നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് ബൂത്തുകൾ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടർമാരെ ക്രമം തെറ്റാതെ പുതിയ ബൂത്തിലേയ്ക്ക് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും.

വോട്ടർമാർക്കു വേണ്ട അടിസ്ഥാന സാകര്യങ്ങൾ എല്ലാ പോളിംഗ് ബൂത്തുകളിലും ഉറപ്പാക്കും. പുതിയ പോളിംഗ് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുന്നതിനും ആക്സിലറി ബൂത്തുകൾക്ക് പകരം പുതിയ സ്ഥിരം പോളിംഗ് ബുത്തുകൾ സജ്ജീകരിക്കുന്നതിനും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് നിയമസഭാ, ജില്ലാ തലങ്ങളിൽ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിന് സമർപ്പിച്ച പ്രൊപ്പോസൽ കമ്മീഷൻ അംഗീകരിക്കുകയായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പത്രക്കുറിപ്പിൽ അറിയിച്ചു.