വ്യക്തിപ്രഭാവത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സി‌ഒയിലെ മറ്റ് നേതാക്കളെ മറികടന്നതായി ചൈനീസ് മീമുകളും വീഡിയോകളും കമന്ററികളും

സന ഹാഷ്മി

ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ചൈന സന്ദർശനവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം രാഷ്ട്രീയത്തിന്റെയും ഉഭയകക്ഷി സാധ്യതകളുടെയും പതിവ് വിശകലനത്തിനപ്പുറം, ചൈനീസ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരീരഭാഷ, നോട്ടം, പ്രതീകാത്മക ആംഗ്യങ്ങൾ, അനിവാര്യത എന്നിവയുടെ മീമുകളാണ് കൂടുതലായി ഉപയോഗിച്ചത്. സന്ദർശനത്തിന്റെ സൗഹാർദ്ദപരമായ മാനം വ്യക്തമാക്കുന്ന ചില അഭിപ്രായങ്ങൾ തമാശയിൽ ചാലിച്ചതായിരുന്നു. രസകരമെന്ന് പറയട്ടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വച്ചുള്ള നിരവധി തമാശകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു

ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടി ഒരു നയതന്ത്ര പരിപാടിയാണെങ്കിൽ, പ്രധാനമന്ത്രിക്ക് ലഭിച്ച ഓൺലൈൻ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അതിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. “അകലെയുള്ള ബന്ധുവിനെക്കാൾ നല്ലത് അടുത്തുള്ള അയൽക്കാരനാണ്,” റെൻമിൻ സർവകലാശാലയിലെ ചോങ്‌യാങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻഷ്യൽ സ്റ്റഡീസിലെ ഗവേഷകനായ ലിയു യിംഗ് അഭിപ്രായപ്പെട്ടു.

മോദിക്കായി വിരിച്ച ചുവന്ന പരവതാനി കേന്ദ്രീകരിച്ചും നിരവധി ചർച്ചകളുണ്ടായി. “മോദിയുടെ ചൈന സന്ദർശനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം അദ്ദേഹത്തിന് ലഭിച്ച ഗംഭീരമായ സ്വീകരണമായിരുന്നു. പ്രധാനമന്ത്രി എത്തിയ ഉടൻ ആർപ്പുവിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. ചുവന്ന പരവതാനി നീളത്തിൽ‍ കാണപ്പെട്ടു. ഓണർ ഗാർഡ് അംഗങ്ങൾ എല്ലാ ബഹുമതികളും പ്രകടമാക്കി ആദരവോടെ നിലയുറപ്പിച്ചു. പ്രത്യേകിച്ച്, നൃത്ത പ്രകടനം ഉജ്ജ്വലമായിരുന്നു,” – ബൈഡു വെബ്​​സൈറ്റിലെ അഭിപ്രായം ഇങ്ങനെ.

കൈപിടിച്ച് മോദി-പുടിൻ കാർ യാത്ര

മോദിയുടെ ഓരോ നീക്കവും ചൈനീസ് ഇന്റർനെറ്റ് ഉപയോക്താക്കൾ സസൂക്ഷ്മം നിരീക്ഷിച്ചു. എന്നാൽ യഥാർത്ഥത്തിൽ വൈറലായത്, ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഒന്നായിരുന്നു: ടിയാൻജിനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി മോദി കൈകോർത്തുപിടിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഓറസ് സെനറ്റ് ലിമോസിനിൽ യാത്ര പങ്കിട്ടു. വീചാറ്റ്, വെയ്‌ബോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ പ്രത്യക്ഷമായി. #SCO_Summit_Modi_held_Putin’s_hand_and_entered_the_hall, #Modi_takes_Putin’s_car തുടങ്ങിയ ഹാഷ്‌ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഓരോന്നും ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആകർഷിച്ചു.

“അവർ ഒരുമിച്ച് വേദിയിൽ പ്രവേശിച്ചു എന്നത് മാത്രമല്ല, കോൺഫറൻസ് ഹാളിൽ ഇരുവരും എല്ലായ്പ്പോഴും ഏതാണ്ട് ഒരുമിച്ചായിരുന്നു,” ഒരു ഉപയോക്താവ് എഴുതി. “മോദി-പുടിൻ സൗഹൃദം കണ്ടാൽ ട്രംപിന് എന്ത് തോന്നും?” എന്ന് വെയ്‌ബോയിലെ പലരും അത്ഭുതം പ്രകടിപ്പിച്ചു.

