വിദേശ തൊഴില്‍ കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വര്‍ഷത്തെ പരിപാടികള്‍ക്ക് നാളെ (നവംബര്‍ 4 ന്) തിരുവനന്തപുരത്ത് തുടക്കമാകും.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര്‍ (റിക്രൂട്ട്മെന്റ് ) സാനു കുമാര്‍ എസ് നന്ദിയും പറയും. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് പ്രോഗാമുകള്‍ ഭാഷാ പരിശീലന പരിപാടികള്‍ എന്നിവ സംബന്ധിച്ച് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് വിശദീകരിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം 02:15 PM മുതല്‍ 04:45 PM വരെയാണ് പരിശീലന പരിപാടി.

വിദേശരാജ്യത്തേയ്ക്ക് തൊഴിലിനോ പഠനത്തിനോ പോകുന്ന കേരളീയര്‍ക്ക് സുരക്ഷിത കുടിയേറ്റം, നിയമപരമായ പ്രക്രിയകൾ, തൊഴിലവകാശങ്ങൾ, വിദേശത്തെ തൊഴിൽ സാഹചര്യം, സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങള്‍ എമിഗ്രേഷൻ, വിസ നടപടിക്രമങ്ങള്‍, റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ആധികാരികത, തൊഴില്‍ കരാറുകളില്‍ പരിശോധിക്കേണ്ട വിഷയങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ അവബോധം നല്‍കുന്ന നോര്‍ക്ക റൂട്ട്സിന്റെ പദ്ധതിയാണ് പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം അഥവ പി.ഡി.ഒ.പി.