കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താനാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം.
എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകും . ദുർബലമായ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിർത്തണമെന്നും നിർദേശം നൽകി.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണമുണ്ടായി. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പാക് സേന പിന്മാറി.
പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. നാൽപതിലേറെ പേർക്ക് പരുക്കുണ്ട്.
പൂഞ്ച്, രജൗരി, മെന്ദാർ, ഉറി മേഖലകളിലാണ് പാക് പ്രകോപനം. പൂഞ്ചിൽ കനത്ത നാശനഷ്ടം. വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പാക്സേന പീരങ്കിയാക്രമണം നടത്തി. ഇന്ത്യൻ സേന തിരിച്ചടി നൽകിയതോടെ മണിക്കൂറുകൾക്ക് ശേഷം പാക് സേന പിന്മാറുകയായിരുന്നു.
അഞ്ച് അതിർത്തി ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചു. ജമ്മു, ശ്രീനഗർ വിമാനത്താവളങ്ങളിൽ നിന്ന് യാത്രാവിമാനങ്ങളുടെ സർവീസ് അവസാനിപ്പിച്ചു. വിമാനത്താവളങ്ങൾ പൂർണമായും സൈനിക നിയന്ത്രണത്തിലായി. അവധിയിലുള്ള അർധസൈനികരോട് മടങ്ങിയെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും, ചീഫ് സെക്രട്ടറിമാരുടെയും, പോലീസ് മേധാവിമാരുടെയും യോഗം വിളിച്ചുചേർത്തു.
ഓപ്പറേഷൻ സിന്ദൂറിലൂടെ, സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തോട് ‘പ്രതികരിക്കാനുള്ള അവകാശം’ ഇന്ത്യ വിനിയോഗിച്ചു: രാജ്യ രക്ഷാ മന്ത്രി
“ഓപ്പറേഷൻ സിന്ദൂറിലൂടെ, സ്വന്തം മണ്ണിൽ നടന്ന ആക്രമണത്തോട് ‘പ്രതികരിക്കാനുള്ള അവകാശം’ ഇന്ത്യ വിനിയോഗിച്ചു. പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകരരെ പരിശീലിപ്പിക്കാൻ സജ്ജമാക്കിയ ക്യാമ്പുകൾ തകർക്കാൻ കൃത്യതയോടെയും മുൻകരുതലോടെയും സഹാനുഭൂതിയോടെയും പ്രവർത്തിച്ചുകൊണ്ട് സായുധ സേന ചരിത്രം രചിച്ചതായി,” 2025 മെയ് 07 ന് ഡൽഹി കന്റോണ്മെന്റിലെ മനേക്ഷാ സെന്ററിൽ സംഘടിപ്പിച്ച ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (BRO) 66-ാമത് സ്ഥാപക ദിന പരിപാടിയെ അഭിസംബോധന ചെയ്യവേ രാജ്യ രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുൻനിശ്ചയ പ്രകാരമുള്ള ലക്ഷ്യങ്ങൾ തകർക്കപ്പെട്ടതായും ഒരു സാധാരണക്കാരൻ പോലും ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും രാജ്യരക്ഷാ മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉചിതമായ മറുപടി നൽകിയ സൈന്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
“നമ്മുടെ സൈന്യം ഇന്ന് ചെയ്ത കാര്യങ്ങൾ ലോകം കണ്ടു കഴിഞ്ഞു. ബുദ്ധിപൂർവ്വവും കൃത്യതയോടെയും ആണ് നടപടികൾ സ്വീകരിച്ചത്. ഭീകരരുടെ മനോവീര്യം തകർക്കുക എന്ന ലക്ഷ്യത്തോടെ അവരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി ആക്രമണം പരിമിതപ്പെടുത്തി. മുഴുവൻ രാജ്യത്തിനും വേണ്ടി ഞാൻ സൈന്യത്തെ അഭിനന്ദിക്കുന്നു. സായുധ സേനയ്ക്ക് പൂർണ്ണ പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഞാൻ അഭിനന്ദിക്കുന്നു,” രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
BRO യുടെ തന്ത്രപ്രധാനമായ 50 അടിസ്ഥാന സൗകര്യ പദ്ധതികൾ – 30 പാലങ്ങൾ, 17 റോഡുകൾ, മറ്റ് മൂന്ന് പ്രവൃത്തികൾ – ചടങ്ങിൽ രാജ്യ രക്ഷാ മന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ആകെ 1,879 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതികൾ ആറ് അതിർത്തി സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി – ജമ്മു കശ്മീർ, ലഡാക്ക്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, മിസോറം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലായി – വ്യാപിച്ചുകിടക്കുന്നു. രാജ്യ സുരക്ഷ, കണക്റ്റിവിറ്റി, വിദൂര പ്രദേശങ്ങളുടെ വികസനം എന്നിവ ഇ പദ്ധതികൾ ത്വരിതപ്പെടുത്തുന്നു . കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം, BRO 5,600 കോടി രൂപയുടെ 161 അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കി റെക്കോർഡിട്ടു. കഴിഞ്ഞ വർഷത്തെ 111 പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, BRO 456 അടിസ്ഥാന സൗകര്യ പദ്ധതികൾ പൂർത്തിയാക്കി. ആകെ 13,743 കോടി രൂപ ചെലവഴിച്ചു.
