സിപിഐഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു.പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിലവിലുള്ള കേന്ദ്ര കമ്മിറ്റിയിൽ നിർദേശിച്ചത്. പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തിയാണ് കരാഡ് മത്സരിച്ചത്.

ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാവും.

പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോൺഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി 3 പേരാണ് കേരളത്തിൽ നിന്ന് പുതുതായി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സീനിയറായ പികെ സൈനബയെ തഴഞ്ഞാണ് സലീഖയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മോള്ള എന്നിവരാണ് കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായിട്ടുള്ളത്. മന്ത്രിമാരായ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചില്ല.കേന്ദ്ര കമ്മിറ്റിയില്‍ 17 വനിതകളാകും ഉണ്ടാവുക. കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന പ്രായം 75 തന്നെയാണ്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ശ്രീമതി ടീച്ചര്‍ക്കും ഇളവുണ്ട്.

പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾക്ക് എംഎ ബേബി നന്ദി പറഞ്ഞു. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് പാർട്ടിയുടെ മുൻപിലുള്ള വെല്ലുവിളികൾ. സംഘടനപരമായ പുനരുജ്ജീവനത്തിനും ശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ടെന്നാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയെ പിണറായി വിജയൻ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനപരമായ കാര്യങ്ങളിലും നയിക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി. കേരളത്തിൽ തുടർഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർഭരണം ലഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പാർട്ടി കോൺ​ഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.