തന്റെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയെ ഉയർച്ചയുടെ അടുത്ത അധ്യായത്തിലേക്ക് എത്തിക്കുന്നതിനുള്ള കുതിപ്പിന്റെ വിക്ഷേപണത്തറയാക്കി ചെങ്കോട്ടയെ മാറ്റി. 79-ാം സ്വാതന്ത്ര്യദിനത്തിൽ, ഭാവിയിലേക്കുള്ള വെറുമൊരു ചുവടുവയ്പ്പിനല്ല, മറിച്ച് വലിയ കുതിപ്പിന് തയ്യാറായ ഒരു രാഷ്ട്രത്തെ സംബന്ധിച്ച നിരവധി ധീരമായ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി.

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് വികസിപ്പിക്കുന്നതു മുതൽ ജെറ്റ് എഞ്ചിനുകൾ നിർമിക്കുന്നതു വരെ, ആണവ ശക്തി പത്തിരട്ടിയാക്കി വികസിപ്പിക്കുന്നതു മുതൽ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ വരെ, അദ്ദേഹത്തിന്റെ സന്ദേശം അസന്ദിഗ്ധമായിരുന്നു: ഭാരതം സ്വന്തം വിധി സ്വയം നിർവചിക്കും, സ്വന്തം നിബന്ധനകൾ നിശ്ചയിക്കും, 2047 ഓടെ ഒരു വികസിത രാഷ്ട്രമായി മാറാൻ ലക്ഷ്യമിടും.

പ്രധാന പ്രഖ്യാപനങ്ങൾ:

1. സെമികണ്ടക്ടർ: നഷ്ടമായ ദശകങ്ങളിൽ നിന്ന് മിഷൻ മോഡിലേക്ക്

50-60 വർഷങ്ങൾക്ക് മുമ്പ് സെമികണ്ടക്ടർ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ “മുളയിലേ തന്നെ നശിപ്പിക്കപ്പെട്ടു”വെന്നും, അതേസമയം മറ്റ് രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിച്ചുവെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ത്യ ഇപ്പോൾ മിഷൻ മോഡിലേക്ക് മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഈ വർഷം അവസാനത്തോടെ, രാജ്യം അതിന്റെ ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് പുറത്തിറക്കും.

2. 2047 ആകുമ്പോഴേക്കും ഇന്ത്യയുടെ ആണവോർജ്ജ ശേഷി പത്തിരട്ടിയായി വർദ്ധിക്കും

അടുത്ത രണ്ട് ദശകത്തിനുള്ളിൽ ആണവോർജ്ജ ഉൽപാദന ശേഷി പത്തിരട്ടിയിലധികം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമായി 10 പുതിയ ആണവ റിയാക്ടറുകളുടെ പണി പുരോഗമിക്കുന്നു.

3. ജിഎസ്ടി പരിഷ്കാരങ്ങൾ- ഒരു ദീപാവലി സമ്മാനം

പുതിയ തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടും. ഇത് അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുകയും എംഎസ്എംഇകൾക്കും പ്രാദേശിക വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ആശ്വാസം നൽകുകയും ചെയ്യും.

4. ഭാരതത്തിനായി പരിഷ്കരണ ദൗത്യ സംഘം

പുതു തലമുറ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സമർപ്പിത പരിഷ്കരണ ദൗത്യ സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ചുവപ്പുനാടയുടെ തടസ്സങ്ങൾ ഒഴിവാക്കുക, ഭരണം നവീകരിക്കുക എന്നിവയാണ് ഇതിന്റെ കർത്തവ്യങ്ങൾ.

5. 1 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ പദ്ധതി

പുതുതായി ജോലിയിൽ പ്രവേശിച്ച യുവാക്കൾക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കുന്ന 1 ലക്ഷം കോടി രൂപയുടെ ഒരു തൊഴിൽ പദ്ധതി പ്രധാനമന്ത്രി മോദി ആരംഭിച്ചു. സ്വതന്ത്ര ഭാരതത്തിൽ നിന്ന് സമൃദ്ധ ഭാരതത്തിലേക്കുള്ള പാലം ശക്തിപ്പെടുത്തിക്കൊണ്ട് 3 കോടി യുവ ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

