പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജസ്ഥാനി‌ലെ ബീക്കാനേറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ 26,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുത്തതായി പ്രധാനമന്ത്രി പറഞ്ഞു.

രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി 103 അമൃതഭാരത സ്റ്റേഷനുകൾ രാഷ്ട്രത്തിനു സമർപ്പിച്ചു. കേരളത്തിലെ വടകര, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളും ഈ നവീകരണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

വടകര റെയിൽവേ സ്റ്റേഷൻ: പരമ്പരാഗത ചാരുതയുള്ള ആധുനിക യാത്രാകേന്ദ്രം

നവീകരിച്ച വടകര റെയിൽവേ സ്റ്റേഷന്റെ ഇന്നു നടന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായി.

പ്രതിദിനം 20,000-ത്തിലധികം യാത്രക്കാർക്കു സേവനമേകുന്ന വടകര സ്റ്റേഷൻ, അമൃതഭാരത സ്റ്റേഷൻ പദ്ധതിയുടെ (ABSS) ഭാഗമായി 29.47 കോടി രൂപ ചെലവിൽ സമഗ്രമായി നവീകരിച്ചു. ശീതികരിച്ചതും അല്ലാത്തതുമായ നവീകരിച്ച കാത്തിരിപ്പു മുറികൾ, വിശ്രമമുറികൾ, ആധുനിക ബുക്കിങ്-ടിക്കറ്റ് നൽകൽ ഓഫീസുകൾ, സ്വയംപ്രവർത്തിക്കുന്ന ടിക്കറ്റ് യന്ത്രങ്ങൾ, കാഴ്ചക്കുറവുള്ളവർക്കു പ്രവേശനത്തിനു സഹായകമായ ടാക്റ്റൈൽ നടപ്പാതകൾ, പുതിയ എസ്കലേറ്റർ, 7800 ചതുരശ്ര മീറ്റർ വീതിയുള്ള പാർക്കിങ് സൗകര്യം തുടങ്ങിയവ ആധുനികവൽക്കരിച്ച വടകര സ്റ്റേഷന്റെ ഭാഗമായി. പ്ലാറ്റ്‌ഫോമുകൾ പുനർനിർമിക്കുകയും മാനദണ്ഡങ്ങൾ പാലിച്ച് ഉയർത്തുകയും ചെയ്തു. പുതിയ എട്ടു​ പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, 200 പൗഡർ-കോട്ടഡ് ബെഞ്ചുകൾ, നവീകരിച്ച സ്റ്റേഷൻ സർക്കുലേഷൻ ഏരിയ എന്നി​വയും സജ്ജമാക്കിയിട്ടുണ്ട്. ദൃശ്യഭംഗിക്കായി ചുവർചിത്രങ്ങൾ, മുൻഭാഗത്തിന്റെ നവീകരണം, ലംബമായി നിലകൊള്ളുന്ന ഉദ്യാനങ്ങൾ, നവീകരിച്ച കുളം ഉൾപ്പെടെയുള്ള ആകർഷകമായ സസ്യശ്യാമളമേഖലകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ സംസാരിച്ച ശ്രീ ജോർജ് കുര്യൻ, കേരളത്തിൽ 56 റെയിൽവേ മേൽപ്പാലങ്ങളും അടിപ്പാതകളും നിർമിക്കുമെന്നും ഇതിന്റെ ചെലവു പൂർണമായും കേന്ദ്രഗവണ്മെന്റ് വഹിക്കുമെന്നും പ്രഖ്യാപിച്ചു, സംസ്ഥാനത്തെ 493 കിലോമീറ്റർ റെയിൽപ്പാതയിൽ മുഴുവൻ വൈദ്യുതവൽക്കരണം പൂർത്തിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആവശ്യപ്രകാരം കൂടുതൽ ട്രെയിൻ സർവീസുകളും പുതിയ വന്ദേ ഭാരത് പാതകളും ആലോചനയിൽ ഉള്ളതായി അദ്ദേഹം അറിയിച്ചു. നിലവിലുള്ള ഗവണ്മെന്റിന്റെ വികസനപ്രവർത്തനം ജനങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷൻ പുനർവികസനം കാര്യക്ഷമമായി നടപ്പാക്കിയതിനു റെയിൽവേ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. നവീകരിച്ച സൗകര്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. വടകര അമൃതഭാരതസ്റ്റേഷന്റെ ഉദ്ഘാടനഫലകം ശ്രീ ജോർജ് കുര്യൻ അനാച്ഛാദനം ചെയ്തു. ലോക്‌സഭാംഗം ഷാഫി പറമ്പിൽ, രാജ്യസഭാംഗം P T ഉഷ, വടകര MLA K K രമ, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ A K ചതുർവേദി എന്നിവർ പങ്കെടുത്തു.

​ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ: തെക്കൻ കേരളത്തിലെ അത്യാധുനിക ഗതാഗതകേന്ദ്രം

തിരുവനന്തപുരത്തെ ചിറയിൻകീഴിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര വിനോദസഞ്ചാര-പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിൽ ഈ ദിനം പുതിയ അധ്യായം കുറിക്കുന്നുവെന്നു ചടങ്ങിനെ അഭിസംബോധന ചെയ്ത മന്ത്രി പറഞ്ഞു. ഇതു ദിവസവും സ്റ്റേഷൻ ഉപയോഗിക്കുന്ന ആയിരക്കണക്കിനു യാത്രക്കാരുടെ അനുഭവത്തെ പുനർനിർവചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെയും റെയിൽവേ മന്ത്രിയുടെയും സഹായത്തോടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വികസനപദ്ധതികൾ യാഥാർഥ്യമാക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പുനൽകി. റെയിൽ മേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഏകപ്രതിവിധി റെയിൽപ്പാത ഇരട്ടിപ്പിക്കലാണെന്നും അദ്ദേഹം പരാമർശിച്ചു. സംസ്ഥാനം ആവശ്യമായ ഭൂമി ഏറ്റെടുത്തു കൈമാറിയാൽ പ്രധാനമന്ത്രി ഈ പദ്ധതി നയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചിറയിൻകീഴ് സ്റ്റേഷൻ 7.036 കോടി രൂപ ചെലവിലാണു പുനർനിർമിച്ചത്. നിലവിൽ മെച്ചപ്പെട്ട കാത്തിരിപ്പു കേന്ദ്രങ്ങൾ, നവീകരിച്ച ഷെൽട്ടറുകൾ, മെച്ചപ്പെട്ട പൊതു വിവര സംവിധാനങ്ങൾ, ദിവ്യാംഗർക്ക് അനുയോജ്യമായ സൗകര്യങ്ങൾ, യാത്രാനുഭവം മനോഹരമാക്കുന്ന പുതുതായി നിർമിച്ച ചാരുതയാർന്ന കമാനപാത എന്നിവയും ഇവിടെയുണ്ട്.

രാജ്യത്തിനായി സേവനമനുഷ്ഠിച്ച ധീരസൈനികർക്കു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ആദരമർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം കൈമാറി. അടൂർ പ്രകാശ് MP, V ശശി MLA എന്നിവർ പങ്കെടുത്തു.