തപാൽ ഓഫീസുകളെന്നാൽ ഇപ്പോൾ പോസ്റ്റ് കാർഡുകളും സ്റ്റാമ്പുകളും മാത്രമല്ലെന്നും പേയ്‌മെന്റ് ബാങ്കുകൾ, സേവിംഗ്‌സ് ബാങ്കുകൾ, ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ എന്നിവയും കൂടിയായി അവ വികസിച്ചിരിക്കുകയാണെന്നും കേന്ദ്ര ഗ്രാമവികസന, കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി. പുതുതായി നിർമ്മിച്ച വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോണുകളുടെ യുഗത്തിൽ തപാൽ വകുപ്പ് തകർച്ച നേരിടുന്ന സാഹചര്യത്തിലും, പോസ്റ്റ് ഓഫീസുകളെ എങ്ങനെ പുതിയ രൂപത്തിലേക്ക് മാറ്റാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
തപാൽ വകുപ്പിനെ ഒരു ആഗോള ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ആശയത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നു പോലും പോസ്റ്റ് ഓഫീസുകൾ വഴി അത് തടസ്സമില്ലാതെ ചെയ്യാൻ കഴിയുമെന്ന് ഡോ. പെമ്മസാനി പറഞ്ഞു. മറ്റേതൊരു സ്വകാര്യ സ്ഥാപനത്തെയും പോലെ, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ഇപ്പോൾ ഒരു സിടിഒ, അഥവാ ചീഫ് ടെക്നോളജി ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സർവേ നടത്താൻ തപാൽ വകുപ്പ് പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്രസഹമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി, തപാൽ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ 30 ലക്ഷത്തിലധികം വീടുകൾ സന്ദർശിക്കുകയും, ഓരോ കുടുംബത്തിനുമുള്ള സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് നേരിട്ട് വിശദീകരിക്കുകയും ചെയ്യും. ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ 100-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി തപാൽ വകുപ്പ് ഉടൻ ഒരു സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങിൽ, ഡോ. പെമ്മസാനി പുതിയ വർക്കല സബ് പോസ്റ്റ് ഓഫീസ് കെട്ടിടം രാഷ്ട്രത്തിന് സമർപ്പിക്കുകയും പുതിയ കെട്ടിടത്തിലെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. അനാച്ഛാദനത്തിന് ശേഷം മന്ത്രി ഓഫീസ് കെട്ടിടം സന്ദർശിച്ചു വിലയിരുത്തി. സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺസ് സേവിംഗ്സ് അക്കൗണ്ട്, തപാൽ വകുപ്പിന്റെ മറ്റ് പദ്ധതികൾ എന്നിവയുടെ പാസ്ബുക്കുകളും കേന്ദ്രമന്ത്രി ഉപഭോക്താക്കൾക്ക് കൈമാറി.
മുൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ലോക്‌സഭാ എംപി അഡ്വ. അടൂർ പ്രകാശ്, വർക്കല എംഎൽഎ അഡ്വ. വി ജോയ്, കൗൺസിലർ വി നിതിൻ നായർ, വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ എം ലാജി എന്നിവർ ആശംസ അർപ്പിച്ചു. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ജെ ടി വെങ്കിടേശ്വരലു ഐപിഒഎസ്, ടിവിഎം നോർത്ത് ഡിവിഷൻ എസ്എസ്പിഒ രാഹുൽ ആർ ഐപിഒഎസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.