പരിമിതി മറന്ന്, പരിധികളില്ലാതെ പറന്നുയര്‍ന്ന് ”അനുയാത്ര റിഥം” സംഘം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ചത് നിറവര്‍ണത്തില്‍ വിരിഞ്ഞ ഭിന്നശേഷി കലോത്സവം. ആട്ടവും പാട്ടുമായി കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട്സ് ട്രൂപ്പ് അനുയാത്ര കലാകാരന്മാര് വേദിയില്‍ റിഥമേകി. ഇല്ലുമിനാറ്റിയും രംഗണ്ണനും കട്ടപ്പനയിലെ ഋത്വിക് റോഷനും അരങ്ങില്‍ എത്തിയപ്പോള്‍ കയ്യടിയുടെ പൊടിപൂരം. സര്‍ഗവാസനയുള്ളവര്‍ക്ക് കലാപ്രകടനത്തിന് ശാരീരിക പരിമിതി തടസമല്ലെന്ന് തെളിയിച്ച് ‘അനുയാത്ര റിഥ’ത്തിന്റെ കലോത്സവം മേളയേയും ആവേശത്തിലാക്കി.
രാഷ്ട്രീയ നേതാക്കളായ വി സ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും ഇഷ്ടതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നസീറും ജയനും മധുവും തുടങ്ങി നിരവധി ‘പ്രകടന’വമായി എല്‍ദോ കുര്യക്കോസ് വേദി കീഴടക്കി. നിറപുഞ്ചിരിയോടെ ശങ്കരാ… എന്നു തുടങ്ങുന്ന ഗാനം അനുവിന്ദ് സുരേന്ദ്രനും വാതാപി ഗണപതിയിലൂടെ പൂജ രമേശും ഓളം തീര്‍ത്തു. കാഴ്ചപരിമിതി കഴിവിനെ ബാധിക്കില്ലെന്ന് തെളിയിച്ചു ലൂസിഫറിലെ ‘റഫ്താര’ പാടി വിഷ്ണുപ്രിയയും ‘എന്നടി രാക്കമ്മ’യിലൂടെ അമല്‍ രാജും കാണികളെ കയ്യിലെടുത്തു. കലാകാരന്മാരുടെ ഒരുമിച്ചുള്ള നൃത്തപ്രകടനം അരങ്ങിനെ ആരവത്തിലാക്കി.
‘ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്’ പദ്ധതി വഴി സ്ക്രീനിംഗ് നടത്തി തിരഞ്ഞെടുത്ത വിവിധ ജില്ലകളില്‍ നിന്നുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാരാണ് കലാ വിരുന്നൊരുക്കിയത്.
ഭിന്നശേഷി മേഖലയില്‍ ആവശ്യമായ ഇടപെടല്‍ സാധ്യമാക്കുന്നതിന് വിവിധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സാമൂഹിക കലാപരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷംല ബീഗം പറഞ്ഞു.