സംസ്‌കൃതത്തിൽ വിഷു എന്നാൽ തുല്യം അല്ലെങ്കില്‍ സമം എന്നാണ് അർത്ഥമാക്കുന്നത്, അതായത് വിഷു ദിവസം പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും എന്നര്‍ത്ഥം.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.
1) അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
2) രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
കണിയെന്നാല്‍ കാഴ്ച
വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി.
ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ . മൂത്തവർക്കൊക്കെ കണി ഒരുക്കാം .
പുലർച്ചെ വേലിയേറ്റം ഉള്ള 12.10 am മണിക്കും 12.45 am മണിക്കും ഇടയിൽ കണിക്ക് മുതൃക്കുവാൻ (കണിയൊരുക്കുവാൻ) നല്ല സമയമാണ്..
തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കി വെച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വയ്ക്കുന്നവരും വിളക്ക് കത്തിച്ച് അണയാതെ വയ്ക്കുന്നവരും ഉണ്ട് .
ഉറക്കമുണര്‍ന്നാലുടന്‍ ദിവ്യമായ കണികാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം.
വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.ഈ സമയം തന്നെ തലയിൽ അരിയിട്ട് അനുഗ്രഹിച്ച് കൈനീട്ടവും നൽകാം.
കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളിയിലൊ, താലത്തിലൊ തയ്യാറാക്കി കൊണ്ടുചെന്ന് കാണിക്കും…
പശുക്കളുള്ള വീട്ടില്‍ അവയേയും മറ്റ് പക്ഷിമൃഗാദികളേയും കണി കാണിക്കും. വാഹനത്തെയും കാണിക്കുന്ന പതിവ് ഇപ്പോൾ ഉണ്ട്.
പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ സന്തോഷിക്കുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും.
തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.
പുതിയൊരു കാലത്തെ പ്രതീക്ഷയോടെ നോക്കാനും, നന്മയെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാനും, പ്രകൃതിയോടു കൂടുതല്‍ ഇണങ്ങാനും , കുടുംബ ബന്ധങ്ങള്‍ ആത്മീയതയുടെയും ആഘോഷത്തിന്റെയും അകമ്പടിയോടെ ഊട്ടിയുറപ്പിക്കുവാനുമാകട്ടെ നമ്മുടെ വിഷു ആഘോഷങ്ങള്‍.
വിത്തും കൈക്കോട്ടുമായി പുതിയൊരു കാർഷിക ഉത്സവ പ്രാരംഭമായി വിഷുവിനെ കാണുന്നു. അതുകൊണ്ടുതന്നെ കൃഷി കർമ്മ ആരംഭത്തിന് വിഷു ദിവസവും, അതിനോട് അനുബന്ധിച്ച് മേടം 10 വരെ സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