വഖഫ് ഭേദഗതിബില്ല് ലോക്‌സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. 232 പേര്‍ ബില്ലിനെ എതിര്‍ത്തു.
12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് വഖഫ് ഭേദഗതിബില്ല് പാസായത്.ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ഇത് രാത്രി 12 മണിവരെ നീണ്ടു.
കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയും ഇ.ടി. ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും തള്ളിപ്പോവുകയും ചെയ്തിരുന്നു.ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ ലൈവായി കണ്ട മുമ്പത്തെ സമരക്കാര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച് രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ ആഹ്ലാദപ്രകടനം നടത്തിയത്. മുനമ്പത്തെ പ്രശ്‌നങ്ങള്‍ വഖഫ് ഭേദഗതിബില്ലോടുകൂടി പരിഹരിക്കപ്പെടും എന്ന് ബിജെപി നേതാക്കള്‍ ലോക്‌സഭാ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തുകയും ചെയ്തു.