6. ശക്തമായ ജനസംഖ്യാ ദൗത്യം

അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും മൂലമുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഇത്തരം ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും, ഇന്ത്യയിലെ പൗരന്മാരുടെ ഐക്യം, സമഗ്രത, അവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഒരു ശക്തമായ ജനസംഖ്യാ ദൗത്യം ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

7. ഊർജ്ജ സ്വാതന്ത്ര്യം – സമുദ്ര മന്ഥൻ ആരംഭിക്കുന്നു

ഇന്ത്യയുടെ ബജറ്റിന്റെ വലിയൊരു പങ്ക് ഇപ്പോഴും പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സൗരോർജ്ജം, ഹൈഡ്രജൻ, ജലവൈദ്യുത പദ്ധതി, ആണവോർജ്ജം എന്നിവയുടെ വിപുലീകരണങ്ങൾക്കൊപ്പം, സമുദ്രവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി നാഷണൽ ഡീപ്പ് വാട്ടർ എക്സ്പ്ലോറേഷൻ മിഷൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

8. ഇന്ത്യയിൽ നിർമ്മിച്ച ജെറ്റ് എഞ്ചിനുകൾ – ഒരു ദേശീയ ലക്ഷ്യം

കോവിഡ് കാലത്ത് വാക്സിനുകളും, ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി യുപിഐയും നിർമ്മിച്ചതുപോലെ, നമ്മുടെ ജെറ്റ് എഞ്ചിനുകൾ നമ്മൾ തന്നെ നിർമ്മിക്കണമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. നമ്മുടെ ശാസ്ത്രജ്ഞരോടും യുവാക്കളോടും ഇത് ഒരു ലക്ഷ്യമായി ഏറ്റെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മനിർഭർ ഭാരത്’: കരുത്തുറ്റതും വികസിതവുമായ ഇന്ത്യയുടെ അടിസ്ഥാനം

വികസിത ഇന്ത്യയുടെ പ്രധാന അടിത്തറകളിലൊന്നാണ് ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. 79-ാം സ്വാതന്ത്ര്യദിനത്തിൽ, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം, ബഹിരാകാശം, ഉൽപ്പാദനം എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയു​ടെ പരാമർശം. ‘ഓപ്പറേഷൻ സിന്ദൂർ’ ഉദാഹരിച്ച്, ഭീഷണികൾ നേരിടുന്നതിൽ തന്ത്രപര​മായ സ്വയംഭരണവും തദ്ദേശീയ കഴിവുകളും നിർണായകമാണെന്നും, സ്വയംപര്യാപ്തതയാണു ദേശീയ ശക്തിയുടെയും അന്തസ്സിന്റെയും, 2047-ഓടെ വികസിത ഇന്ത്യയാകുന്നതിലേക്കുള്ള യാത്രയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

‘ആത്മനിർഭർ ഭാരത്’: പ്രധാനമന്ത്രി മോദിയുടെ പ്രധാന ആശയങ്ങൾ

1. പ്രതിരോധ സ്വയംപര്യാപ്തതയും ‘ഓപ്പറേഷൻ സിന്ദൂറും’: ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ ആവിഷ്കാരമായി ‘ഓപ്പറേഷൻ സിന്ദൂറി’നെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ കഴിവുകൾ ഇന്ത്യയെ നിർണായകമായും സ്വതന്ത്രമായും പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയ്ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

2. ജെറ്റ് എൻജിൻ സ്വയംപര്യാപ്തത: ഭാവിയിലെ പ്രതിരോധ സാങ്കേതികവിദ്യ പൂർണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണെന്നും സ്വയംപര്യാപ്തമാണെന്നും ഉറപ്പാക്കുന്നതിന്, ഇന്ത്യയിൽതന്നെ ജെറ്റ് എൻജിനുകൾ വികസിപ്പിക്കാൻ അദ്ദേഹം രാജ്യത്തെ നൂതനാശയ ഉപജ്ഞാതാക്കളോടും യുവാക്കളോടും അഭ്യർഥിച്ചു.

