ബി.എസ്.എൻ.എൽ(BSNL)ൻ്റെ മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും(DoP) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും(BSNL) തമ്മിൽ ന്യൂഡൽഹിയിൽ വെച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു.

തപാൽ വകുപ്പ് ജനറൽ മാനേജർ (സിറ്റിസൺ സെൻട്രിക് സർവീസസ് ആൻഡ് ആർ.ബി) മനീഷ ബൻസാൽ ബാദലും, ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്.

ഈ കരാർ പ്രകാരം, രാജ്യത്തുടനീളം ബി.എസ്.എൻ.എൽ സിം കാർഡുകളുടേയും മൊബൈൽ റീചാർജ്ജ് സേവനങ്ങളുടേയും വില്പനയ്ക്കായി തപാൽ വകുപ്പ് 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ സമാനതകളില്ലാത്ത തപാൽ ശൃംഖല പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളേയും പട്ടണങ്ങളേയും സ്പർശിക്കുന്ന ഇന്ത്യാ പോസ്റ്റിൻ്റെ വിശാലമായ വ്യാപ്തി നഗര, ഗ്രാമ പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ ൻ്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് ശക്തമായ മാധ്യമമായി വർത്തിക്കും.

ബി.എസ്.എൻ.എൽ ൻ്റെ ടെലികോം സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെലവു കുറഞ്ഞതാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. പ്രത്യേകിച്ച് രാജ്യത്തിൻ്റെ വിദൂര പ്രദേശങ്ങളിൽ പരിമിതമായ കണക്റ്റിവിറ്റിയുമായി ബുദ്ധിമുട്ടുന്ന പൗരന്മാർക്ക് തപാൽ ഓഫീസുകൾ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതിലൂടെ ഡിജിറ്റൽ വിഭജനം നികത്താനും, ഗ്രാമീണ കുടുംബങ്ങളെ മൊബൈൽ സേവനങ്ങളിലൂടെ ശാക്തീകരിക്കാനും, ഡിജിറ്റൽ ഇന്ത്യ, സാമ്പത്തിക ഉൾച്ചേർക്കൽ, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയുടെ വിശാലമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും ഈ പങ്കാളിത്തം ശ്രമിക്കുന്നു. അസമിൽ നടപ്പിലാക്കിയ പരീക്ഷണ മാതൃക ഇതിനകം തന്നെ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. മാതൃക രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് ഇത് പ്രകടമാക്കുന്നത്.

ഈ സഹകരണത്തിലൂടെ തപാൽ ഓഫീസുകൾ ബി.എസ്.എൻ.എൽ ൻ്റെ മൊബൈൽ സിം വില്പന, മൊബൈൽ റീചാർജ്ജുകൾ എന്നിവയ്‌ക്കുള്ള പോയിൻ്റ് ഓഫ് സെയിൽ(PoS) ആയി പ്രവർത്തിക്കും. സിം സ്റ്റോക്കും പരിശീലനവും ബി.എസ്.എൻ.എൽ ലഭ്യമാക്കുമ്പോൾ തപാൽ വകുപ്പ് ബി.എസ്.എൻ.എൽ -ലേക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കുകയും നിലവാരമുള്ളതും സുരക്ഷിതവുമായ രീതിയിൽ ഇടപാടുകൾ സുഗമമാക്കുകയും ചെയ്യും.

ഒരു വർഷത്തേക്ക് പ്രാബല്യത്തിൽ വരുന്ന ഈ കരാർ പിന്നീട് പുതുക്കാവുന്നതാണ്. ഇരു കക്ഷികളും സംയുക്തമായി ശക്തമായ നിരീക്ഷണം, പ്രതിമാസ ഒത്തുതീർപ്പ്, സൈബർ സുരക്ഷയും ഡാറ്റ സ്വകാര്യതാ മാനദണ്ഡങ്ങളും കർശനമായി പാലിക്കൽ എന്നിവ ഉറപ്പാക്കും. ബി.എസ്.എൻ.എൽ ൻ്റെ ടെലികോം അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യാ പോസ്റ്റിൻ്റെ രാജ്യവ്യാപക സാന്നിധ്യവും സംയോജിപ്പിക്കുന്നതിലൂടെ പൗര കേന്ദ്രീകൃത സേവന വിതരണത്തിനായുള്ള പൊതുമേഖലാ സഹകരണത്തിൻ്റെ പുതിയ മാനദണ്ഡം ഈ സംരംഭം സ്ഥാപിക്കുന്നു.