വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി-കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ തുറമുഖ അധികൃതരും ബന്ധപ്പെട്ട എല്ലാ ഏജൻസികളും തമ്മിലുള്ള സഹകരണത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നന്മയ്ക്കൊപ്പം വളർച്ച” എന്ന കാഴ്ചപ്പാട് ആവർത്തിച്ചുറപ്പിച്ച്, തുറമുഖത്തിന്റെയും അതുമായി ബന്ധപ്പെട്ടവരുടെയും വിജയത്തിനു കമ്മീഷണർ ആശംസകൾ നേർന്നു.
കൊച്ചി കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) കെ പത്മാവതി, AVPPL CEO പ്രദീപ് ജയരാമൻ എന്നിവർക്കൊപ്പം തീരസംരക്ഷണസേന-ഇമിഗ്രേഷൻ-ഷിപ്പിങ് ലൈൻ പ്രതിനിധികൾ പങ്കെടുത്തു. സമുദ്രമേഖലാവ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയിൽ, കസ്റ്റംസ് ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ സുപ്രധാന നാഴികക്കല്ലാണ്.
സന്ദർശനത്തിന്റെ ഭാഗമായി, തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയും വികസനപദ്ധതികളെയുംകുറിച്ച് AVPPL-ന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചീഫ് കമ്മീഷണർ ചർച്ച നടത്തി. മറൈൻ കൺട്രോൾ റൂം, ഓപ്പറേഷൻസ് സെന്റർ, റിമോട്ട് ഓപ്പറേഷൻസ് ഡെസ്ക്, സെക്യൂരിറ്റി കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രവർത്തന സൗകര്യങ്ങളും സന്ദർശിച്ചു. നിലവിലെ പ്രവർത്തനങ്ങൾ തുറമുഖ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഉടൻ കമ്മീഷൻ ചെയ്യുന്ന കണ്ടെയ്നർ സ്കാനർ സൗകര്യവും ചീഫ് കമ്മീഷണർ പരിശോധിച്ചു. തുറമുഖത്തെ വ്യാപാരസൗകര്യങ്ങൾക്കും സുരക്ഷാനടപടികൾക്കും കരുത്തേകുന്നതിന് ഈ അടിസ്ഥാനസൗകര്യവികസനം സഹായിക്കുമെന്നാണു പ്രതീക്ഷ.