കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില്‍ ഒന്നായ കാവസാക്കി രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പുരോഗതികളും നിർണയ-ചികിത്സാ രീതികളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസിന്റെ 8-ാമത് നാഷണൽ കോൺഫറൻസ് (NCISKD 2025) കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ IMA ഹൗസിൽ വെച്ച് നടന്നു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പിന്തുണച്ച ശാസ്ത്രീയ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുത്തു.
അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ കാവസാക്കി രോഗം ബാധിക്കുന്നത്. 4–5 ദിവസത്തിലധികം നീളുന്ന ഉയർന്ന പനി, കണ്ണുകളും, ചുണ്ടും നാവും ചുവക്കുക, കൈകാലുകളുടെ വീക്കം, കഴുത്തുവശത്തെ ഗ്രന്ഥികളുടെ വീക്കം മുതലായ ലക്ഷണങ്ങളിലൂടെയാണ് ഈ രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗലക്ഷണങ്ങൾ സാധാരണ പനിയോട് സാമ്യമുള്ളതാകുന്നതിനാൽ പലപ്പോഴും നിർണയം വൈകുക പതിവാണ്. എന്നാൽ ഹൃദയത്തിലെ രക്തക്കുഴലുകളിൽ അണുബാധ ഉണ്ടാക്കി ഗുരുതരമായ ഹൃദയപ്രത്യാഘാതങ്ങളിലേക്ക് നയിക്കാൻ ഈ രോഗത്തിന് കഴിവുള്ളതിനാൽ കാലോചിതമായ തിരിച്ചറിയലും ചികിൽസയും അത്യാവശ്യമാണ് എന്ന് വിദഗ്ധർ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഹൃദയത്തിൽ മാറ്റങ്ങൾ ഉണ്ടോ എന്നു വിലയിരുത്തുന്നതിനായി ഇക്കോ കാർഡിയോഗ്രാഫി നിരന്തരം നടത്തേണ്ടതുണ്ടെന്നും, പ്രത്യേകിച്ച് ലക്ഷണങ്ങൾ വ്യക്തമായി കാണിക്കാത്ത ശിശുക്കളിൽ പ്രത്യാഘാത സാധ്യത കൂടുതൽ ആയതിനാൽ മാതാപിതാക്കളും പൊതുചികിത്സകരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് റ്യൂമറ്റോളജി, ഇമ്മ്യൂണോളജി മേഖലകളിലെ ദേശീയ-അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുത്തു. രോഗനിർണയത്തിലെ പുതിയ ബയോമാർക്കറുകൾ, AI അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ മാർഗങ്ങൾ, സങ്കീർണ്ണ കേസുകളുടെ കൈകാര്യം, റെഫ്രാക്ടറി കാവസാക്കി രോഗത്തിനുള്ള നവീന ചികിത്സകൾ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സമ്മേളനത്തിൽ നടന്നു.
ജപ്പാനിൽ നിന്ന് ഡോ. കസുയുക്കി ഇകെഡയും കാവസാക്കി രോഗം കണ്ടെത്തിയ ഡോ. ടോമിസാകു കാവസാക്കിയുടെ മകൾ സുബുറ കാവസാക്കിയും പ്രത്യേക അതിഥികളായി സമ്മേളനത്തിൽ പങ്കെടുത്തു. കൂടാതെ വിവിധ വർക്ക്‌ഷോപ്പുകൾ, പാനൽ ചർച്ചകൾ, ഗവേഷണ അവതരണങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ (ഓർഗനൈസിംഗ് ചെയർപേഴ്സൺ, ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്), പീഡിയാട്രിക് റ്യൂമറ്റോളജി വിഭാഗം കൺസൽട്ടൻറ് ഡോ. സുമ ബാലൻ (ഓർഗനൈസിംഗ് സെക്രട്ടറി, ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡീയാട്രിക്‌സ് മുൻ പ്രസിഡണ്ട് ഡോ. രമേഷ് കുമാർ സമ്മേളനത്തിന്റെ ഭാഗമായി.
കാവസാക്കി രോഗത്തിന്റെ നേരിയ ലക്ഷണങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ആരോഗ്യരംഗത്തെ എല്ലാ തലങ്ങളിലും ബോധവത്കരണം ശക്തിപ്പെടുത്തുകയും, ഹൃദയപ്രത്യാഘാതങ്ങൾ കുറക്കുകയും ചെയ്യുക എന്നതാണ് സമ്മേളനം ഉന്നയിച്ച പ്രധാന സന്ദേശം.


