2025 ജൂൺ 21 ന് 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നതിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 3 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ദേശീയ പരിപാടിയിൽ പൊതു യോഗ പ്രോട്ടോക്കോൾ (CYP) പ്രകാരം യോഗ അവതരിപ്പിക്കും. ഇന്ത്യയുടെ ആഗോള ക്ഷേമ ദർശനത്തിന്റെ ബൃഹദ് പ്രദർശനത്തിൽ കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല) , ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും.
‘യോഗ സംഗമം’ സംരംഭത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള 10 ലക്ഷത്തിലധികം സ്ഥലങ്ങളിലായി നടക്കുന്ന യോഗപരിപാടികളെ സമന്വയിപ്പിക്കുന്ന വിശാഖപട്ടണത്തെ വേദിയിൽ 3 ലക്ഷത്തിലധികം പേർക്കൊപ്പം പങ്കെടുക്കുന്ന പ്രധാനമന്ത്രി പൊതു യോഗ പ്രോട്ടോക്കോൾ (CYP) പ്രകാരമുള്ള യോഗ പ്രദർശിപ്പിക്കും. രാവിലെ 6:30 മുതൽ 7:45 വരെ നടക്കുന്ന ഈ ബഹുജന പ്രദർശനം രാജ്യത്തിന്റെ നാനാ കോണുകളിൽ നിന്നുമുള്ള അഭൂതപൂർവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം സ്ഥലങ്ങളിൽ നടക്കുന്ന യോഗ പരിപാടികളിൽ 2 കോടിയിലധികം ആളുകൾ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് സർക്കാർ ഗിന്നസ് വേൾഡ് റെക്കോർഡിനുള്ള ശ്രമവും ഏകോപിപ്പിക്കുന്നു. കൂടാതെ, രജിസ്റ്റർ ചെയ്ത പങ്കാളികൾക്ക് 50 ലക്ഷത്തിലധികം യോഗ സർട്ടിഫിക്കറ്റുകൾ സംസ്ഥാന സർക്കാർ വിതരണം ചെയ്യും. ഇത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദശാബ്ദ പതിപ്പിനെ ഇന്ത്യയുടെ ആരോഗ്യ-ക്ഷേമ പ്രയാണത്തിലെ ചരിത്ര നിമിഷമാക്കി മാറ്റുന്നു.
വിശാഖപട്ടണത്ത് നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി, ആന്ധ്ര സർവ്വകലാശാലയിൽ ഇന്ന് ശ്രദ്ധേയമായ ഒരു സൂര്യനമസ്ക്കാര പരിപാടി സംഘടിപ്പിച്ചു. ഗോത്രവിഭാഗങ്ങളിലെ ഏകദേശം 25,000 കുട്ടികൾ 108 മിനിറ്റിനുള്ളിൽ 108 സൂര്യനമസ്കാരങ്ങൾ അവതരിപ്പിച്ചു. ഈ അനിതരസാധാരണമായ സംരംഭം ഗോത്ര സമൂഹങ്ങളുടെ ആവേശകരമായ പങ്കാളിത്തം എടുത്തുകാണിക്കുകയും താഴെത്തട്ടിൽ യോഗയുടെ ആഴത്തിലുള്ള സ്വാധീനം പ്രതിഫലിപ്പിക്കുകയും ചെയ്തു.
ദേശീയ ആഘോഷത്തിൽ സജീവമായി പങ്കെടുക്കാൻ ഡൽഹിയും ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 21 ന്, ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ സംഘടിപ്പിച്ചിട്ടുള്ള മഹത്തായ പരിപാടി ഉൾപ്പെടെ തലസ്ഥാനത്തുടനീളമുള്ള 109 സ്ഥലങ്ങളിൽ യോഗ പരിപാടികൾ നടക്കും. മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും പിന്തുണയോടെ, ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് ബ്രഹ്മകുമാരീസ് സംഘടിപ്പിക്കുന്ന ചെങ്കോട്ടയിലെ പരിപാടി “ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ” എന്ന പ്രമേയം ഉദ്ഘോഷിക്കും.