3. സെമിണ്ടക്ടർ-ഉന്നതസാങ്കേതികവിദ്യ നേതൃത്വം: 2025 അവസാനത്തോടെ രാജ്യം ഇന്ത്യൻനിർമിത സെമികണ്ടക്ടർ ചിപ്പുകൾ പുറത്തിറക്കും. ഇതു നിർണായക സാങ്കേതിക മേഖലകളിൽ രാജ്യത്തിന്റെ വളർന്നുവരുന്ന ശക്തി പ്രകടമാക്കും. ആഗോള മത്സരക്ഷമതയ്ക്കായി നിർമിതബുദ്ധി, സൈബർ സുരക്ഷ, ഡീപ്-ടെക്, ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ എന്നിവയിലെ നവീകരണത്തിന് അദ്ദേഹം പ്രാധാന്യമേകി.

4. ബഹിരാകാശ മേഖലയിലെ സ്വാതന്ത്ര്യം:

· ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ശ്രദ്ധേയ നേട്ടങ്ങൾ ഉദ്ഘോഷിച്ച്, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിനായുള്ള ഉത്കൃഷ്ടമായ പദ്ധതികൾ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇതു തദ്ദേശീയ ബഹിരാകാശശേഷികളുടെ നവയുഗത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

· ഉപഗ്രഹങ്ങൾ, പര്യവേക്ഷണം, അത്യാധുനിക ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയിൽ 300-ലധികം സ്റ്റാർട്ടപ്പുകൾ സജീവമായി നവീകരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം, ഇന്ത്യ ബഹിരാകാശശാസ്ത്രത്തിലും പര്യവേക്ഷണത്തിലും പങ്കെടുക്കുന്നുവെന്നു മാത്രമല്ല, ആഗോളതലത്തിൽ മുന്നിലാണെന്നും ഉറപ്പാക്കുന്നു.

5. സംശുദ്ധ-പുനരുപയോഗ ഊർജം

· യുവാക്കളുടെ ഭാവി ശോഭനമാക്കാനും കർഷകരുടെ ക്ഷേമത്തിനും ഊർജസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി മോദി ഊന്നൽ നൽകി.

· ലോകം ആഗോളതാപനത്തെക്കുറിച്ചു ചർച്ചചെയ്യുന്ന വേളയിൽ, 2030-ഓടെ 50% സംശുദ്ധ ഊർജമെന്ന നേട്ടത്തിൽ എത്തുമെന്ന് ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരുന്നുവെന്നും, ജനങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഫലമായി 2025-ഓടെ ആ ലക്ഷ്യം കൈവരിക്കാനായെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

· ഊർജസ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായി സൗര-ആണവ-ജലവൈദ്യുത-ഹൈഡ്രജൻ ഊർജമേഖലകളിൽ വലിയ പുരോഗതി കൈവരിച്ചു.

· സ്വകാര്യമേഖലാപങ്കാളിത്തത്തിലൂടെ ആണവോർജം വികസിപ്പിക്കുന്നതിലുള്ള ഇന്ത്യയുടെ ശ്രദ്ധ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. നിലവിൽ 10 പുതിയ ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ, രാഷ്ട്രം ആണവോർജശേഷി പത്തിരട്ടി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അതിലൂടെ ഊർജസ്വയംപര്യാപ്തതയും സുസ്ഥിര വളർച്ചയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

6. നിർണായക ധാതുകൾക്കായുള്ള ദേശീയ ദൗത്യം: ഊർജം, വ്യവസായം, പ്രതിരോധം എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കുന്നതിനായി, ഇന്ത്യ 1200 സ്ഥലങ്ങൾ പര്യവേക്ഷണംചെയ്ത് നിർണായക ധാതുക്കൾക്കായുള്ള ദേശീയ ദൗത്യം ആരംഭിച്ചു. ഈ ധാതുക്കളുടെ നിയന്ത്രണം തന്ത്രപരമായ സ്വയംഭരണത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വ്യാവസായിക-പ്രതിരോധ മേഖലകൾ സ്വയംപര്യാപ്തമായി നിലനിൽക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു.

7. ദേശീയ ആഴക്കടൽ പര്യവേക്ഷണ ദൗത്യം: ഇന്ത്യയുടെ ആഴക്കടൽ ഊർജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഊർജസ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയും വിദേശ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്യും.

8. കാർഷിക സ്വയംപര്യാപ്തതയും വളങ്ങളും: കർഷകരെ ശാക്തീകരിക്കുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനും ആഭ്യന്തരമായി വളങ്ങൾ ഉൽപ്പാദിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയ്ക്കു പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ കാർഷിക മേഖല സ്വതന്ത്രമായി അഭിവൃദ്ധി പ്രാപിക്കുന്നു. ഇതിലൂടെ കർഷകരുടെ ക്ഷേമം ഉറപ്പാക്കാനും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം ശക്തിപ്പെടുത്താനും കഴിയുന്നു.

