കഠിനമായ മലകയറ്റത്തിനുശേഷം സന്നിധാനത്ത് എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ഒരുക്കുന്ന സൗജന്യ ചികിത്സാ സഹായം. ദീര്‍ഘദൂര യാത്രയുടെയും കാലാവസ്ഥാ മാറ്റത്തിന്റെയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന തീര്‍ത്ഥാടകര്‍ക്കും ശബരിമല ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഈ കേന്ദ്രം വലിയൊരു ആശ്രയമാണ്. ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തി ചികിത്സ തേടുന്നത്.

രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഹോമിയോ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. രണ്ട് ഫാര്‍മസിസ്റ്റുമാര്‍, രണ്ട് അറ്റന്‍ഡറുമാര്‍, ഒരു ക്ലീനര്‍ എന്നിവരടങ്ങുന്ന ജീവനക്കാരും സേവനസന്നദ്ധരായി മുഴുവന്‍ സമയവും ഇവിടെയുണ്ട്.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും ചികിത്സ തേടിയെത്തുന്നത് . ഇതിനുപുറമേ യാത്രയ്ക്കിടയിലെ ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും അലര്‍ജി പോലുള്ള ത്വക്ക് രോഗങ്ങൾക്കും ധാരാളം പേർ ചികിത്സ തേടുന്നു.

പലവിധ പ്രതിരോധ മരുന്നുകളുടെ വിതരണവും ആശുപത്രി വഴി നടക്കുന്നുണ്ട്. അതോടൊപ്പം ശ്വാസംമുട്ടല്‍ അനുഭവിക്കുന്നവര്‍ക്കായി നെബുലൈസേഷന്‍ സൗകര്യവും ആവി വലിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറിയ പരിക്കുകള്‍ പറ്റുന്നവര്‍ക്കായി ഡ്രസ്സിംഗ് ചെയ്യാനുള്ള സേവനവും കേന്ദ്രത്തില്‍ സൗജന്യമായി ലഭ്യമാണ്. സന്നിധാനത്തെ വലിയ നടപ്പന്തല്‍ ആരംഭിക്കുന്ന ഭാഗത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.