കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 2,205 കോടി രൂപയുടെ അറ്റാദായമാണ് ഐഡിബിഐ ബാങ്ക് രേഖപ്പെടുത്തിയത്. മുൻവർഷത്തെ ഇതേ കാലയളവിലെ ഒറ്റത്തവണ നേട്ടം (എൻഎസ്ഡിഎൽ ഓഹരി വിൽപ്പന വഴി ലഭിച്ചത്) ഒഴിവാക്കിയാൽ അറ്റാദായത്തിൽ 14 ശതമാനത്തിന്റെ വാർഷിക വളർച്ചയുണ്ടായിട്ടുണ്ട്. ഈ പാദത്തിലെ പ്രവർത്തന ലാഭം 2,893 കോടി രൂപയാണ്. മുൻവർഷത്തെ ഇതേ കാലയളവിലെ ഒറ്റത്തവണ ലാഭം മാറ്റിനിർത്തിക്കഴിഞ്ഞാൽ പ്രവർത്തന ലാഭത്തിൽ 59 ശതമാനത്തിന്റെ ശക്തമായ വാർഷിക വളർച്ച കൈവരിക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്.

 

അറ്റ പലിശ വരുമാനം 29 ശതമാനം വാർഷിക വളർച്ചയോടെ 4,228 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ പലിശ വ്യത്യാസ അനുപാതം 4.11 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 40 ബിപിഎസിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ബാങ്കിന്റെ മൊത്തം ബിസിനസ്സ് 18 ശതമാനം വാർഷിക വളർച്ചയോടെ 6,27,216 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങൾ 17 ശതമാനം വർധിച്ച് 3,55,684 കോടി രൂപയായി.

 

മൊത്തം വായ്പകൾ 18 ശതമാനം വാർഷിക വളർച്ചയോടെ 2,71,533 കോടി രൂപയായി ഉയർന്നു. ഇതിൽ കോർപ്പറേറ്റ്, റീട്ടെയ്ൽ വായ്പകളുടെ അനുപാതം 31:69 ആണ്. കാസ നിക്ഷേപം 12 ശതമാനം വർധിച്ച് 1,55,877 കോടി രൂപയിലെത്തിയപ്പോൾ കാസ അനുപാതം 43.82 ശതമാനമായി രേഖപ്പെടുത്തി.

 

ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 2.12 ശതമാനം ആയി കുറഞ്ഞു. അറ്റ നിഷ്ക്രിയ ആസ്തി 0.17 ശതമാനം ആയും കുറഞ്ഞിട്ടുണ്ട്. പ്രൊവിഷൻ കവറേജ് അനുപാതം 99.24 ശതമാനം ആയി തുടരുന്നു. ബാങ്കിന്റെ സിആർഎആർ 27.10 ശതമാനം ആയി ഉയർന്നു. ഇതിൽ ടയർ 1 മൂലധനം 26.55 ശതമാനം ആണ്. ആസ്തികളുടെ മേലുള്ള ആദായം 1.83 ശതമാനം രേഖപ്പെടുത്തി.

 

കാർഷിക ധനകാര്യം, ഗ്രാമീണ വികസനം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയ്ക്കുള്ള സംഭാവനകൾ മുൻനിർത്തി ‘അഗ്രികൾച്ചർ ടുഡേ ഗ്രൂപ്പിന്റെ’ 17-ാമത് ഡെവലപ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് 2026 ഐഡിബിഐ ബാങ്കിന് ലഭിക്കുകയുണ്ടായി. കൂടാതെ സാങ്കേതികവിദ്യ അധിഷ്ഠിത ഓഡിറ്റ് സംവിധാനങ്ങൾക്കും ഡിജിറ്റൽ ഭരണാധികാരത്തിനുമുള്ള നിരവധി പുരസ്കാരങ്ങളും ഈ പാദത്തിൽ ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.