BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭാരത സർക്കാറിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. BIS സർട്ടിഫിക്കേഷൻ ഇല്ലാതെ ഹെൽമെറ്റുകൾ നിർമ്മിക്കുന്നതിനോ വിൽക്കുന്നതിനോ എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിലൂടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച സംഭവിക്കുകയും ലക്‌ഷ്യം പരാജയപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനായി, 2021 മുതൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ട്. എല്ലാ ഇരുചക്ര വാഹന യാത്രികർക്കും BIS മാനദണ്ഡങ്ങൾ (IS 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്

2025 ജൂൺ വരെ, ഇന്ത്യയിലുടനീളം 176 ഹെൽമെറ്റ് നിർമ്മാതാക്കൾക്ക് സാധുവായ BIS ലൈസൻസുകൾ ഉണ്ട്. റോഡരികിൽ വിൽക്കുന്ന പല ഹെൽമെറ്റുകൾക്കും നിർബന്ധിത BIS സർട്ടിഫിക്കേഷൻ ഇല്ലെന്നും ഇത് ഉപഭോക്താക്കൾക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും റോഡപകടങ്ങളിൽ ഒട്ടേറെ മരണങ്ങൾക്ക് കാരണമാവുന്നുണ്ടെന്നും വകുപ്പ് നിരീക്ഷിച്ചു. അതിനാൽ, ഈ പ്രശ്നം അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ, ഫാക്ടറികളിലും വിപണികളിലും BIS പതിവായി നിരീക്ഷണം നടത്തുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, BIS സ്റ്റാൻഡേർഡ് മാർക്കിന്റെ ദുരുപയോഗം ശ്രദ്ധയിൽപ്പെട്ട 500-ലധികം ഹെൽമെറ്റ് സാമ്പിളുകൾ പരിശോധിക്കുകയും 30-ലധികം സെർച്ച്-ആൻഡ്-സീഷർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഡൽഹിയിലെ തിരച്ചിലിൽ,ലൈസൻസ് കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ ഒമ്പത് നിർമ്മാതാക്കളിൽ നിന്ന് 2,500-ലധികം ഹെൽമെറ്റുകൾ പിടിച്ചെടുത്തു. 17 ചില്ലറ വില്പന ശാലകളിലും, റോഡരികിലെ വില്പന ശാലകളിലും നടത്തിയ സമാന നടപടികളിൽ നിലവാരമില്ലാത്ത 500 ഓളം ഹെൽമെറ്റുകൾ പിടിച്ചെടുക്കുകയും, നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെൽമെറ്റുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി, ഇരുചക്ര വാഹന യാത്രികർക്ക് നിയമനനുസൃതമല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്ന നിർമ്മാതാക്കളെയും ചില്ലറ വ്യാപാരികളെയും ലക്ഷ്യമിട്ട് രാജ്യവ്യാപക പ്രചാരണം ആരംഭിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലാ കളക്ടർമാർക്കും (DC) ജില്ലാ മജിസ്‌ട്രേറ്റുമാർക്കും (DM) കത്തെഴുതിയിരുന്നു. വിപണിയിൽ ലഭ്യമായ ഹെൽമെറ്റുകളുടെ ഗുണനിലവാരത്തെയും റോഡിലെ ജീവൻ സംരക്ഷിക്കുന്നതിൽ അവയുടെ നിർണ്ണായക പങ്കിനെ കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കുമുള്ള മറുപടിയാണ് ഈ സംരംഭം.

ഉപഭോക്താക്കൾക്ക് സൗകര്യ പ്രദമാം വിധം, ഹെൽമെറ്റ് നിർമ്മാതാവിന് ലൈസൻസ് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനുള്ള വ്യവസ്ഥ BIS കെയർ ആപ്പിലും BIS പോർട്ടലിലും ചേർത്തിട്ടുണ്ട്. കൂടാതെ BIS കെയർ ആപ്പിൽ, ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള സൗകര്യവുമുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന ഉപഭോക്തൃ ബോധവത്ക്കരണ സംരംഭത്തിന്റെ ഭാഗമായി, ഹെൽമെറ്റുകൾക്കും മറ്റ് ഉത്പന്നങ്ങൾക്കുമുള്ള നിർബന്ധിത സർട്ടിഫിക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ‘മനക് മിത്ര’ വളണ്ടിയർമാർ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ക്വാളിറ്റി കണക്ട് കാമ്പെയ്‌ൻ BIS സംഘടിപ്പിച്ചു വരുന്നു