപയായി ഗണ്യമായ വർധനയുണ്ടായി. ഇത് തദ്ദേശീയ കഴിവുകളുടെ ശക്തി പ്രകടമാക്കുന്നു. ഗവേഷണത്തിനും വികസനത്തിനുമുള്ള ആകെ ചെലവിനുള്ള (GERD) ബജറ്റ് വിഹിതം ഇരട്ടിയിലധികമായി 60,000 കോടിരൂപയിൽ നിന്ന് 1,27,000 കോടിരൂപയായി വർദ്ധിച്ചു. കൂടാതെ DST, DBT ബജറ്റുകളിൽ 100%-ത്തിലധികം വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.സ്വകാര്യ പങ്കാളിത്തത്തിനായി ബഹിരാകാശ മേഖല തുറന്നുകൊടുത്തതിലൂടെ ഈ രംഗത്തെ ബജറ്റ് ഏതാണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചു. ഇന്ത്യയെ ഭാവിസജ്ജമായ ഒരു സാങ്കേതിക ശക്തിയായി മാറ്റുന്നതിന് വേണ്ടി നിലകൊള്ളുന്നു.

ഇന്ത്യയിൽ ഗവേഷണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ‘ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ’, ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഫെലോഷിപ്പുകൾക്കായി ഒരൊറ്റ പോർട്ടൽ തുടങ്ങിയ പ്രധാന സംരംഭങ്ങളെക്കുറിച്ചും ഡോ. ജിതേന്ദ്ര സിംഗ് പരാമർശിച്ചു.

ചടങ്ങിൽ, കഴിഞ്ഞ അഞ്ച് വർഷമായി ടിഡിബി ധനസഹായം നൽകിയ “സൂപ്പർ 30 സ്റ്റാർട്ടപ്പുകളുടെ” സംഗ്രഹം ഡോ. ജിതേന്ദ്ര സിങ് പുറത്തിറക്കി. ദേശീയ ക്വാണ്ടം ദൗത്യത്തിനു കീഴിലുള്ള നിർദ്ദേശങ്ങൾക്കായുള്ള രണ്ട് പുതിയ ആഹ്വാനങ്ങൾക്ക് അ‌ദ്ദേഹം തുടക്കംകുറിച്ചു. കാർബൺ ക്യാപ്‌ചർ, യൂട്ടിലൈസേഷൻ, സ്റ്റോറേജ് (സിസിയുഎസ്) എന്നിവയ്‌ക്കായുള്ള പരീക്ഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന വ്യവസായ-അക്കാദമിക കൺസോർഷ്യത്തിന് അദ്ദേഹം പദ്ധതിധനസഹായം കൈമാറി.

“27-ാമത് ദേശീയ സാങ്കേതികവിദ്യ ദിനം ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തിനുള്ള അന്താരാഷ്ട്ര അംഗീകാരത്തെ അടയാളപ്പെടുത്തുന്നു. ഇത് 2047-നായി ഇന്ത്യയെ സജ്ജമാക്കുന്നു.” – പ്രസംഗം ഉപസംഹരിച്ച് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി “സമഗ്ര രാഷ്ട്രം” എന്ന സമീപനത്തിന് ഊന്നൽ നൽകിയ പത്മഭൂഷൺ അജയ് ചൗധരിയും ചടങ്ങിൽ പങ്കെടുത്തു. യഥാർത്ഥ ആത്മനിർഭരത കൈവരിക്കുന്നതിനായി അനുസന്ധൻ എൻആർഎഫ് പോലുള്ള സംരംഭങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിഎസ്ടി സെക്രട്ടറി ഡോ. അഭയ് കരന്ദിക്കർ; ഡിബിടി സെക്രട്ടറി ഡോ. രാജേഷ് ഗോഖലെ; ടിഡിബി സെക്രട്ടറി ഡോ. രാജേഷ് പതക്; മുതിർന്ന ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു.