അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റേതാണ് ഉത്തരവ്.അതീവ സുരക്ഷയില്‍ റാണയെ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദംകേള്‍ക്കലിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.കേന്ദ്ര സര്‍ക്കാരിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണ് ഹാജരായത്. റാണയ്ക്ക് അഭിഭാഷകനായ പിയൂഷ് സച്‌ദേവയുടെ നിയമസഹായവും ലഭിച്ചു.കസ്റ്റഡിയില്‍ ലഭിച്ച റാണയെ എന്‍ഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.