9. ഡിജിറ്റൽ സ്വയംഭരണവും തദ്ദേശീയ പ്ലാറ്റ്‌ഫോമുകളും: ഇന്ത്യയുടെ സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാൻ പ്രധാനമന്ത്രി മോദി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇതിലൂടെ ആശയവിനിമയം, ഡേറ്റ, സാങ്കേതിക ആവാസവ്യവസ്ഥകൾ എന്നിവ സുരക്ഷിതവും സ്വതന്ത്രവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാനും ഇന്ത്യയുടെ ഡിജിറ്റൽ സ്വയംഭരണം ശക്തിപ്പെടുത്താനും കഴിയും.

10. ഔഷധങ്ങളിലും നവീകരണത്തിലും സ്വയംപര്യാപ്തത: “ലോകത്തിന്റെ ഔഷധശാല” എന്ന നിലയിൽ ഇന്ത്യയുടെ കരുത്തിനെ പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടുകയും ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു. “മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഏറ്റവും മികച്ചതും താങ്ങാനാകുന്നതുമായ മരുന്നുകൾ നൽകുന്നതു നമ്മളല്ലേ?” എന്ന് അദ്ദേഹം ആരാഞ്ഞു.

· ആഭ്യന്തര ഔഷധ നവീകരണത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തി അദ്ദേഹം എടുത്തുകാട്ടി. പുതിയ മരുന്നുകൾ, വാക്സിനുകൾ, ജീവൻ രക്ഷിക്കുന്ന ചികിത്സകൾ എന്നിവ പൂർണമായും ഇന്ത്യക്കുള്ളിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.

· കോവിഡ്-19 കാലത്ത് ഇന്ത്യയുടെ തദ്ദേശീയ വാക്സിനുകളും കോവിൻ പോലുള്ള പ്ലാറ്റ്‌ഫോമുകളും ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു ജീവൻ രക്ഷിച്ചെന്ന ഉദാഹരണം ചൂണ്ടിക്കാട്ടി, ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ഈ നവീകരണ മനോഭാവം വികസിപ്പിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.

· പുതിയ മരുന്നുകൾക്കും മെഡിക്കൽ സാങ്കേതികവിദ്യകൾക്കും പേറ്റന്റുകൾ നേടാൻ അദ്ദേഹം ഗവേഷകരോടും സംരംഭകരോടും ആഹ്വാനം ചെയ്തു. ഇതിലൂടെ ഇന്ത്യക്കു സ്വന്തം ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമല്ല, ആഗോള ക്ഷേമത്തിനു സംഭാവനയേകാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ സ്വയംപര്യാപ്തതയും നവീകരണവും കൈവരിക്കുന്ന കേന്ദ്രമായി ഇന്ത്യയെ ഉയർത്തിക്കൊണ്ടുവരാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

11. സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കൽ: “പ്രാദേശികതയ്ക്കായുള്ള ആഹ്വാന”ത്തിലൂ​ടെ ഇന്ത്യയിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്കു പിന്തുണ നൽകാൻ പ്രധാനമന്ത്രി മോദി പൗരന്മാരോടും കടയുടമകളോടും അഭ്യർഥിച്ചു. സ്വദേശിവൽക്കരണം അഭിമാനത്തിൽനിന്നും ശക്തിയിൽനിന്നുമാണ് ഉണ്ടാകേണ്ടതെന്നും നിർബന്ധത്താലാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക-വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും കടകൾക്കു മുന്നിൽ “സ്വദേശി” ബോർഡുകൾ സ്ഥാപിക്കുന്നതുപോലുള്ള പ്രകടമായ പ്രചാരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

12. സുദർശനചക്രദൗത്യം – പാരമ്പര്യത്തിന് ആദരം, പ്രതിരോധം ശക്തിപ്പെടുത്തൽ: ശത്രുക്കളുടെ പ്രതിരോധ നുഴഞ്ഞുകയറ്റങ്ങളെ നിർവീര്യമാക്കുന്നതും ഇന്ത്യയുടെ ആക്രമണശേഷി വർധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള “സുദർശനചക്രദൗത്യ”ത്തിന്റെ സമാരംഭം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

