കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

ഇവയാണ് ട്രാന്‍സ്യൂണിയന്‍ സിബില്‍, നിതി ആയോഗിന്‍റെ വുമണ്‍ എന്‍റര്‍പ്രണര്‍ഷിപ്പ് പ്ലാറ്റ്ഫോം (ഡബ്ല്യുഇപി), മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് (എംഎസ്സി) എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച ‘ഫ്രം ബോറോവേള്‍സ് ടു ബില്‍ഡേഴ്സ്: വുമണ്‍സ് റോള്‍ ഇന്‍ ഇന്ത്യായ്സ് ഫിനാന്‍ഷ്യല്‍ ഗ്രോത്ത് സ്റ്റോറി (കടം വാങ്ങുന്നവരില്‍ നിന്ന് ഉത്പാദകരിലേക്ക്: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക്) എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ചിലത്.

 

റിപ്പോര്‍ട്ട് പ്രകാരം 2024 ഡിസംബറില്‍ ഇന്ത്യയിലെ 27 ദശലക്ഷം വനിതകളാണ് തങ്ങളുടെ വായ്പകളെ കുറിച്ചു സജീവമായ നിരീക്ഷണം നടത്തുന്നത്. 2023 ഡിസംബറിനെ 19 ദശലക്ഷം വനിതകള്‍ എന്നതിനെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണിത്.

 

രാജ്യത്ത് വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വനിതാ സംരംഭകര്‍ വലിയ പങ്കു വഹിക്കുന്നതായും വനിതാ സംരംഭകര്‍ക്ക് 150 മുതല്‍ 170 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാവുമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് നീതി ആയോഗ് പ്രിന്‍സിപ്പല്‍ അഡ്വൈസറും ഡബ്ല്യുഇപി മിഷന്‍ ഡയറക്ടറുമായ അണ്ണാ റോയി പറഞ്ഞു.

 

വായ്പകള്‍ ലഭ്യമാക്കുന്നത് വനിതാ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുന്ന അടിസ്ഥാന ഘടകമാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ നീതി ആയോഗ് സിഇഒ ബി. വി. ആര്‍. സുബ്രഹ്മണ്യം പറഞ്ഞു.

 

ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പങ്കാളികളായി മുന്നേറാന്‍ വനിതകള്‍ തങ്ങളുടെ വായ്പകള്‍ നിരീക്ഷിക്കുന്നതു തുടരണമെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിന്‍ പറഞ്ഞു.