മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്സിലേയ്ക്കുളള (MCA Regular) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/ കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതായിവരും.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി 2025 ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പണം 2025 മെയ് 22 വരെ. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്.
വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കൈറ്റിന്റെ കീ ടു എൻട്രൻസ് : എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രിൽ 16 മുതൽ
പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്.
entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നീ തരത്തിലാണ് ചോദ്യഘടന. ഇത് കുട്ടികൾക്ക് പരീക്ഷ എഴുത്ത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. യൂസർനെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പരീക്ഷയിൽ പങ്കുചേരാവുന്നതാണ്. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും മോക് ടെസ്റ്റിനായി അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് അറിയിച്ചു. മെഡിക്കൽ എൻട്രൻസ് മോഡൽ പരീക്ഷ പിന്നീട് നടത്തും.
കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂടൂബിലുമായി കഴിഞ്ഞ 5 മാസമായി നൽകി വരുന്ന ക്ലാസുകളുടെ തുടർച്ചയായാണ് മോക് ടെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 300 ഓളം വീഡിയോ ക്ലാസുകൾ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ entrance.kite.kerala.gov.in പോർട്ടലിൽ കാണുന്നതിനും അവസരമുണ്ട്. ഓരോ യൂണിറ്റിനും ശേഷം ആവശ്യാനുസരണം ടെസ്റ്റുകൾ എടുക്കാനുള്ള അവസരം നേരത്തേ നൽകിയിരുന്നു. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് ഇപ്പോൾ എഞ്ചിനീയറിംഗ് മോഡൽ പരീക്ഷ നടത്തുന്നത്. മോക്ടെസ്റ്റിന്റെ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്.
അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി
ഡോ. ബി.ആർ അംബേദ്കർ ജന്മവാർഷികദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി പുഷ്പാർച്ചന നടത്തി. ചടങ്ങിൽ നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാർ പങ്കെടുത്തു. തുടർന്ന് പട്ടികജാതി വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
സർവകക്ഷിയോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും 16ന്
ലഹരി വിരുദ്ധ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മതമേലധ്യക്ഷൻമാരുടെ യോഗവും സർവകക്ഷിയോഗവും വിളിച്ചു. ഏപ്രിൽ 16ന് രാവിലെ 11.30ന് മതമേലധ്യക്ഷൻമാരുടെ യോഗം നടക്കും. അന്ന് വൈകിട്ട് 3.30നാണ് സർവകക്ഷിയോഗം. രണ്ട് യോഗങ്ങളും ഓൺലൈനായാണ് ചേരുക.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഉദുമ, താനൂർ, മലമ്പുഴ, ധർമടം), സീനിയർ ലക്ചറർ (ഉദുമ, മലമ്പുഴ, പള്ളുരുത്തി), ലക്ചറർ /ട്യൂട്ടർ (താനൂർ, പള്ളുരുത്തി, ധർമടം, തളിപ്പറമ്പ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ – എം.എസ്.സി നഴ്സിംഗ് ബിരുദം, എം.എസ്.സി നഴ്സിംഗിന് ശേഷം മൂന്ന് വർഷത്തെ അധ്യാപനപരിചയം. സീനിയർ ലക്ചറർ: എം.എസ്.സി നഴ്സിംഗ് ബിരുദം, രണ്ട് വർഷത്തെ അധ്യാപനപരിചയം. ലക്ചറർ /ട്യൂട്ടർ – എം.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്.സി / പോസ്റ്റ് ബേസിക് നഴ്സിംഗും ഒരു വർഷത്തെ പ്രവർത്തിപരിചയവും. പരമാവധി പ്രായം: 50 വയസ് (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്)
അപേക്ഷ ഫീസ്: ജനറൽ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect/Challan മുഖേന അടക്കാവുന്നതാണ്. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ബയോഡേറ്റ, വയസ് തെളിയിക്കുന്ന സിർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്/ എം.എസ്.സി നഴ്സിംഗ്/ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, സംവരണാനുകൂല്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഏപ്രിൽ 25 നകം സമർപ്പിക്കണം
പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഏപ്രിൽ 27ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പ്രവേശന ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം.
ഇന്റേൺഷിപ്പ്
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുമുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും www.dme.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: [email protected] .
താൽക്കാലിക ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.
വർക്കിംഗ് പ്രൊഫഷണൽ കോഴ്സ് : അപേക്ഷ ക്ഷണിച്ചു
സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 3 /2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്സി ബിരുദം നേടിയവരായിരിക്കണം. അവസാന തീയതി മെയ് 22. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താല്പര്യമുള്ളവരും പരീക്ഷ എഴുതേണ്ടതാണ്. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 10 മുതൽ മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.
സ്നേഹപൂർവ്വം പദ്ധതി : അപേക്ഷ തീയതി നീട്ടി
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവ്വം പദ്ധതി 2024-25 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക് : http://kssm.ikm.in . 30 ന് ശേഷം തീയതി നീട്ടി നൽകില്ല.
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അറവ് മാലിന്യം ശാസ്ത്രിയമായി സംസ്ക്കരിക്കാനും അറവ് കേന്ദ്രീകൃതമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്തെ അറവും ലൈസൻസ് ഇല്ലാത്ത സ്റ്റാളുകളും ബദൽ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം. കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. ഹരിതകർമ്മ സേന ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കണം. അജൈവ മാലിന്യ സംസ്ക്കരണവും ശക്തിപ്പെടുത്തണം.
എയർപോർട്ട് പരിസര പ്രദേശം മുഴുവൻ സമ്പൂണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണം. അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണം. ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കണം. റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീഅയൽകൂട്ടം, സാമൂഹ്യ, സമുദായിക, സാംസ്കാരിക സംഘടനകളുടെ യോഗം വിളിച്ച് പക്ഷി ശല്യം ഉണ്ടാക്കുന്ന അപകടാവസ്ഥയെക്കുറിച്ചും മാലിന്യ സംസ്ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കണം. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങളൊക്കെ നടത്തേണ്ടത്. വിമാനത്താവള മാനേജ്മെന്റെ പ്രതിനിധി, കോർപ്പറേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. മാതൃകാപരമായ ഭൂപ്രദേശമാക്കി എയർപോർട്ട് പരിസരത്തെ മാറ്റാനുള്ള നടപടികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ എ ജയതിലക്, കെ ആർ ജ്യോതിലാൽ, തദ്ദേശ സ്വയം ഭരണ സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവർ സംസാരിച്ചു.
സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം
സംസ്ഥാന സർക്കാർ പെൻഷൻകാരിൽ 12,00,000 രൂപയ്ക്ക് മേൽ വാർഷിക വരുമാനത്തിന് സാധ്യതയുള്ളവരിൽ 2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് നാളിതുവരെ സമർപ്പിച്ചിട്ടില്ലാത്ത പെൻഷൻകാർ മെയ് 20 ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ സമർപ്പിക്കുകയോ [email protected] എന്ന മെയിൽ ഐഡിയിൽ പ്രസ്തുത സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in/ പെൻഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്ത് നൽകുകയോ ചെയ്യണം.