മാതൃശിശു സംരക്ഷണം: അറിവ് പകര്‍ന്ന്  ആരോഗ്യവകുപ്പ് സെമിനാര്‍

ഗര്‍ഭകാലഘട്ടത്തിലെ പരിരക്ഷയും കരുതലും ചര്‍ച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാര്‍. ശബരിമല ഇടത്താവളത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പ്  സംഘടിപ്പിച്ച ‘മാതൃ -ശിശു സംരക്ഷണം  നൂതന പ്രവണതകള്‍’ സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി ഉദ്ഘാടനം ചെയ്തു.

മാതൃശിശു മരണ നിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കണം. കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പ് കൃത്യസമയത്ത് നല്‍കണം. ഗര്‍ഭകാലഘട്ടത്തിലും പ്രസവസമയത്തും ആരോഗ്യം സംരക്ഷിക്കണമെന്നും  മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

‘മാതൃ – ശിശു സംരക്ഷണം കേരളത്തില്‍ വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും’ വിഷയത്തില്‍ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എസ് ചിന്ത  ക്ലാസ് അവതരിപ്പിച്ചു. ‘അമ്മയുടെ ആരോഗ്യ സംരക്ഷണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും’ വിഷയത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍റ്റന്റ്  എസ് ഡോ. അശ്വതി പ്രസാദും ‘കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും’ വിഷയത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. അഞ്ജു ആന്‍ ജോര്‍ജും ക്ലാസ് നയിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ മോഡറേറ്ററായി.  എം സി എച്ച് ഓഫീസര്‍ ഷീജത്ത് ബീവി, ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

‘പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷി’ പഠനമൊരുക്കി ഫിഷറീസ് വകുപ്പ്

പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷിയെ കുറിച്ച് പഠനമൊരുക്കി ഫിഷറീസ് വകുപ്പ്.  പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലാണ് ‘പരിസ്ഥിതി സൗഹൃദ മത്സ്യ കൃഷി മാതൃകകള്‍’ എന്ന വിഷയത്തില്‍ ഫിഷറീസ് വകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ. പി എസ് അനിത വിഷയം അവതരിപ്പിച്ചു.

ജില്ലയില്‍ മത്സ്യകൃഷി ഉത്പാദന വ്യവസായത്തില്‍ പുളിക്കീഴാണ് ഒന്നാമത്. പരമ്പരാഗത, ഊര്‍ജിത- അര്‍ധ ഊര്‍ജിത, സംയോജിത, ഏക-ബഹു വര്‍ഗ, സമ്മിശ്ര മത്സ്യകൃഷികളെ  സെമിനാറില്‍ പരിചയപ്പെടുത്തി. മത്സ്യത്തിന്റെ ആഹാരം, വളര്‍ത്തേണ്ട രീതി , ഗുണം,  ,വളര്‍ച്ചയുടെ ഘട്ടം എന്നിവ വിശദീകരിച്ചു . പ്രകൃതി സൗഹൃദ മത്സ്യകൃഷിയില്‍  കൃത്രിമ ഇടപെടല്‍ ആവശ്യമായതിനാല്‍ മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണം കുറയ്ക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യണം. പാരിസ്ഥിതിക നേട്ടത്തിന് പുറമേ സംയോജിത കൃഷിയായ നെല്‍-മത്സ്യകൃഷി കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭം നല്‍കുന്നു.

മാനുഷിക ഇടപെടല്‍, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലം മത്സ്യഅളവ് കുറയുന്നു. മത്സ്യസമ്പത്ത് വര്‍ധിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമാണ്. കൃഷി പ്രോത്സാഹനത്തിലൂടെ പോഷകസുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകുമെന്നും ഫിഷറീസ് ഓഫീസര്‍ പറഞ്ഞു. സെമിനാറില്‍ പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവും അവതരിപ്പിച്ചു. തുടര്‍ന്ന് സംശയ ദുരീകരണവും ചോദ്യത്തര വിജയികള്‍ക്ക് സമ്മാനവും നല്‍കി.

