നദികളിലെ മണൽ വാരാനുള്ള നടപടികൾക്കു തുടക്കമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്ത് 2 നദികളിലെ 20 കടവുകൾ. പമ്പ, അച്ചൻകോവിൽ നദികളിലെയാണ് 20 കടവുകളും. മണിമലയാറ്റിലെ കടവുകളുടെ കാര്യം തീരുമാനമായില്ല.
പത്തനംതിട്ട ഉൾപ്പെടെ 8 ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി)യുടെ പഠന റിപ്പോർട്ടിൽ പറയുന്നത്.
പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്.കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. എത്രയും വേഗം സർവേ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം.
കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിലെ ഏഴ് കടവുകളിൽനിന്ന് മണൽവാരാൻ തീരുമാനം. അച്ചൻകോവിലാറ്റിലെ കടവുകളിൽനിന്നാണ് മണൽ നീക്കുന്നത്. സംസ്ഥാനത്ത് 17 നദികളിൽനിന്ന് മണൽവാരാമെന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കടവുകൾ നിശ്ചയിച്ചിരിക്കുന്നത്.
നടുവത്ത്മൂഴി വനമേഖലയിലെ ഞണവാൽ കാവൽപുരയ്ക്കും മുകളിലായാണ് രണ്ട് കടവുകൾ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാമത്തേത് ഹാരിസൺ തോട്ടത്തിന് സമീപമായാണ്. അരുവാപ്പുലം പഞ്ചായത്ത് കടവ്, പറമ്പിനാട്ട് കടവ് എന്നീ പ്രദേശങ്ങളിലായാണ് ബാക്കിയുള്ള നാല് സ്ഥലങ്ങൾ വരുന്നത്.
വനമേഖലയിൽനിന്ന് മണൽ വാരുന്നതിന് വനംവകുപ്പിന്റെ അനുമതി വേണം. 10 വർഷം മുമ്പ് അരുവാപ്പുലം പഞ്ചായത്തിൽ വ്യാപകമായി മണൽവാരൽ നടന്നപ്പോഴും നിക്ഷിപ്ത വനഭൂമിയോട് ചേർന്നുള്ള കടവുകളെ ഒഴിവാക്കിയിരുന്നു .
അച്ചൻകോവിലാറ്റിൽ അടിഞ്ഞുകൂടിയിരിക്കുന്നത് കോടികളുടെ മണല്‍ ശേഖരമാണ് .ഇത് ലേലംവഴി വിൽക്കുന്നതോടെ റവന്യൂവകുപ്പിന് വൻ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അടൂർ ആർഡിഒയ്ക്കാണ് മണൽവാരൽ സംബന്ധിച്ചുള്ള ചുമതല. മുമ്പ് കോന്നി, പ്രമാടം, മലയാലപ്പുഴ പഞ്ചായത്തുകളുടെ പരിധിയിൽ മണൽവാരൽ ഉണ്ടായിരുന്നു. ഇത്തവണ അവയെല്ലാം ഒഴിവായിട്ടുണ്ട്. പരിസ്ഥിതി സമിതിയുടെ അനുമതിയ്ക്ക് ശേഷം ജില്ലാ കലക്ടർ നദികളുടെ കടവുകളുടെ അതിർത്തി നിശ്ചയിക്കുമ്പോൾ അച്ചൻകോവിൽ, പമ്പ, മണിമലയാർ തുടങ്ങിയ നദികളിൽ മുൻകാലത്ത് ഉണ്ടായിരുന്ന കടവുകൾ എല്ലാം തന്നെ പുന സ്ഥാപിക്കണമെന്ന് ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.