കൊച്ചി : കേരള ഓഫ്താൽമിക് സർജൻമാരുടെ സംഘടന (KSOS) യും കൊച്ചി അമൃത ആശുപത്രിയും ചേർന്ന് നേത്രരോഗവിദഗ്ധർക്കായി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. 200-ലധികം ഡോക്ടർമാർ പങ്കെടുത്ത ശില്പശാല രോഗപരിചരണത്തിലെ വിവിധ മേഖലകളായ രോഗനിർണയം മുതൽ ചികിത്സ മാർഗങ്ങളെ കുറിച്ച് വരെ ചർച്ച ചെയ്തു.

പരിപാടി കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക് സർജൻസ് സെക്രട്ടറി ഡോ. ബിജു ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സെഷനുകൾ ഡോ. രാജശേഖർ (ചെന്നൈ), കൊച്ചി അമൃത ആശുപത്രി ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ പിള്ള, KSOS സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ബാസ്റ്റിൻ വി.എ., തൃശൂർ മെഡിക്കൽ കോളേജ് ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. സുധ വി എന്നിവർ നയിച്ചു.

യുവ നേത്രവിദഗ്ധരുടെ രോഗനിർണയ, ചികിത്സാ, ക്ലിനിക്കൽ മികവുകൾ വർധിപ്പിക്കുകയും രോഗപരിചരണ രംഗത്ത് അവരെ കൂടുതൽ ശക്തരാക്കുകയും ചെയ്യുന്നതിനായി ഈ വർഷം സംഘടിപ്പിച്ച ആറാമത്തെയും അവസാനത്തെയും പരിപാടിയായിരുന്നു ഇത്. 25-ലധികം ഫാക്കൽറ്റി അംഗങ്ങൾ പ്രഭാഷണങ്ങൾ നടത്തി.