സാങ്കേതികവിദ്യ പകര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം  പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധേയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാള്‍. നിര്‍മിതബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടാം. ‘ആള്‍ ഫോര്‍ കോമണ്‍ പീപ്പിള്‍’ എന്ന ആശയമാണ് പവലിയന്റേത്.

അത്യാധുനിക സാങ്കേതികവിദ്യ നേരിട്ടറിയുന്ന എക്സ്പീരിയന്‍സ് സെന്ററുകളായാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോണ്‍, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയമാണ്.
കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തില്‍ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കും. ഭാവിയിലെ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുകയാണ് ലക്ഷ്യം.

ശബ്ദത്തിലൂടെ വീഡിയോ നിര്‍മാണം,  പുതുതലമുറ വാക്കുകളുടെ വിശകലനം, ഗെയിമുകള്‍, ബെന്‍ എന്ന റോബോട്ടിക് നായ, രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എഐ റോബോട്ടിക് ടീച്ചറായ ഐറിസ്, മിനിബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചര്‍, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയവ പരിചയപ്പെടാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരാനും സംശയദൂരികരണത്തിനും  സംവിധാനമുണ്ട്.

ഡിജിറ്റലായി കൃഷിയിടം; പുത്തന്‍ താരമായി ഡ്രോണ്‍

ഡിജിറ്റല്‍ മേഖലയിലെ പുത്തന്‍ താരമായ ഡ്രോണുകളുടെ സാധ്യത പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കൃഷി വകുപ്പ് സ്റ്റാള്‍.  ചെലവ് കുറഞ്ഞ രീതിയില്‍  കര്‍ഷകര്‍ക്ക് വളപ്രയോഗം സാധ്യമാക്കുന്ന ഡിജിറ്റല്‍ കൃഷിരീതിയാണ് പ്രദര്‍ശിപ്പിക്കുന്നത്.

നെല്‍ചെടി കൊണ്ട് സുന്ദരമായ പാടം അതിനു നടുവില്‍ ഡ്രോണും.  കാണികളെ ആകര്‍ഷിക്കുന്ന തരത്തില്‍ തല്‍സമയ വിശദീകരണമാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്.  നിമിഷനേരം കൊണ്ട് ഒരേക്കര്‍ പാടത്ത് വളപ്രയോഗം നടത്താന്‍ ഡ്രോണിനാകും.

കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ വിളകളുടെ വളര്‍ച്ചയും  ഉല്‍പാദനവും നിരീക്ഷിക്കുന്നതിനും സഹായകമാണ്. വിളകളിലെ കീടനിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരം ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടറുടെ സേവനവുമാണ് മറ്റൊരാകര്‍ഷണം.

കേരള ഗ്രോ, മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സേവനം ഒരു കുടക്കീഴില്‍ ലഭിക്കുന്ന കതിര്‍ ആപ്പ് രജിസ്‌ട്രേഷന്റെ ഹെല്‍പ് ഡെസ്‌ക്കും തുടങ്ങിയവയുണ്ട്. ഒപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ ആഗോള സംവിധാനത്തില്‍ കാര്‍ഷിക വിപ്ലവമാകാന്‍ തലസ്ഥാനത്ത് ഉയരുന്ന കാബ്കോയുടെ മോഡല്‍ മിനിയേച്ചറും  ഒരുക്കിയിട്ടുണ്ട്.

സൗജന്യ സേവനം ഒരുക്കി അക്ഷയ

സൗജന്യമായി ആധാര്‍ പുതുക്കണോ? എങ്കില്‍  എന്റെ കേരളം മേളയിലേക്ക് പോന്നോളൂ. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ അക്ഷയ സ്റ്റാളിലൂടെ നിരവധി ഓണ്‍ലൈന്‍ സേവനം  പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്നു. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ്  അക്ഷയ ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്.

ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, പുതുക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, ഇ-ഡിസ്ട്രിക്ട് സംബന്ധിച്ച സൗജന്യ സേവനം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന നല്‍കുന്നത്.

കൂടാതെ വ്യക്തിഗത രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിലോക്കര്‍ സംവിധാനവും സ്റ്റാളിലുണ്ട്. ആധാര്‍ കാര്‍ഡുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം ഉപയോഗപ്പെടുത്താം. പ്രദര്‍ശന-വിപണന മേളയ്‌ക്കെത്തുന്ന നിരവധി സന്ദര്‍ശകരാണ് ഹെല്‍പ് ഡെസ്‌കില്‍ നിന്ന് വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

എല്ലാ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയദുരീകരണവും സ്റ്റാളില്‍ ലഭിക്കും. സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെഫൈ പൊതുജനങ്ങള്‍ക്ക് പരിചയപെടുത്തുന്നതിനായി ഐ.ടി സ്റ്റാള്‍ പവിലിയന്‍ പരിസരത്തു വൈഫൈ സൗകര്യവുമുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് രെ ഹെല്‍പ്‌ഡെസ്‌കിന്റെ സേവനം ലഭ്യമാകും.

 

നോര്‍ക്ക വകുപ്പ് സ്റ്റാളുകളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്  നടക്കുന്ന എന്റെ കേരളം ജില്ലാ പ്രദര്‍ശന വിപണന മേളയില്‍ നോര്‍ക്ക വകുപ്പിന്റെ സ്റ്റാളുകളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിച്ചു.

ശബരിമല ഇടത്താവളത്തില്‍ മെയ് 22 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ നോര്‍ക്കവകുപ്പിന്  കീഴിലെ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി  കേരളീയ ക്ഷേമ ബോര്‍ഡ്, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകളുകളാണ് ഒരുക്കിയിട്ടുള്ളത്. നോര്‍ക്ക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ സേവനം പ്രദര്‍ശന ഹാളിലെ 34 മുതല്‍ 36 വരെയുള്ള സ്റ്റാളുകളില്‍ ലഭ്യമാണ്.

സ്റ്റാളില്‍ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശിക നിവാരണത്തിനുള്ള സൗകര്യമുണ്ട്. അംശാദായം അടക്കേണ്ടവര്‍ക്ക് അതിനുള്ള അവസരവും മുടങ്ങിയവര്‍ക്ക്  കുറഞ്ഞ പലിശ നിരക്കില്‍  പുനഃസ്ഥാപിക്കാനും  കഴിയും. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് സ്റ്റാളിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ്  നേരിട്ട് നല്‍കാം. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട്  സംശയനിവാരണത്തിനുള്ള അവസരവും  സ്റ്റാളിലുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അവസരം പ്രയോജനപ്പെടുത്താം.

കാണികളെ ആകര്‍ഷിച്ച്  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റാള്‍

പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ മേളയില്‍ കാണികളെ ആകര്‍ഷിച്ച്  ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റാള്‍. അഗ്‌നിബാധ, പ്രകൃതിദുരന്തം, വാഹനാപകടം തുടങ്ങിയവ നേരിടാനും സുരക്ഷാ മുന്‍കരുതലും പ്രഥമ ശുശ്രൂഷയും  അറിയാനും  സ്റ്റാളില്‍ അവസരമുണ്ട്.

സ്റ്റാളിലെ മറ്റൊരാകര്‍ഷണമാണ് ബര്‍മ പാലം. പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍  താല്‍ക്കാലികമായി നിര്‍മിക്കുന്നതാണു ബര്‍മ പാലം.