· ശ്രീകൃഷ്ണന്റെ സുദർശനചക്രവുമായി ഈ ദൗത്യത്തെ കൂട്ടിയിണക്കി, സമ്പന്നമായ സാംസ്കാരികവും പുരാണപരവുമായ പൈതൃകത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ആധുനിക പ്രതിരോധ കണ്ടുപിടിത്തങ്ങളെ ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു ഭീഷണിയിലും, വേഗത്തിലും കൃത്യമായും കരുത്തോടെയുമുള്ള പ്രതികരണങ്ങൾ ഉറപ്പാക്കി, തന്ത്രപരമായ സ്വയംഭരണത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഈ ദൗത്യം അടിവരയിടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം: പരിഷ്കരണം, സ്വയംപര്യാപ്തത, ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുക എന്നിവയ്ക്കുള്ള കാഴ്ചപ്പാട്

79-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെയും പരിവർത്തനത്തിൻ്റെയും യാത്രയെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യ പരിഷ്കരിക്കപ്പെടുകയും പരിശ്രമിക്കുകയും പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകാനുള്ള സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ട് ഓരോ ഇന്ത്യക്കാരനും വികസിത് ഭാരതം കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകാൻ കഴിയുന്ന ആധുനികവും, കാര്യക്ഷമവും, പൗര സൗഹൃദവുമായ വ്യവസ്ഥിതി സൃഷ്ടിക്കാൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

നിയമങ്ങളും നിയമപാലന നടപടികളും ലളിതമാക്കൽ

കഴിഞ്ഞ വർഷങ്ങളിൽ ഗവൺമെൻ്റ് ചരിത്രപരമായ നിരവധി പരിഷ്കരണ ങ്ങൾക്ക് തുടക്കം കുറിച്ചെന്നും 40,000-ത്തിലധികം അനാവശ്യ നിയമ നടപടികൾ, 1,500-ൽ അധികം കാലഹരണപ്പെട്ട നിയമങ്ങൾ എന്നിവ റദ്ദാക്കിയെന്നും പ്രസംഗത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. പൗരൻ്റെ താൽപ്പര്യങ്ങൾ മുൻനിർത്തി മറ്റ് നിരവധി നിയമങ്ങൾ പാർലമെൻ്റിലൂടെ ലളിതമാക്കി.

പാർലമെന്റിൻ്റെ ഈയിടെ നടന്ന സമ്മേളനത്തിൽ മാത്രം 280-ൽ അധികം വ്യവസ്ഥകൾ നീക്കം ചെയ്തത്, ഭരണത്തെ ഓരോ ഇന്ത്യക്കാരനും കൂടുതൽ ലളിതവും പ്രാപ്യവുമാക്കി. പരിഷ്കരണം സാമ്പത്തികപരമായ കാര്യം മാത്രമല്ല, പൗരന്മാരുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പ്രധാന നേട്ടങ്ങളിൽ അദ്ദേഹം എടുത്തുപറഞ്ഞവ:

* സുതാര്യവും കാര്യക്ഷമവുമാക്കിയ ആദായനികുതി പരിഷ്കരണവും മുഖം നോക്കാതെയുള്ള നികുതി നിർണയവും.

* വർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല, ഇത് ഏതാനും വർഷം മുൻപ് പലർക്കും ചിന്തിക്കാൻ പോലും കഴിയാതിരുന്ന നേട്ടമാണ്.

* ഇന്ത്യൻ നിയമത്തിലെ നീതിന്യായവും നിയമപരമായ നടപടികൾ ലളിതമാക്കുകയും കാലഹരണപ്പെട്ട ക്രിമിനൽ നിയമങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു.

ഈ പരിഷ്കരണങ്ങൾ ആധുനികവും, പൗരകേന്ദ്രീകൃതവുമായ ഗവൺമെൻ്റിനെയാണ് സൂചിപ്പിക്കുന്നത്, അവിടെ സാധാരണക്കാർക്ക് ആശ്വാസവും നീതിയും ശാക്തീകരണവും അനുഭവിക്കാൻ കഴിയും. ഭരണകൂടം ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, മറിച്ചല്ല എന്ന ഉറപ്പോടെ ഘടനാപരവും നിയന്ത്രണപരവും നയപരവും പ്രക്രിയാപരവുമായ പരിഷ്കരണങ്ങൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു.

സംരംഭകരെയും എം.എസ്.എം.ഇകളെയും ശാക്തീകരിക്കൽ

സ്റ്റാർട്ടപ്പുകൾക്കും, എം.എസ്.എം.ഇകൾക്കും, സംരംഭകർക്കും വേണ്ടിയുള്ള നിയമപരമായ ചെലവുകൾ കുറയ്ക്കുന്നതിനും കാലഹരണപ്പെട്ട നിയമവ്യവസ്ഥകളെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ഗവൺമെൻ്റിൻ്റെ പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നു. ഇത് ബിസിനസ് വളർച്ചയ്ക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും നൂതനാശയങ്ങളെയും സാമ്പത്തിക സ്വയംപര്യാപ്തതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പുതിയ തലമുറ പരിഷ്കരണങ്ങൾക്കും ദൗത്യ സേനയ്ക്കും വേണ്ടിയുള്ള പ്രഖ്യാപനം

സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വിലയിരുത്തുന്നത് ലക്ഷ്യമിട്ടുള്ള പുതിയ തലമുറ പരിഷ്കരണങ്ങൾക്കായി ഒരു ദൗത്യസേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ദൗത്യസേന (ടാസ്ക് ഫോഴ്സ്) ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇനിപ്പറയുന്ന കാര്യങ്ങൾക്കായി പ്രവർത്തിക്കും:

* സ്റ്റാർട്ടപ്പുകൾക്കും, എം.എസ്.എം.ഇകൾക്കും, സംരംഭകർക്കുമുള്ള നിയമപരമായ ചെലവുകൾ കുറയ്ക്കുക.

* ഏകപക്ഷീയമായ നിയമനടപടികളെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് സ്വതന്ത്രമാക്കുക.

* ബിസിനസ് ചെയ്യൽ ലളിതമാക്കുന്നതിനായി നിയമങ്ങൾ കാര്യക്ഷമമാക്കുക.

നൂതനാശയങ്ങൾ, സംരംഭകത്വം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് സഹായകമായ വ്യവസ്ഥിതി സൃഷ്ടിക്കാൻ ഈ പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നു.

പുതിയ തലമുറ ജി.എസ്.ടി പരിഷ്കരണങ്ങൾ

അടുത്ത ദീപാവലിയോടെ പുതിയ തലമുറ ജി.എസ്.ടി പരിഷ്കരണങ്ങൾ അവതരിപ്പിക്കുമെന്നും ഇത് നിത്യോപയോഗ സാധനങ്ങളുടെ നികുതിഭാരം കുറയ്ക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. “സാധാരണക്കാർക്ക് നികുതിഭാരം കുറയ്ക്കുന്ന പുതിയ തലമുറ ജി.എസ്.ടി പരിഷ്കരണങ്ങൾ ഗവൺമെൻ്റ് കൊണ്ടുവരും. ഇത് നിങ്ങൾക്കൊരു ദീപാവലി സമ്മാനമായിരിക്കും,” അദ്ദേഹം പറഞ്ഞു. ഈ പരിഷ്കരണങ്ങൾ പൗരന്മാർക്ക് നേരിട്ട് പ്രയോജനകരമാവുകയും സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഭാവിയിലേക്കുള്ള കാഴ്ചപ്പാട്

മറ്റുള്ളവരുടെ പരിമിതികളിൽ ശ്രദ്ധിക്കുന്നതിന് പകരം ഇന്ത്യ സ്വന്തം പുരോഗതിയുടെ പാത വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. സാമ്പത്തിക സ്വാർത്ഥതാല്പര്യം വർധിച്ചുവരുന്ന ഒരു ലോകത്ത് ഇന്ത്യയുടെ ശേഷികൾ ശക്തിപ്പെടുത്തുന്നതിലും അവസരങ്ങൾ വിപുലീകരിക്കുന്നതിലും പൗരന്മാരെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ പരിഷ്കരണങ്ങൾ ഭരണപരമായ പരിവർത്തനത്തിൻ്റെ ത്വരിതഗതിയിലുള്ള ഘട്ടത്തിൻ്റെ തുടക്കമാണ്, ഇത് ഇന്ത്യയെ കൂടുതൽ പ്രതിരോധശേഷിയുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കുമെന്ന് ഉറപ്പാക്കും.