തൃശ്ശൂര്‍ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മൃഗശാലകള്‍ വിനോദത്തിന് മാത്രമുള്ള ഉപാധിയല്ല, പ്രകൃതിയെ അടുത്തറിയുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഉതകുന്ന ഇടങ്ങളായി അവ മാറുകയാണെന്ന് മുഖ്യമന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ട് നിര്‍മ്മിച്ച ഡിസൈനര്‍ സൂവിലൂടെ പകര്‍ന്നു കിട്ടുന്ന അറിവ് പ്രകൃതിയോടും പ്രകൃതി സംരക്ഷണത്തിനോടും നമുക്കുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുവോളജിക്കല്‍ പാര്‍ക്കിലെ ജല സംരക്ഷണം, ജല പുനരുപയോഗം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമായ മാതൃകകള്‍ ഇവിടെയുണ്ട്. വികസന പദ്ധതികള്‍ക്കായി മരങ്ങള്‍ മുറിച്ചു നീക്കേണ്ടി വന്നാല്‍ പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന നിലപാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. ഇവിടെയും അത്തരത്തിലുള്ള ഇടപെടല്‍ സാധ്യമായിട്ടുണ്ട്. ഒരു പദ്ധതി തുടങ്ങുമ്പോള്‍ അത് പ്രകൃതിക്ക് ഇണങ്ങുന്നതായിരിക്കണം സുസ്ഥിരവുമായിരിക്കണം ഇതാണ് സംസ്ഥാനത്തിന്റെ നിലപാട്. അതാണ് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലൂടെ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘകാലത്തെ തൃശ്ശൂര്‍ നിവാസികളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്നിവിടെ പൂവണിഞ്ഞത്. 2016-2021 കാലത്ത് അധികാരത്തില്‍ വന്ന ഗവണ്‍മെന്റിന്റെ തുടര്‍ഭരണം ജനങ്ങള്‍ സമ്മാനച്ചതിന്റെ ഭാഗമായാണ് ഇത്തരം വികസനം സാധ്യമായത്. നമ്മുടെ നാടിന് പല ദുരനുഭവങ്ങളും ഉണ്ട്. ഒരുകാലത്ത് ആരംഭിച്ച വികസന പ്രവര്‍ത്തനം പിന്നീട് ഒരു ഘട്ടത്തില്‍ സ്തംഭിച്ചു പോകുന്നത് നാം കണ്ടിട്ടുണ്ട്. ആ ഒരു വിഷമസ്ഥിതി തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നാണ് നാം കാണേണ്ടത്. കിഫ്ബി പദ്ധതി നിലവില്‍ വന്നതിനുശേഷമാണ് വിവിധ പദ്ധതികളിലായി ഫണ്ട് ഉപയോഗിക്കാന്‍ സാധ്യമായത്. കിഫ്ബി മുഖേന 341 കോടി രൂപ ഇതിനായി ചെലവാക്കി. കിഫ്ബി കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസന രംഗത്ത് വലിയ തോതില്‍ സഹായം തരാന്‍ തയ്യാറായ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പല ദുരന്ത സമയത്തും ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. പശ്ചാത്തല സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലയിലും വികസനമാണ് സാധ്യമായത്. സംസ്ഥാനത്ത് ഉണ്ടായ വിവിധ പ്രതിസന്ധികളെ തരണം ചെയ്താണ് സുവോളജിക്കല്‍ യഥാര്‍ത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതാണ്ട് നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പുത്തൂരില്‍ ഈ സുവോളജിക്കല്‍ പാര്‍ക്ക് തുറക്കുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഇന്ന് കാണുന്ന വിധത്തില്‍ 336 ഏക്കര്‍ സ്ഥലത്ത് 371 കോടി രൂപ മുതല്‍ മുടക്കി 23 ആവാസ ഇടങ്ങളും ഏഴ് ആവാസ വ്യവസ്ഥകളുമായി ലോകത്തെ അത്ഭുത പെടുത്തുന്ന വിധത്തില്‍ നിര്‍മ്മിച്ച കേവലം ഒരു മൃഗശാലയല്ലാതെ ഒരു പ്രകൃതി പഠനശാല തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന പേരില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബി പദ്ധതി കാരണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ സൂവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളെക്കുറിച്ചും പാര്‍ക്കിന്റെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ അതിവേഗം കുതിച്ച് കേരളത്തെ ലോകത്തിന്റെ നെറുകയില്‍ അവതരിപ്പിക്കാനുള്ള പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനായി പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു അത്യപൂര്‍വ്വ നേട്ടമാണ് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ സംരക്ഷിച്ചുകൊണ്ടാണ് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വനം – വന്യജീവികള്‍ – മനുഷ്യന്‍ ഇവ മൂന്നും ചേര്‍ന്നുകൊണ്ടുള്ള സഹവര്‍ത്തിത്വത്തിലൂടെ സംസ്ഥാനത്ത് വന്യജീവി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതോടൊപ്പം വനം വകുപ്പിനെ ഒരു ജനസൗഹൃദ വകുപ്പാക്കി മാറ്റാന്‍ കഴിയും. വികസനം ഒരിടത്ത് മാത്രം കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതല്ല. സംസ്ഥാനത്തെ സമസ്ത മേഖലയിലും വികസനം സാധ്യമാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്സിറ്റി റിപ്പോര്‍ട്ടിന്റെ പ്രകാശനം ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിച്ചു. സുവോളജിക്കല്‍ പാര്‍ക്ക് സ്റ്റാമ്പിന്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. സൂവോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ.ജെ വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരളത്തിലെ പ്രധാന സന്ദര്‍ശന കേന്ദ്രമായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറുമെന്ന് സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്സിറ്റി റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യയിലെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കേരളത്തില്‍ വരുമ്പോള്‍ കണ്ടിരിക്കേണ്ട പാര്‍ക്കാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പോസ്റ്റല്‍ സ്റ്റാമ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനര്‍ സൂ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ മന്ത്രി സന്തോഷം രേഖപ്പെടുത്തി. ഈ പദ്ധതിയിലൂടെ തൃശ്ശൂരിന്റെ പുത്തൂര്‍ ഗ്രാമം ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതായും മന്ത്രി പറഞ്ഞു.

മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ആധുനിക സൗകര്യങ്ങളോടുകൂടി ലോകോത്തര നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശകരെ അത്ഭുത കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്നതോടൊപ്പം തൃശ്ശൂര്‍ നഗരത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സൂവോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ.ജെ വര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കെ. രാധാകൃഷ്ണന്‍ എം.പി, എംഎല്‍എ മാരായ പി. ബാലചന്ദ്രന്‍, വി.ആര്‍ സുനില്‍കുമാര്‍, കെ.കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍.കെ അക്ബര്‍, മുരളി പെരുനെല്ലി, ഇ.ടി ടൈസന്‍ മാസ്റ്റര്‍, യു.ആര്‍ പ്രദീപ്, മുന്‍ മന്ത്രിമാരായ കെ. രാജു, കെ.പി രാജേന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍, മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വിവിധ പഞ്ചായയത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൂവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍ നാഗരാജ് നന്ദി പറഞ്ഞു.

thrissurzoologicalpark