ഈ വർഷത്തെ IDY 2025 മുന്നോട്ടു വയ്ക്കുന്ന, “ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ” എന്ന പ്രമേയം സമഗ്ര ക്ഷേമ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു. “സർവേ സന്തു നിരാമയ” (എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ) എന്ന ഇന്ത്യൻ തത്വശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ, മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യത്തിന്റെ പരസ്പരാശ്രിതത്വത്തെ ഇത് ഊന്നിപ്പറയുന്നു.
യോഗയുടെ ഗുണങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ഗ്രാമമുഖ്യന്മാർക്കും കത്ത് അയച്ചു, “യോഗ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ജീവിതങ്ങളെ ഭാവാത്മകമായി പരിവർത്തനം ചെയ്യുന്നു എന്നത് അഭിമാനകരമാണ്” എന്ന് കത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു. IDY യുടെ മുൻ പതിപ്പുകളിലെന്നപോലെ, പ്രധാനമന്ത്രിയുടെ സന്ദേശം ഗ്രാമപഞ്ചായത്തുകളിൽ പുത്തൻ ആവേശം നിറച്ചു. ഇത് താഴെത്തട്ടിൽ, പ്രത്യേകിച്ച് പഞ്ചായത്തുകൾ, അംഗൻവാടികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ യോഗയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ ഗണ്യമായ വർദ്ധനവിന് കാരണമായി.
2025 IDY ൽ പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി അവതരിപ്പിച്ച 10 സിഗ്നേച്ചർ ഇവന്റുകൾക്ക് രാജ്യത്തുടനീളവും വിദേശത്തും അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. ജൂൺ 21-ന് നടക്കുന്ന യോഗ സംഗമ പരിപാടിക്ക് രാജ്യത്ത് ഒരു ലക്ഷം രജിസ്ട്രേഷനുകളാണ് ലക്ഷ്യമിട്ടതെങ്കിലും, ആയുഷ് മന്ത്രാലയത്തിന്റെ യോഗ പോർട്ടൽ വഴി 11 ലക്ഷത്തിലധികം സംഘടനകളും സംഘങ്ങളും യോഗ സംഗമ പരിപാടിക്ക് രജിസ്റ്റർ ചെയ്തു. 2.25 ലക്ഷത്തിലധികം രജിസ്ട്രേഷനുകളോടെ രാജസ്ഥാൻ ഒന്നാമതെത്തി. മൂന്ന് സംസ്ഥാനങ്ങൾ കൂടി ഒരു ലക്ഷം രജിസ്ട്രേഷൻ മറികടന്നു.
IDY പ്രസ്ഥാനത്തിന്റെ ഒരു ദശാബ്ദം അടയാളപ്പെടുത്തുന്ന 10 സിഗ്നേച്ചർ ഇവന്റുകൾ
നാഴികക്കല്ലായി മാറുന്ന ദശാബ്ദ വർഷത്തെ ആദരിക്കുന്നതിനായി, ആയുഷ് മന്ത്രാലയം 100 ദിവസങ്ങളിലായി 10 സിഗ്നേച്ചർ ഇവന്റുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ളതും ഇന്ത്യയിലും വിദേശത്തും യോഗയുടെ വികസിക്കുന്ന ഭൂമികയെ പ്രദർശിപ്പിക്കുന്നതുമായ പരിപാടികളാണിവ.
അവയിൽ ഇനിപ്പറയുന്ന പരിപാടികൾ ഉൾപ്പെടുന്നു:
യോഗ സംഗമം: ദേശീയ പരിപാടിയോടൊപ്പം 1,00,000 ലധികം സ്ഥലങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള യോഗ പ്രകടനങ്ങൾ.
