71-ാമത് നെഹ്റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന് വള്ളങ്ങള്‍
konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന് വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന് വള്ളങ്ങള്‍ ചുവടെ:
1. വീയപുരം ചുണ്ടന് (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
2. പായിപ്പാടന് ചുണ്ടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്)
3. ചെറുതന ചുണ്ടന് (തെക്കേക്കര ബോട്ട് ക്ലബ്)
4. ആലപ്പാടന്‍ ചുണ്ടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ)
5. കാരിച്ചാല്‍ ചുണ്ടൻ (കെ.സി.ബി.സി)
6. മേല്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
7. സെന്റ് ജോര്‍ജ് (ഗാഗുല്‍ത്താ ബോട്ട് ക്ലബ്)
8. കരുവാറ്റ (ബി.ബി.എം ബോട്ട് ക്ലബ്, വൈശ്യം ഭാഗം)
9. വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപ്പുറം)
10. ജവഹര്‍ തായങ്കരി (ഫ്രണ്ട്സ് ബോട്ട് ക്ലബ്)
11. നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
12. തലവടി ചുണ്ടന് (യു.ബി.സി കൈനകരി)
13. ചമ്പക്കുളം ചുണ്ടൻ (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
14. കരുവാറ്റ ശ്രീ വിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
15. നടുവിലേ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
16. പായിപ്പാടന് 2 (പായിപ്പാടൻ ബോട്ട് ക്ലബ്)
17. ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്)
18. ആയാപറമ്പ് പാണ്ടി കെ.സി.ബി.സി (ബി ടീം)
19. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത്)
20. നിരണം (നിരണം ബോട്ട് ക്ലബ്ബ്)
21. ആയപറമ്പ് വലിയ ദിവാന്‍ജി (നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ ബോട്ട് ക്ലബ്)
നെഹ്റു ട്രോഫി ക്യാപ്റ്റൻസ് ക്ലിനിക് ഇന്ന്(22)
ആഗസ്റ്റ് 30 ന് തീയതി നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൻ്റെ ഭാഗമായ ക്യാപ്റ്റൻസ് ക്ലിനിക് ഇന്ന് (22) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് വൈ എം സി എ ഹാളിൽ ഉദ്ഘാടനം ചെയ്യും. ക്ലിനിക്കിൽ എല്ലാ വള്ളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിംഗ് ക്യാപ്റ്റൻമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കാത്തവരുടെ ബോണസ്സിൽ 50 ശതമാനം കുറവ് വരുത്തും. ട്രാക്ക് ആന്റ് ഹീറ്റ്സ് നറുക്കെടുപ്പ് വൈകിട്ട് മൂന്നിന് വൈ എം സി എ ഹാളില്‍ നടക്കും.
മുഖം ക്യാൻവാസായി; വള്ളംകളിയുടെ ആവേശം നിറങ്ങളിൽ ചാലിച്ച് വിദ്യാർഥികൾ
വള്ളംകളിയുടെ ആവേശവും ആലപ്പുഴയുടെ വൈവിധ്യങ്ങളും ഒന്നായപ്പോൾ മുഖങ്ങളിൽ വിടര്‍ന്നത് നിറവിസ്മയങ്ങള്‍. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായ സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് മത്സരത്തിലാണ് മുഖം വരയുടെ ക്യാൻവാസായത്.
ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച മത്സരം നഗരസഭ അധ്യക്ഷ കെ.കെ.ജയമ്മ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എ.എസ് കവിതയുടെ മുഖത്ത് ചുണ്ടൻ വള്ളം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ” ആലപ്പുഴയും നെഹ്റു ട്രോഫി വള്ളംകളിയും” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫെയ്സ് പെയിന്റിംഗ് മല്‍സരം നടന്നത്. പങ്കെടുത്ത മത്സരാർത്ഥികൾ മുഖ ക്യാൻവാസുകളിൽ ചുണ്ടൻവള്ളം, ആലപ്പുഴയുടെ പൈതൃകങ്ങള്‍, കഥകളി തുടങ്ങിയവ പകർത്തിയത് കാഴ്ചക്കാർക്കും നവ്യാനുഭവമായി. മത്സരത്തിൽ മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് വിദ്യാർഥിയായ ഭാവന ശിവൻ, ആലപ്പുഴ എസ്. ഡി കോളേജ് വിദ്യാർഥി ചന്ദന രതീശൻ എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. കോയമ്പത്തൂർ ഇസ കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർഥിയായ പി അഭിനവ, കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ പി അഭയ എന്നിവർ രണ്ടാം സ്ഥാനം നേടി. പുന്നപ്ര മാർഗ്രിഗോറിയസ് കോളേജ് വിദ്യാർഥികളായ കെ സി ശിവന്യ, നിഖിത മരിയ എന്നിവർ മൂന്നാം സ്ഥാനം നേടി. ഒന്നാംസ്ഥാനക്കാര്‍ക്ക് എരമല്ലൂര്‍ പുന്നയ്ക്ക്ല് ജ്വല്ലറി നല്കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. നാലാം സ്ഥാനത്തിന് അർഹരായവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും.
ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ നസീർ പുന്നക്കൽ, നഗരസഭ കൗണ്‍സലര്‍മാരായ പ്രഭാശശികുമാർ, സിമി ഷാഫി ഖാന്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എ എസ് കവിത, എം ആർ പ്രേം, ആർ വിനിത, കൗണ്‍സലര്‍മാരായ ഗോപിക വിജയ പ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ കെ. നാസര്‍, അബ്ദുള്‍സലാം ലബ്ബ, ഹരികുമാര്‍ വാലേത്ത്, എബി തോമസ്, പി സുഭാഷ് ബാബു, ജലാൽ അമ്പനാകുളങ്ങര, എ കബീർ, പി കെ ബൈജു, രമേശൻ ചെമ്മാപറമ്പിൽ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, എന്‍ ടി ബി ആര് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ചെറുപറമ്പൻ തുടങ്ങിയവര്‍ പങ്കെടുത്തു. ജിനു ജോർജ്, ബിമൽ റോയ്, കെ ശിവകുമാർ ജഗ്ഗു എന്നിവര്‍ വിധികര്‍ത്താക്കളായി.
71-മത് നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം ‘കാത്തു’:പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് പേര് ‘കാത്തു’. കാത്തു എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, പ്രമുഖ ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ് എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
71 ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ അഭിമാനമാണെന്നും ഇത്തവണ വള്ളംകളി കൂടുതൽ നിറമുള്ളതായി തീരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് കാത്തു എന്ന പേര് പ്രഖ്യാപിച്ചത്. പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ വി കൃഷ്ണൻകുട്ടി നായരാണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 347 എന്‍ട്രികളില്‍ നിന്നാണ് കാത്തു എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.
ഭാഗ്യചിഹ്നത്തിന്റെ പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. 347 എന്‍ട്രികളില്‍ നിർദിഷ്ട മാതൃക പാലിക്കാത്ത ഒൻപത് എൻട്രികൾ നിരസിച്ചു. ശേഷിച്ച എൻട്രികളിൽ 18 പേരാണ് കാത്തു എന്ന പേര് നിര്‍ദേശിച്ചത്. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്ക് എരമല്ലൂർ പുന്നക്കൽ ജ്വല്ലറി നല്കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്. റോയ്, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
ചടങ്ങില്‍ കലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ കലാജീവിതം ആരംഭിച്ച ആലപ്പി അഷറഫ് പിന്നീട് സംവിധായകനായും സിനിമ നിര്‍മ്മാതാവായും തിളങ്ങി. ജയന് മുതല്‍ രജനീകാന്തിന് വരെ ശബ്ദം നല്കിയ അദ്ദേഹം 12 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നെഹ്റു ട്രോഫി വള്ളംകളിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച അദ്ദേഹം ആലപ്പുഴയുടെ അഭിമാനമായി നെഹ്റുട്രോഫി വള്ളംകളി മാറിയതായി അഭിപ്രായപ്പെട്ടു.
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രൊമോ വീഡിയോ ചടങ്ങില്‍ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. മന്ത്രി പി പ്രസാദിനെ ആലപ്പുഴ പൗരാവലിക്ക് വേണ്ടി ആലപ്പി അഷറഫ് പൊന്നാട അണിയിച്ചു.
ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, കെ. നാസര്‍, അബ്ദുള്‍സലാം ലബ്ബ, ഹരികുമാര്‍ വാലേത്ത്, എബി തോമസ്, പി സുഭാഷ് ബാബു, ജലാൽ അമ്പനാകുളങ്ങര, എ കബീർ, പി കെ ബൈജു, ടി എസ് സുനില്‍ കുമാര്‍, രമേശൻ ചെമ്മാപറമ്പിൽ, എന്‍ ടി ബി ആര് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ചെറുപറമ്പൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസർ പി എസ് സജിമോൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.