ഗ്ലോബൽ ടൈംസിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫ് ഹു സിജിൻ പോലും ഇക്കാര്യം ചൂണ്ടിക്കാട്ടി. പൊതുവേദിയിലുള്ള സൗഹൃദപ്രകടനം ട്രംപിനെ പ്രകോപിപ്പിച്ചേക്കാം. ആ മീം കൂടുതൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു.

വേറെ ചില ഉപയോക്താക്കൾ മോദിയുടെ പ്രതീകാത്മക നടപടികൾ മനസ്സിലാക്കുകയായിരുന്നു. “മോദി തന്റെ ഔദ്യോഗിക കാർ ഒഴിവാക്കി റഷ്യൻ കവചിത ഓറസ് സെഡാനിൽ പുടിനൊപ്പം യാത്ര ചെയ്തു. ഇത് വെറുമൊരു യാത്രയല്ല, സാമീപ്യവും ദൃശ്യപരമായ പ്രതിബിംബവും ഉപയോഗിച്ച് ഇന്ത്യ-റഷ്യ സൗഹൃദം ലോകത്തിന് കാണിച്ചുകൊടുക്കാൻ ശ്രദ്ധാപൂർവ്വം സംഘടിപ്പിച്ച നയതന്ത്ര പരിപാടിയായിരുന്നു” – ഒരു വെയ്‌ബോ പോസ്റ്റ് വിശദീകരിക്കുന്നു.

മറ്റൊരു ഉപയോക്താവ് പറഞ്ഞു: “റഷ്യ-ഇന്ത്യ ബന്ധങ്ങളിലെ നാഴികക്കല്ലായിരുന്നു ഇത്. എസ്‌സി‌ഒയിലെ ബഹുമുഖ ഇടപെടലുകളിൽ ഇതു പുതിയ വെളിച്ചം വീശുന്നു.”

ശരീരഭാഷയുടെ നിരീക്ഷണം

പരസ്പരം കരങ്ങൾ പിടിച്ചതുമായി ബന്ധപ്പെട്ട തമാശകളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അ‌വസാനിപ്പിച്ചില്ല. ശരീരഭാഷ ഓൺലൈൻ ചർച്ചയുടെ മറ്റൊരു കേന്ദ്രബിന്ദുവായി മാറി. ടിക്‌ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനിൽ, ചൈന സന്ദർശന വേളയിൽ മോദി എങ്ങനെ പുഞ്ചിരിച്ചിരുന്നുവെന്നു നിരവധി ആനിമേറ്റ് ചെയ്ത വീഡിയോകൾ കാണിക്കുന്നു. അ‌ദ്ദേഹം സൗഹാർദ്ദപരവുമായി പ്രത്യക്ഷപ്പെട്ടതും എങ്ങനെയെന്ന് നിരവധി വീഡിയോകളിലൂടെ ചൂണ്ടിക്കാണിച്ചു. പലരും പുടിനുമായി കൈകോർത്ത് നിൽക്കുന്നതിലും, ഇന്ത്യയും റഷ്യയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നതിനായി ട്രംപിന്റെ വീഡിയോ ക്ലിപ്പുകൾ പരസ്പരം ചേർത്തുവെച്ചും, ട്രംപിന്റെ പ്രകോപനം സൂചിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

മറ്റ് വീഡിയോകളിൽ മോദി ആത്മവിശ്വാസത്തോടെ നടക്കുന്നതായി കാണാമായിരുന്നു. അദ്ദേഹത്തെ “ദൃഢനിശ്ചയമുള്ളയാൾ” എന്ന് ചിത്രീകരിച്ച അഭിപ്രായവും ട്രംപിന്റെ തീരുവകളോട് ഇന്ത്യ ശക്തമായി പ്രതികരിച്ചതായി സൂചിപ്പിക്കുന്നു. ക്വോറയുടെ ചൈനീസ് പതിപ്പായ ഷിഹുവിൽ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: “മുമ്പ് സൗഹൃദത്തിലായിരുന്നെങ്കിലും മോദിയും ട്രംപും ഇപ്പോൾ പരസ്പരം സൗഹൃദത്തിലല്ല.”

