നിലവില്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും അസിസ്റ്റന്റ് സെക്രട്ടിമാരായി സേവനമനുഷ്ഠിക്കുന്ന 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.

അസാധാരണ ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് അവര്‍ ഐഎഎസ് ഉദ്യോഗസ്ഥരായതെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഇത് അവരുടെ വ്യക്തിജീവിതത്തില്‍ പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ദൃഢനിശ്ചയവും അര്‍പ്പണബോധവും കൊണ്ട്, നിരവധി ആളുകളുടെ ജീവിതത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. അവരുടെ സേവന മേഖലയും അധികാരവും വളരെ വിപുലമായതുകൊണ്ട് ആദ്യ നിയമനത്തില്‍ തന്നെ നിരവധി സഹപൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. പിന്നോക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിന് പ്രത്യേക ശ്രമങ്ങള്‍ നടത്തണമെന്ന് രാഷ്ട്രപതി അവരെ ഉപദേശിച്ചു. അവരുടെ ഔദ്യോഗിക ജീവിതത്തില്‍ നിയമനം ലഭിച്ച സ്ഥലങ്ങള്‍ കുറച്ചുകാലങ്ങള്‍ക്കു ശേഷം സന്ദര്‍ശിക്കാനും അവരുടെ പ്രയത്‌നത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ കാണാനും രാഷ്ട്രപതി അവരെ ഉപദേശിച്ചു.സിവില്‍ സര്‍വ്വീസുകാരുടെ അവകാശങ്ങളും കടമകളും ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു പൊതു പ്രവര്‍ത്തകന്റെ കടമകള്‍ അവരുടെ ഉത്തരവാദിത്തങ്ങളാണ്, അവരുടെ അവകാശങ്ങള്‍ ആ കടമകള്‍ നിറവേറ്റാനുള്ള മാര്‍ഗ്ഗങ്ങളും.

സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെയല്ല, മറിച്ച് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് അവരുടെ ഔദ്യോഗിക ചരിത്രം സൃഷ്ടിക്കപ്പെടുന്നത്. സമൂഹത്തില്‍ അവരുടെ യഥാര്‍ത്ഥ വില നിശ്ചയിക്കുന്നത് അവരുടെ നല്ല പ്രവൃത്തിയെ അടിസ്ഥാനമാക്കിയായിരിക്കും.

ഓരോ പൊതു പ്രവര്‍ത്തകനും ലക്ഷ്യബോധത്തോടും സത്യസന്ധതയോടും പ്രവര്‍ത്തിക്കണമെന്നു രാഷ്ട്രപതി പറഞ്ഞു. പരിസ്ഥിതി മലിനീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളികള്‍ നാം എല്ലാവരും നേരിടുന്നു. അധാര്‍മ്മികതയുടെ ദൂഷിതവലയവും മൂല്യശോഷണവും വളരെ വലിയ വെല്ലുവിളികളാണ്. സത്യസന്ധത, സത്യം, ലാളിത്യം എന്നീ ജീവിത മൂല്യങ്ങള്‍ പിന്തുടര്‍ന്നു മുന്നോട്ടു പോകുന്നവര്‍ കൂടുതല്‍ സന്തുഷ്ടരായിരിക്കും. പൊതുജീവിതത്തില്‍ ഏറ്റുവം അഭികാമ്യമായ നയം സത്യസന്ധതയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യസന്ധതയുടെയും അവബോധത്തിന്റെയും മാതൃകകള്‍ അവതരിപ്പിക്കുക എന്നതാണ് പൊതു പ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ഡിജിറ്റല്‍ യുഗത്തില്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നു രാഷ്ട്രപതി പറഞ്ഞു. ഭരണാധികാരികളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് അവര്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്. സഹപൗരന്മാരുമായി അടുപ്പം വളര്‍ത്തിയെടുക്കാനും പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും അവര്‍ ഉദ്യോഗസ്ഥരെ ഉപദേശിച്ചു. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന പൊതുതാത്പ്പര്യ വിഷയങ്ങള്‍ പരിഹരിക്കാനും രാഷ്ട്രപതി അവരെ ഉപദേശിച്ചു. പ്രാദേശിക, സംസ്ഥാന തലങ്ങളില്‍ അവര്‍ നടത്തുന്ന വികസന, പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സഹായകരമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു.