കൊച്ചി, ആഗസ്റ്റ് 18, 2025: പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്.

 

ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക് വി 5ജി സേവനങ്ങള്‍ ലഭ്യമാകും. സേവനം തുടങ്ങുന്നതിന്‍റെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ വി അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫിനിഷന്‍ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അതിവേഗ ഡൗണ്‍ലോഡുകള്‍, റിയല്‍ടൈം ക്ലൗഡ് ആക്സസ് എന്നിവയും ആസ്വദിക്കാം.

 

കൊച്ചിയിലും തിരുവനന്തപുരത്തും കൂടി വി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ, കേരളത്തിലെ നാല് പ്രധാന നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കരുത്തുറ്റ 4ജി സേവനങ്ങള്‍ക്കൊപ്പം തങ്ങളുടെ നെക്സ്റ്റ്-ജെന്‍ 5ജി സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകളും മെച്ചപ്പെട്ട അനുഭവവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യം. വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കും 5ജി ഹാന്‍ഡ്സെറ്റ് ഉപയോഗം വര്‍ധിക്കുന്നതും അനുസരിച്ച് കേരളത്തിലുടനീളം 5ജി സേവനം വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി പറഞ്ഞു.

 

എറിക്സണുമായി സഹകരിച്ച് വി അത്യാധുനികവും ഊര്‍ജ്ജക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിച്ചു. നെറ്റ്വര്‍ക്ക് പ്രകടനം സ്വയം മെച്ചപ്പെടുത്തുന്നതിനായി എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ്-ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്കുകളും (എസ്ഒഎന്‍) വി നടപ്പിലാക്കിയിട്ടുണ്ട്.

 

5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട കവറേജും വേഗതയേറിയ ഡാറ്റാ സ്പീഡും മികച്ച ഉപയോക്തൃ അനുഭവവും ലഭ്യമാക്കുന്നതിനായി വി കേരളത്തിലെ 4ജി നെറ്റ്വര്‍ക്ക് ഗണ്യമായി നവീകരിച്ചു. കഴിഞ്ഞ നവംബറില്‍ ലക്ഷദ്വീപ് ദ്വീപുകളിലും വി 4ജി സേവനങ്ങള്‍ ആരംഭിച്ചു.

 

2024 മാര്‍ച്ച് മുതല്‍ ഇന്‍ഡോര്‍ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1400-ലധികം സൈറ്റുകളില്‍ 900 മെഗാഹെര്‍ട്സ് സ്പെക്ട്രം വിജയകരമായി വിന്യസിച്ചു. കൂടാതെ 4300 സൈറ്റുകളില്‍ 2100 മെഗാഹെര്‍ട്സ് സ്പെക്ട്രം വിന്യസിക്കുകയും ലെയര്‍ അഡീഷനിലൂടെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്പെക്ട്രം ബാന്‍ഡ്വിഡ്ത് വിപുലീകരിക്കുന്നതിലൂടെ ഡാറ്റാ ട്രാഫിക് കൈകാര്യം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടുത്തി.

 

2024 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള 15 മാസത്തിനിടെ നടപ്പിലാക്കിയ ഈ അപ്ഗ്രേഡുകളിലൂടെ കേരളത്തിലെ മൊത്തം നെറ്റ്വര്‍ക്ക് ശേഷിയില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായി. ഇത് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥിരതയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി ലഭ്യമാക്കാനുള്ള വിയുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.