business100news.com: 2007 മുതൽ ചെങ്ങറ സമരഭൂമിയിൽ കഴിഞ്ഞു വരുന്ന കുടുംബങ്ങളെ അവിടെ തന്നെ നിലനിർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന ഭരണകൂടം തയ്യാറാകണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ആവശ്യപ്പെട്ടു.
ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ലാത്തതിനാലാണ് കഴിഞ്ഞ 18 വർഷമായി നൂറുകണക്കിനാളുകൾ ഇവിടെ തുടർന്നു വരുന്നത്. ചെങ്ങറയുടെ പരിസര പ്രദേശങ്ങളിൽ പലവിധ ജോലികളിൽ ഏർപ്പെട്ടു ജീവിക്കുകയും അവരുടെ കുട്ടികൾ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തിവരുന്നതും അധികാരികൾ പരിഗണിക്കേണ്ടതാണ്.
ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കൈവശമുള്ള പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർഭൂമിയും മിച്ചഭൂമിയും പിടിച്ചെടുത്ത് പാവപ്പെട്ടവരുടെ പ്രശ്നം പരിഹരിക്കണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കൺവീനർ സലില്‍ വയലാത്തല ആവശ്യപ്പെട്ടു.
ചെങ്ങറ ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 2008 മാർച്ച് 5 ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ചെങ്ങറ സമര ഭൂമിയില്‍ ആയിരക്കണക്കിന് ഭൂരഹിതരെ അണിനിരത്തി ആദ്യമായി മനുഷ്യചങ്ങല നടത്തിയിരുന്നു . കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർഭൂമിയും മിച്ചഭൂമിയും പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വാസയോഗ്യമായ വീട് വെച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും വിജിൽ ഇന്ത്യ മൂവ്മെൻ്റ് ആവശ്യം ഉന്നയിച്ചു.