ഉദ്ഘാടനം ചെയ്ത പദ്ധതികൾ ഈ മേഖലകളുടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ദേശ സുരക്ഷ ശക്തിപ്പെടുത്തുകയും സാമ്പത്തിക അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ശ്രീ രാജ്‌നാഥ് സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഈ പദ്ധതികൾ പ്രതിരോധ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുകയും ഈ മേഖലകളിലെ ഗതാഗതം, വിനോദസഞ്ചാരം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും. ഇവ അടിസ്ഥാന സൗകര്യ ആസ്തികൾ മാത്രമല്ല; ശോഭനമായ ഭാവിയിലേക്കുള്ള മാർഗ്ഗങ്ങൾ കൂടിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക പ്രതിരോധ ശേഷി ആയുധങ്ങളെ മാത്രമല്ല, അതിനെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് BRO യുടെ പ്രവർത്തനത്തിന്റെ തന്ത്രപരമായ പ്രാധാന്യം വിശദീകരിക്കവേ രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. “നിങ്ങൾക്ക് ഏറ്റവും വേഗതയേറിയ ടാങ്കോ ഏറ്റവും നൂതനമായ വിമാനമോ ഉണ്ടായിരിക്കാം, പക്ഷേ അവ ആവശ്യമുള്ളിടത്ത് കൃത്യസമയത്ത് എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു ലക്ഷ്യവും പൂർത്തീകരിക്കപ്പെടില്ല. നമ്മുടെ സൈന്യം സർവ്വഥാ സജ്ജമാണെന്നും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ എത്തിച്ചേരുന്നുണ്ടെന്നും ഉറപ്പാക്കുന്നതിൽ BRO നിർണ്ണായക പങ്ക് വഹിക്കുന്നതായും,” അദ്ദേഹം പറഞ്ഞു. തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുകയും ദേശ സുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന BRO കർമ്മയോഗികളെ അദ്ദേഹം പ്രശംസിച്ചു.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സായുധ സേനകൾക്കായി പുതു തലമുറ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ രാജ്‌നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. തയ്യാറെടുപ്പുകൾ യുദ്ധ-തലത്തിലാണെന്ന കാര്യം BRO ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.അതിർത്തി പ്രദേശങ്ങളുടെ വികസനം ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത രാജ്യ രക്ഷാ മന്ത്രി ആവർത്തിച്ചു. തന്ത്രപ്രധാനമായ മേഖലകളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതീകമായി മാറിയ സേല ടണൽ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. അതിർത്തി ഗ്രാമങ്ങളെ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം രാജ്യ രക്ഷാ മന്ത്രി എടുത്തുപറഞ്ഞു. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം പോലുള്ള സംരംഭങ്ങൾക്ക് കീഴിൽ പ്രതിദിനം 35 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുന്നതിലൂടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നതായും അദ്ദേഹം പറഞ്ഞു.
BRO യുടെ വർദ്ധിച്ചുവരുന്ന ദേശീയ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കവേ, അത്യന്തം വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രധാന കേന്ദ്ര മന്ത്രാലയങ്ങളെല്ലാം ആശ്രയിക്കുന്ന ഏജൻസിയായി BRO ഉയർന്നുവന്നിട്ടുണ്ടെന്ന് ബോർഡർ റോഡ്‌സ് (DGBR) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രഘു ശ്രീനിവാസൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. GREF ജീവനക്കാരും താൽക്കാലിക ശമ്പളം ലഭിക്കുന്ന തൊഴിലാളികളും ഉൾപ്പെടെയുള്ളവരുടെ ക്ഷേമവും അന്തസ്സും കാത്തു സൂക്ഷിക്കാൻ BRO പുലർത്തുന്ന പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു; ശാസ്ത്ര സാങ്കേതിക വകുപ്പ് (സ്വതന്ത്ര ചുമതല), ഭൗമശാസ്ത്ര വകുപ്പ് (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര, പെൻഷൻ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ്, പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല, അരുണാചൽ പ്രദേശ് ഗവർണർ ലഫ്റ്റനൻ്റ് ജനറൽ കൈവല്യ ത്രിവിക്രം പർണായിക്, രാജസ്ഥാൻ ഗവർണർ ശ്രീ ഹരിഭാവു കിസൻറാവു ബാഗ്‌ഡെ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽഡുഹോമ, ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ ശ്രീ മനോജ് സിൻഹ, ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ (ഡോ) ബി ഡി മിശ്ര (റിട്ട.) തുടങ്ങിയവർ പരിപാടിയിൽ വിർച്വലായി പങ്കെടുത്തു.