അപകടത്തില്‍ അകപ്പെടുന്ന വാഹനങ്ങള്‍ ഉയര്‍ത്തുന്ന ന്യൂമാറ്റിക് എയര്‍ബാഗ്,  വാഹനം പൊളിച്ച് യാത്രക്കാരെ പുറത്തെടുക്കാന്‍ വിവിധതരം കട്ടറുകള്‍,  അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ പരുക്ക് ഗുരുതരമാകാതിരിക്കാന്‍ നല്‍കുന്ന നെക്ക് ബാന്‍ഡ് പോലുള്ള സഹായ ഉപകരണം, വിവിധതരം ഫയര്‍ സ്യൂട്ടുകള്‍, സ്‌കൂബ ഡൈവിംഗ് സ്യൂട്ടും സിലിന്‍ഡറും, വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന അപകട സൂചന അലാറം, കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന ഫയര്‍ സേഫ്റ്റി സിസ്റ്റം, വിവിധതരം അഗ്‌നിശമന യന്ത്രം, ഫയര്‍ ബോള്‍, ഹീറ്റ് സ്‌മോക്ക് ഡിക്ടേറ്ററുകള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. വിവിധ ഘട്ടത്തില്‍ സേന ഉപയോഗിക്കുന്ന യൂണിഫോം അണിഞ്ഞ രൂപങ്ങളും കൗതുകത്തോടെയാണ് കാണികള്‍ വീക്ഷിക്കുന്നത്.

 

വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് സ്‌കൂള്‍ വിപണി സ്റ്റാള്‍

സ്‌കൂള്‍ തുറക്കാറായില്ലേ, കുട്ടികള്‍ക്ക് ആവശ്യമുളള പഠനോപകരണങ്ങള്‍ വാങ്ങിയോ? വിപണിയിലെ വില പ്രശ്‌നമാണോ. വിഷമിക്കണ്ട, വിലക്കുറവില്‍ പഠനോപകരണം വാങ്ങാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം മേളയിലെ കണ്‍സ്യൂമര്‍ ഫെഡ്.

 

സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്  ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണി  സ്റ്റാള്‍ ജനശ്രദ്ധ നേടി.

മേളയിലെ സന്ദര്‍ശകര്‍ ഇരട്ടി സന്തോഷത്തിലുമായി. വിലക്കുറവില്‍ സാധനവും വാങ്ങാം, മക്കളോടൊത്ത് കാഴ്ച കണ്ട് യാത്രയും ചെയ്യാം. അതും കയ്യിലൊതുങ്ങുന്ന ബജറ്റില്‍.
ബുക്ക്, ബാഗ്, പേന, പേപ്പര്‍, കുട, സ്‌കെയില്‍, സ്‌കൂള്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ തുടങ്ങി കുട്ടികള്‍ക്ക് വേണ്ടതെല്ലാം പൊതു വിപണിയെ അപേക്ഷിച്ച് വിലക്കുറവില്‍ ഒരു കുടകീഴില്‍ ലഭ്യമാണെന്നതാണ് സ്റ്റാളിന്റെ പ്രത്യേകത. വമ്പന്‍ വിലക്കുറവിന് പുറമേ ഗുണമേന്മയുള്ള ഉല്‍പ്പന്നവും വിപണിയിലെത്തിച്ച  കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍  വന്‍തിരക്കാണ്.

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍  ( മേയ് 18,  ഞായര്‍)

രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ – സാമൂഹിക നീതി വകുപ്പ് – ഭിന്നശേഷി കുട്ടിക
ളുടെ ‘റിഥം’ പ്രതിഭ സംഗമം.

വൈകിട്ട് 06.30 : മജീഷ്യന്‍ സമ്രാജിന്റെ  ‘സൈക്കോ മിറാക്കുള മാജിക് ഷോ’

 സിനിമ (മേയ് 18 ഞായര്‍)

രാവിലെ 10.00- നിര്‍മാല്യം
ഉച്ചയ്ക്ക് 01.00-വൈശാലി
വൈകിട്ട് 4.00 -പെരുന്തച്ചന്‍
രാത്രി 7.00- രുഗ്മിണി