ബിലിബിലി എന്ന വീഡിയോ പ്ലാറ്റ്‌ഫോമിൽ, ഒരു ജനപ്രിയ പോസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “മോദി ട്രംപിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ ടിയാൻജിൻ യാത്ര അദ്ദേഹത്തിന് ധാരാളം ശ്രദ്ധ നേടിത്തന്നു. ട്രംപും വന്നിരുന്നെങ്കിൽ, അദ്ദേഹത്തിന് ധാരാളം ആരാധകരെ ലഭിക്കുമായിരുന്നു, അദ്ദേഹത്തിന്റെ നൃത്തച്ചുവടുകൾ തീർച്ചയായും ആരാധകരെ ആകർഷിക്കുമായിരുന്നു.” ചൈനീസ് ശൈലിയിലുള്ള നാടകത്തിൽ മോദിയും ട്രംപും അവതരിപ്പിക്കുന്ന ഒരു എഐ നിർമ്മിത വീഡിയോ പോലും ഉണ്ടായിരുന്നു. അവിടെ മോദി ട്രംപിനെ നേരിടുകയും വിജയിക്കുകയും ചെയ്യുന്നതായി കാണിച്ചു.

എന്നാൽ എല്ലാ അഭിപ്രായങ്ങളും പ്രധാനമന്ത്രിക്ക് അനുകൂലമായിരുന്നില്ല. “പുടിനോടുള്ള മോദിയുടെ പ്രതികരണം അദ്ദേഹത്തിന്റെ ബലഹീനതകളെ തുറന്നുകാട്ടി. ഒരു ചെറിയ രാജ്യം ഒരു ചെറിയ രാജ്യമാണ്. അത് വലിപ്പത്തെക്കുറിച്ചല്ല, മറിച്ച് ശാന്തതയെക്കുറിച്ചാണ്. യുഎസിനും പാശ്ചാത്യ രാജ്യങ്ങൾക്കും സന്തോഷിക്കാം, കാരണം ഇന്ത്യ ഒടുവിൽ അവർക്ക് വഴങ്ങും,” വെയ്‌ബോയിലെ ഒരു ജനപ്രിയ പോസ്റ്റ് പറയുന്നു. എന്നിരുന്നാലും, അത്തരം വിമർശനങ്ങൾ വളരെ കുറവായിരുന്നു. “വർഷങ്ങൾക്കിടെ മോദിക്ക് ലഭിച്ച ഏറ്റവും സന്തോഷകരമായ സന്ദർശനമായിരുന്നു ചൈനീസ് സന്ദർശനം,” വ്യാപകമായി പങ്കിടപ്പെട്ട ഒരു പോസ്റ്റ് പറയുന്നു.‌

അപൂർവമായ പ്രഭാവം

ചൈനയിലെ ഓൺലൈൻ അഭിപ്രായങ്ങളിൽ ഭൂരിഭാഗവും എസ്‌സി‌ഒ ഉച്ചകോടിയിൽ വ്യക്തിപ്രഭാവത്താൽ മോദി മറ്റ് നേതാക്കളെ മറികടന്നുവെന്നും ആഗോളതലത്തിലെ ഇന്ത്യയുടെ പങ്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും സൂചിപ്പിക്കുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി പല ചിത്രങ്ങളിലും മോദിയെ മികച്ച നേതാവായി ഉയർത്തിക്കാണിച്ചു. അദ്ദേഹം യുഎസിനെതിരെ നിലകൊള്ളുകയും ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും റഷ്യയുമായുള്ള സൗഹൃദം തുടരുകയും ചെയ്യുന്നതായി കാണിക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള അനുകൂല വ്യാഖ്യാനങ്ങൾ ചൈനയിൽ കാലങ്ങളായി അപൂർവമാണ്.

ഇക്കാര്യത്തിലെ യുക്തി വളരെ ലളിതമാണ്: ഇപ്പോൾ ചൈനയുടെ ഏറ്റവും വലിയ എതിരാളി അമേരിക്കരിക്കയാണ്. ഇന്ത്യ-യുഎസ് വിള്ളൽ വർദ്ധിപ്പിക്കാനും, ഇന്ത്യ-റഷ്യ സൗഹൃദം ആഘോഷിക്കാനും, ഇന്ത്യ-ചൈന ബന്ധം സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും ചൈനീസ് സോഷ്യൽ മീഡിയ താൽപ്പര്യപ്പെടുന്നതായാണു മനസിലാകുന്നത്.