യോഗ ബന്ധൻ: അന്താരാഷ്ട്ര സഹകരണവും യോഗ പ്രതിനിധിസംഘങ്ങളുടെ പരസ്പര സന്ദർശനവും.
ഹരിത യോഗ: വൃക്ഷത്തൈ നടീൽ, ശുചിത്വ യജ്ഞങ്ങൾ തുടങ്ങി പാരിസ്ഥിതിക പ്രവർത്തനങ്ങളുമായി യോഗയുടെ സമന്വയം.
യോഗ പാർക്ക്: പൊതു പാർക്കുകളെ സമർപ്പിത യോഗ ഇടങ്ങളാക്കി ഉയർത്തൽ.
യോഗ സമാവേശ്: പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി ഇഷ്ടാനുസൃത പ്രോട്ടോക്കോളുകളോടെ സമഗ്രമായ യോഗ വ്യാപനം.
യോഗ പ്രഭാവ: IDY യെയും അതിന്റെ സാമൂഹിക ഗുണഫലങ്ങളെയും കുറിച്ചുള്ള 10 വർഷത്തെ സമഗ്രമായ റിപ്പോർട്ട്.
യോഗ കണക്ട്: ആഗോള വിദഗ്ധരെയും നയരൂപകർത്താക്കളെയും ഉൾപ്പെടുത്തി ജൂൺ 14-ന് നടന്ന ആഗോള ഓൺലൈൻ യോഗ ഉച്ചകോടി.
യോഗ അൺപ്ലഗ്ഡ്: സാങ്കേതികവിദ്യ, പുതുപ്രവണതകൾ, പരമ്പരാഗത യോഗ എന്നിവ സംയോജിപ്പിക്കുന്ന യുവജന കേന്ദ്രീകൃത പ്രചാരണങ്ങൾ.
യോഗ മഹാ കുംഭ്: യോഗയുടെ സാംസ്ക്കാരികവും ആത്മീയവുമായ മാനങ്ങൾ ആഘോഷിക്കുന്ന വിപുലമായ പരിപാടികളുടെ പരമ്പര.
സംയോഗ: ആധുനിക ആരോഗ്യ സംരക്ഷണ രീതികളുമായി തെളിവടിസ്ഥാനമാക്കിയുള്ള യോഗയുടെ സമന്വയം പ്രദർശിപ്പിക്കുന്നു.
മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര സർക്കാർ സമീപനത്തിലൂടെയാണ് ദശാബ്ദാഘോഷം ഏകോപിപ്പിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുക്കൾ ആഴ്ചകളായി തുടരുകയാണ്. യജ്ഞങ്ങൾ, യോഗ ക്യാമ്പുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന മത്സരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആഗോളതലത്തിൽ, ഇന്ത്യൻ എംബസികളും സാംസ്ക്കാരിക കേന്ദ്രങ്ങളും, യോഗ പ്രദർശനങ്ങളും ബോധവത്ക്കരണ പരിപാടികളും സജീവമായി സംഘടിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ സാംസ്ക്കാരിക നയതന്ത്രത്തെയും ക്ഷേമ നേതൃത്വത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ശക്തമായ അടിത്തറയും വിവിധ മേഖലകളിൽ നിന്നുള്ള ആവേശകരമായ പങ്കാളിത്തവും കൈവരിക്കാനായ സാഹചര്യത്തിൽ, IDY 2025 ഇന്ത്യയുടെ ക്ഷേമ യാത്രയിലെ ഒരു നാഴികക്കല്ലായി മാറാൻ സർവ്വ സജ്ജമായിരിക്കുന്നു. സന്ദേശം വ്യക്തമാണ് – യോഗ, ലോകത്തിന് ഇന്ത്യ നൽകിയ ഒരു സമ്മാനം മാത്രമല്ല, ഏവർക്കും ആരോഗ്യപൂർണ്ണവും ഐക്യപൂർണ്ണവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള മാർഗ്ഗം കൂടിയാണ്.