അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം “അമൃത സ്പർശം 2025” സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കൽ സംഘത്തിന്റെ അർപ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പർശം സംഘടിപ്പിച്ചത്.
പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് സർജനുമായ ഡോ. സുധീന്ദ്രൻ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂർ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടതിഥിയായി എത്തി. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി, ഗാസ്റ്റ്രോഎൻററോളജി വിഭാഗം മേധാവി ഡോ. ഷൈൻ സദാശിവൻ, ജി.ഐ സർജറി വിഭാഗം പ്രൊഫസർ ഡോ. രാമചന്ദ്രൻ എൻ. മേനോൻ, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്) പ്രതിനിധികൾ വിനു വി. നായർ, രാജേഷ് കുമാർ, ബാബു കുരുവിള, മനോജ് കുമാർ എന്നിവർ പങ്കെടുത്ത ഉദ്ഘാടന സമ്മേളനം നടന്നു.
ഡോ. ആനന്ദ് കുമാർ അവതരിപ്പിച്ച “ആനന്ദം സ്വഭാവത്തിൻറെ സംഗീതം” എന്ന പ്രഭാഷണം ശ്രദ്ധേയമായി. രോഗികളും ഡോക്ടർമാരും പങ്കെടുത്ത തുറന്ന സംവാദത്തിൽ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. ദിനേശ് ബാലകൃഷ്ണൻ, ഡോ. ബിനോജ്, ഡോ. ഷൈൻ സദാശിവൻ, ഡോ. നിത്യ എബ്രഹാം, ഡോ. ധന്യ ചന്ദ്രൻ, ഡോ. സൗരഭ് രാധാകൃഷ്ണൻ, ഫിസിയാട്രിസ്റ് നന്ദന, ഡയറ്റിഷ്യൻ ശില്പ തുടങ്ങിയവർ പങ്കെടുത്തു. അവയവമാറ്റ ശസ്ത്രക്രിയയെ ആസ്പദമാക്കിയ ക്വിസ് മത്സരവും, പ്രതീക്ഷയും സഹനശക്തിയും ജീവിതാഘോഷവും പ്രതിഫലിപ്പിച്ച കലാപരിപാടികളും സംഗമത്തെ സമ്പന്നമാക്കി.