ലോക പൈതൃക സമിതിയുടെ 47-ാമത് സെഷനിലെ നിര്‍ണായക തീരുമാനത്തില്‍ 2024-25-ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായ ‘മറാഠാ സൈനിക ഭൂപ്രദേശങ്ങൾ’ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതോടെ ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ 44-ാമത് പൈതൃക ഇടമായി കേന്ദ്രം മാറി. ഇന്ത്യയുടെ ശാശ്വത സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്ന ഈ ആഗോള അംഗീകാരം വാസ്തുവിദ്യാ വൈഭവത്തിന്റെയും പ്രാദേശിക സ്വത്വത്തിന്റെയും ചരിത്രപരമായ തുടർച്ചയുടെയും വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നു.

ചരിത്രപരമായ ഈ നാഴികക്കല്ലിനെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസും നേട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ഇന്ത്യയുടെ മറാഠ സൈനികമേഖല

സി ഇ 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കപ്പെട്ട പന്ത്രണ്ട് കോട്ടകളുടെ ഈ അസാധാരണ ശൃംഖല മറാഠ സാമ്രാജ്യത്തിന്റെ തന്ത്രപരമായ സൈനിക കാഴ്ചപ്പാടും വാസ്തുവിദ്യാ ചാതുര്യവും പ്രകടമാക്കുന്നു.

2024 ജനുവരിയിൽ ലോക പൈതൃക കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ച നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപദേശക സമിതികളുമായി നിരവധി സാങ്കേതിക യോഗങ്ങളും മേഖലകള്‍ അവലോകനം ചെയ്യുന്നതിന് ഐസിഒഎംഒഎസിന്റെ ദൗത്യ സന്ദർശനവും ഉൾപ്പെടെ പതിനെട്ട് മാസം നീണ്ട കർശന പ്രക്രിയയ്ക്ക് ശേഷമാണ് ഇന്ന് വൈകിട്ട് പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് ലോക പൈതൃക കമ്മിറ്റി അംഗങ്ങൾ ചരിത്രപരമായ ഈ തീരുമാനമെടുത്തത്.

 

മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മഹാരാഷ്ട്രയിലെ സാൽഹെർ, ശിവ്‌നേരി, ലോഹ്ഗഡ്, ഖണ്ഡേരി, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവർണദുർഗ്, പൻഹല, വിജയ്ദുർഗ്, സിന്ധുദുർഗ് എന്നീ പ്രദേശങ്ങളും തമിഴ്‌നാട്ടിലെ ജിന്‍ജി കോട്ടയും ഉൾപ്പെടുന്നു.ശിവനേരി കോട്ട, ലോഹ്ഗഡ്, റായ്ഗഡ്, സുവർണദുർഗ്, പൻഹല കോട്ട, വിജയദുർഗ്, സിന്ധുദുർഗ്, ജിന്‍ജി കോട്ട എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്നു. അതേസമയം സാൽഹർ കോട്ട, രാജ്ഗഡ്, ഖണ്ഡേരി കോട്ട, പ്രതാപ്ഗഡ് എന്നിവ മഹാരാഷ്ട്ര സർക്കാരിന്റെ ആർക്കിയോളജി – മ്യൂസിയം ഡയറക്ടറേറ്റിന്റെ സംരക്ഷണത്തിലാണ്.

തീരദേശ ഔട്ട്‌പോസ്റ്റുകൾ മുതൽ കുന്നിൻ മുകളിലെ ശക്തികേന്ദ്രങ്ങൾ വരെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടകൾ ഭൂമിശാസ്ത്രവും തന്ത്രപ്രധാന പ്രതിരോധ ആസൂത്രണവും സംബന്ധിച്ച സങ്കീർണ ധാരണയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ കോട്ട നിർമാണ പാരമ്പര്യങ്ങളിലെ നൂതനാശയങ്ങളെയും പ്രാദേശിക സംയോജനത്തെയും എടുത്തുകാണിക്കുന്ന ഏകീകൃത സൈനിക ഭൂമേഖലയ്ക്കാണ് അവ ഒരുമിച്ച് രൂപംനല്‍കുന്നത്.

