കർഷകരുടെയും കാർഷിക സംരംഭകരുടെയും കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് മികച്ച പിന്തുണ നൽകുന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന വായ്പ പദ്ധതിയിൽ (Agriculture Infrastructure Fund – AIF) അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി കൃഷി ഡയറക്ടറേറ്റ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് പരമാവധി 7 വർഷത്തേക്ക് 3 ശതമാനം സബ്സിഡിയോട് കൂടി 6 ശതമാനം പലിശക്കാണ് കാർഷിക വായ്പകൾ ലഭ്യമാകുക. കൂടാതെ, ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയിൽ വരുന്ന 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് അധിക ഈട് നൽകേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രധാന ആകർഷണമാണ്.
കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവത്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ, കാർഷിക ലോജിസ്റ്റിക്സ് തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് AIF പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കാം. PMFME, SMAM, MIDH, SHM ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സബ്സിഡി പദ്ധതികളുമായി സംയോജിപ്പിച്ചും AIF പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. പദ്ധതിയുടെ വിശദാംശങ്ങൾക്കായി കർഷകരും കാർഷിക സംരംഭകരും സമീപത്തെ ബാങ്ക് ശാഖകളുമായോ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ www.agriinfra.dac.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനതല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറുകൾ: 8137008197, 8921540233, 9020060507.


