പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയോഗം വരാനിരിക്കുന്ന സെൻസസിൽ ജാതി കണക്കെടുപ്പും ഉൾപ്പെടുത്താൻ തീരുമാനിച്ചു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും നിലവിലെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു തെളിയിക്കുന്ന നടപടിയാണിത്.
ഇന്ത്യൻ ഭരണഘടനയുടെ 246-ാം അനുച്ഛേദം അനുസരിച്ച്, സെൻസസ് ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിൽ 69-ാം സ്ഥാനത്തു പട്ടികപ്പെടുത്തിയിട്ടുള്ള കേന്ദ്രവിഷയമാണ്. ചില സംസ്ഥാനങ്ങൾ ജാതി കണക്കെടുപ്പു സർവേകൾ നടത്തിയിട്ടുണ്ടെങ്കിലും, ഈ സർവേകൾ സുതാര്യതയിലും ഉദ്ദേശ്യത്തിലും വ്യത്യസ്തമാണ്. ചിലതു പൂർണമായും രാഷ്ട്രീയ കാഴ്ചപ്പാടിലാണു നടത്തുന്നത്. ഇതു സമൂഹത്തിൽ സംശയങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത്, നമ്മുടെ സാമൂഹ്യഘടന രാഷ്ട്രീയസമ്മർദത്തിന് അടിപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, ജാതി കണക്കെടുപ്പ് പ്രത്യേക സർവേയായി നടത്തുന്നതിനു പകരം പ്രധാന ജനസംഖ്യാകണക്കെടുപ്പിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
സമൂഹം സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ശക്തമാകുമെന്നും രാജ്യത്തിന്റെ പുരോഗതി തടസ്സമില്ലാതെ തുടരുമെന്നും ഇതുറപ്പാക്കും. സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയപ്പോൾ, അതു സമൂഹത്തിലെ ഒരു വിഭാഗത്തിലും പിരിമുറുക്കം സൃഷ്ടിച്ചില്ല എന്നതു ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന എല്ലാ ജനസംഖ്യാകണക്കെടുപ്പു പ്രവർത്തനങ്ങളിൽനിന്നും ജാതി ഒഴിവാക്കിയിരുന്നു. 2010-ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അന്തരിച്ച ഡോ. മൻമോഹൻ സിങ്, ജാതി കണക്കെടുപ്പു വിഷയം മന്ത്രിസഭയിൽ പരിഗണിക്കുമെന്ന് ലോക്‌സഭയിൽ ഉറപ്പുനൽകി. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ സംഘത്തിനു രൂപംനൽകി. മിക്ക രാഷ്ട്രീയ പാർട്ടികളും ജാതി കണക്കെടുപ്പു നടത്താൻ ശുപാർശ ചെയ്തു. എങ്കിലും, മുൻ ഗവണ്മെന്റ് ജാതി സെൻസസിനു പകരം സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (SECC) സർവേയാണു തെരഞ്ഞെടുത്തത്.