സാൽഹെർ, ശിവ്‌നേരി, ലോഹ്ഗഡ്, റായ്ഗഡ്, രാജ്ഗഡ്, ജിന്‍ജി എന്നിവ കുന്നിൻ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അവ മലയോര കോട്ടകൾ എന്നറിയപ്പെടുന്നു. ഇടതൂർന്ന വനങ്ങൾക്കകത്ത് സ്ഥിതി ചെയ്യുന്ന പ്രതാപ്ഗഡിനെ വന-മലയോര കോട്ടയായി പട്ടികപ്പെടുത്തിയിരികക്കുന്നു. പീഠഭൂമി കുന്നിൽ സ്ഥിതി ചെയ്യുന്ന പൻഹാല ഒരു പീഠഭൂമി-മലയോര കോട്ടയാണ്. തീരമേഖലയില്‍ സ്ഥിതി ചെയ്യുന്ന വിജയ്ദുർഗ് ഒരു ശ്രദ്ധേയ തീരദേശ കോട്ടയായും ഖണ്ഡേരി, സുവർണദുർഗ്, സിന്ധുദുർഗ് എന്നിവ കടലിനാൽ ചുറ്റപ്പെട്ട ദ്വീപ് കോട്ടകളായും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഫ്രാൻസിലെ പാരീസിൽ ചേര്‍ന്ന ലോക പൈതൃക സമിതിയുടെ 47-ാം സെഷനിലാണ് ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ അംഗീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി മറാഠ സൈനിക മേഖല ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്.

കമ്മിറ്റി യോഗത്തിൽ 20-ല്‍ 18 രാജ്യങ്ങള്‍ ഈ സുപ്രധാന മേഖലയെ പട്ടികയിൽ ഉൾപ്പെടുത്താന്‍ ഇന്ത്യ മുന്നോട്ടുവെച്ച നിർദേശത്തെ പിന്തുണച്ചു. നിർദേശം സംബന്ധിച്ച ചർച്ച 59 മിനിറ്റ് നീണ്ടുനിന്നു. 18 രാഷ്ട്രങ്ങളുടെ ശിപാർശകൾക്ക് ശേഷം അംഗരാജ്യങ്ങളും യുനെസ്കോയും ലോക പൈതൃക കേന്ദ്രവും യുനെസ്കോയുടെ ഉപദേശക സമിതികളും (ഐസിഒഎംഒഎസ്, ഐയുസിഎന്‍) ഈ സുപ്രധാന അവസരത്തിന് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അഭിനന്ദിച്ചു.

 

നിലവിലെ സാംസ്കാരിക പാരമ്പര്യത്തിന്റെ അസാധാരണ നേര്‍സാക്ഷ്യം, വാസ്തുവിദ്യ, സാങ്കേതിക പ്രാധാന്യം, ചരിത്ര സംഭവങ്ങളോടും പാരമ്പര്യങ്ങളോടും ആഴമേറിയ ബന്ധം എന്നിവ അംഗീകരിച്ച് നാലും ആറും മാനദണ്ഡങ്ങൾ പ്രകാരമാണ് ഇന്ത്യയുടെ മറാഠ സൈനിക മേഖല അംഗീകാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടത്.

 

196 രാജ്യങ്ങളില്‍ സാംസ്കാരിക, പ്രകൃതിദത്ത, സമ്മിശ്ര വസ്തുവകകളിലെ മികച്ച സാർവത്രിക മൂല്യങ്ങളെ അടിസ്ഥാനമാക്കി പങ്കാളിത്ത പൈതൃക സംരക്ഷണവും പ്രോത്സാഹനവും ഉറപ്പാക്കുകയാണ് പൈതൃക കേന്ദ്രങ്ങളെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ലക്ഷ്യം. 2021-25 മുതൽ ഇന്ത്യ ലോക പൈതൃക സമിതിയിൽ അംഗമാണ്.

 

ലോക വേദിയിൽ രാജ്യത്തിന്റെ പൈതൃകം ഉയർത്തിക്കാട്ടുന്നതിൽ നവഭാരതം നടത്തുന്ന നിരന്തര പരിശ്രമത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ ആഗോള അംഗീകാരം. ഈ ചരിത്ര നിധികൾ സംരക്ഷിക്കുന്നതിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും (എഎസ്‌ഐ) മഹാരാഷ്ട്ര സർക്കാരിന്റെയും ശ്രമങ്ങളെ അംഗീകാരം അടിവരയിടുന്നു.

കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ലോക പൈതൃക കമ്മിറ്റിയുടെ 46-ാം സെഷനിൽ അസമിലെ മയ്ദം ശവകുടീരങ്ങള്‍ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ലോക പൈതൃക കേന്ദ്രങ്ങളുടെ എണ്ണത്തിൽ ഇന്ത്യ ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഏഷ്യാ പസഫിക് മേഖലയിൽ രണ്ടാം സ്ഥാനത്തുമെത്തി. 196 രാജ്യങ്ങളാണ് 1972 ‌-ലെ ലോക പൈതൃക കൺവെൻഷന് അംഗീകാരം നല്‍കിയത്.

ഏതൊരു മേഖലയും ഭാവിയിൽ ലോക പൈതൃക കേന്ദ്രമായി കണക്കാക്കുന്നതിന് അനിവാര്യമായ താൽക്കാലിക പട്ടികയിൽ ഇന്ത്യയ്ക്ക് 62 കേന്ദ്രങ്ങളുണ്ട്. ഓരോ വർഷവും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ലോക പൈതൃക കമ്മിറ്റിയുടെ പരിഗണനയ്ക്ക് ഓരോ രാജ്യത്തിനും ഒരു സ്ഥലമാണ് നിർദേശിക്കാനാവുക.

 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ലോക പൈതൃകവുമായി ബന്ധപ്പെട്ട രാജ്യത്തെ എല്ലാ നടപടിക്രമങ്ങളുടെയും നോഡൽ ഏജൻസി.

ഇന്ത്യയിലെ മറാഠ സൈനിക ഭൂപ്രകൃതിയെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്യധികം അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന 11-ഉം തമിഴ്‌നാട്ടിലെ ഒന്നും ഉൾപ്പെടുന്ന 12 മഹത്തായ കോട്ടകളാണു പൈതൃകപട്ടികയിൽ ഇടംപിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“മഹത്തായ മറാഠ സാമ്രാജ്യത്തെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, സദ്ഭരണം, സൈനികശക്തി, സാംസ്കാരിക അഭിമാനം, സാമൂഹ്യക്ഷേമത്തിനായുള്ള ഊന്നൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് അതെന്നു കാണാം. അനീതിക്കു വഴങ്ങാത്ത മഹദ്‌ഭരണാധികാരികൾ നമുക്കു പ്രചോദനമേകുന്നു.” – മറാഠ സാമ്രാജ്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു,

മറാഠ സാമ്രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചു പഠിക്കാൻ ഈ കോട്ടകൾ സന്ദർശിക്കണമെന്ന് അദ്ദേഹം പൗരന്മാരോട് അഭ്യർഥിച്ചു.

2014-ൽ റായ്ഗഢ് കോട്ട സന്ദർശിച്ചതിന്റെ പ്രിയപ്പെട്ട ഓർമകളും, ഛത്രപതി ശിവാജി മഹാരാജിനു ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.

യുനെസ്കോ അംഗീകാരത്തെക്കുറിച്ചുള്ള എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഈ അംഗീകാരത്തിൽ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കുന്നു.
ഈ ‘മറാഠ സൈനിക ഭൂപ്രകൃതികളിൽ’ ഗംഭീരമായ 12 കോട്ടകൾ ഉൾപ്പെടുന്നു; അതിൽ 11 എണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം തമിഴ്‌നാട്ടിലുമാണ്.
മഹത്തായ മറാഠ സാമ്രാജ്യത്തെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, സദ്ഭരണം, സൈനികശക്തി, സാംസ്കാരിക അഭിമാനം, സാമൂഹ്യക്ഷേമത്തിനായുള്ള ഊന്നൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് അതെന്നു കാണാം. അനീതിക്കു വഴങ്ങാത്ത മഹദ്‌ഭരണാധികാരികൾ നമുക്കു പ്രചോദനമേകുന്നു.

മറാഠ സാമ്രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചു പഠിക്കാൻ ഈ കോട്ടകൾ സന്ദർശിക്കാൻ ഞാൻ ഏവരോടും അഭ്യർഥിക്കുന്നു.”

“2014-ൽ റായ്ഗഢ് കോട്ട സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇതാ. ഛത്രപതി ശിവാജി മഹാരാജിനെ വണങ്ങാൻ അവസരം ലഭിച്ചു. ആ സന്ദർശനം എല്ലായ്പോഴും വിലമതിക്കുന്നു.”