വോട്ടര്‍ ഐഡി കാര്‍ഡും ആധാറും ബന്ധിപ്പിക്കാൻ നിർണായക നീക്കം.വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു.

വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിഷൻ ചൊവ്വാഴ്ചയാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത് . വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ സെക്രട്ടറി, യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്നിവരുമായി കൂടിക്കാഴ്ച വിളിച്ചു ചേര്‍ത്തത് . മാർച്ച് 18 ന് ആണ് യോഗം .

വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആണ് മീറ്റിംഗ് നടക്കുന്നത് . ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ 2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നിരുന്നു .

 

66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ഇവ ബന്ധിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു . ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ ക്രമക്കേടിനുള്ള സാധ്യതകുറയും എന്നാണ് വിവിധ ഇടങ്ങളില്‍ നിന്നുള്ള അഭിപ്രായം .