2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും.ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻ ലാലിന്റെ ജനനം.മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2001ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും കേന്ദ്രസർക്കാർ നൽകി.2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയും ലഭിച്ചു.
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനെ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും അഭിനന്ദിച്ചു
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് മോദി പറഞ്ഞു. “പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയുടെയും നാടകത്തിന്റെയും പ്രമുഖ വ്യക്തിത്വമായി അദ്ദേഹം നിലകൊള്ളുന്നു, കൂടാതെ കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്” മോദി പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് എന്നും കേരള മുഖ്യമന്ത്രി ആശംസകള് അറിയിച്ചു കൊണ്ട് പറഞ്ഞു