യേശുവിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മ പുതുക്കി ഈസ്റ്റർ . ഏത് പീഡനസഹനത്തിനു ശേഷവും പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റർ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്.തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നമുക്കു നൽകുന്ന രണ്ടു സുപ്രധാന പാഠങ്ങൾ.
രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാ സഹപൗരന്മാർക്കും ഈസ്റ്ററിൻ്റെ പൂർവസായാഹ്നത്തിൽ ആശംസകൾ നേർന്നു. സന്ദേശത്തിൽ രാഷ്ട്രപതി ഇപ്രകാരം പറഞ്ഞു:
“ഈസ്റ്റർ ദിനത്തിൽ, എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ക്രിസ്ത്യൻ സമൂഹത്തിന് എന്റെ ആശംസകളും മംഗളങ്ങളും നേരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന വിശുദ്ധ ഈസ്റ്റർ ഉത്സവം, നിസ്വാർത്ഥ സ്നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം നൽകുന്നു. യേശുക്രിസ്തുവിന്റെ ത്യാഗം നമ്മെ ത്യാഗത്തിന്റെയും ക്ഷമയുടെയും മൂല്യം പഠിപ്പിക്കുന്നു. സത്യം, നീതി, കാരുണ്യം എന്നിവയുടെ പാത പിന്തുടരാൻ അദ്ദേഹത്തിന്റെ ജീവിതം മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നു. ഈ സന്തോഷകരമായ അവസരത്തിൽ, നമുക്ക് അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങൾ സ്വീകരിക്കാം, സമൂഹത്തിൽ സമാധാനവും സമൃദ്ധിയും വളർത്താം”.
ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റർ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നൽകുമെന്നും ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിർത്താൻ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ഈസ്റ്റർ ആഘോഷങ്ങൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.