വിയറ്റ്നാമീസ് ചിത്രമായ “സ്കിൻ ഓഫ് യൂത്ത്” മികച്ച ചലച്ചിത്രത്തിനുള്ള അഭിമാനകരമായ ‘സുവർണ്ണമയൂരം’ നേടി. ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുഗനും ചേർന്ന് പുരസ്കാരം സമ്മാനിച്ചു.സംവിധായിക ആഷ്‌ലീ മേഫെയർ, നിർമ്മാതാക്കളായ ട്രാൻ തോ ബിച്ച് എൻഗോക്, ആഷ് മേഫെയർ, ഫ്രാൻ ബോർജിയ എന്നിവർ സംയുക്തമായി ഗോൾഡൻ പീക്കോക്ക് ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ ക്യാഷ് പ്രൈസും പങ്കിടും.
1990-കളിൽ സൈഗോണിൽ നടക്കുന്ന ഈ ചിത്രം, ലിംഗമാറ്റ ശസ്ത്രക്രിയ സ്വപ്നം കാണുന്ന ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളിയായ സാനും, തൻ്റെ മകനെ പിന്തുണയ്ക്കാൻ പോരാടുന്ന നാമും തമ്മിലുള്ള തീവ്രമായ പ്രണയത്തെ പര്യവേക്ഷണം ചെയ്യുന്നു. സാൻ ഒരു സ്ത്രീയായി ജീവിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. അതേസമയം നാം അവളുടെ ശസ്ത്രക്രിയയ്ക്ക് പണം സമ്പാദിക്കാൻ ക്രൂരമായ പീഡനങ്ങൾ സഹിക്കുന്നു. അക്രമാസക്തമായ അധോലോകവും സാമൂഹിക മുൻവിധികളും, അരാജകവാദികളും ഉയർത്തുന്ന പ്രതിസന്ധികൾ അവരുടെ പ്രണയത്തെ കഠിനമായ വെല്ലുവിളികൾ നിറഞ്ഞതാക്കുന്നു
ഈ വർഷം, ആഗോള സിനിമയുടെ ഊർജ്ജസ്വലമായ ഭൂമികയെ പ്രതിനിധീകരിച്ചുകൊണ്ട് പതിനഞ്ച് മികവുറ്റ ചലച്ചിത്രങ്ങളാണ് ഗോൾഡൻ പീക്കോക്ക് പുരസ്കാരത്തിനായി മത്സരിച്ചത്.
മികച്ച നടനുള്ള (പുരുഷ) രജത മയൂരം ‘എ പോയറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉബൈമർ റിയോസിന് ലഭിച്ചു
56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൊളംബിയൻ ചിത്രമായ എ പോയറ്റിലെ അഭിനയത്തിന് ഉബൈമർ റിയോസിന് മികച്ച നടനുള്ള (പുരുഷ) രജത മയൂര പുരസ്കാരം ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രീകരണത്തിന് സമ്മാനിച്ച രജത മയൂരം ട്രോഫിയും സർട്ടിഫിക്കറ്റും ₹10,00,000 ക്യാഷ് പ്രൈസും ഈ അവാർഡിൽ ഉൾപ്പെടുന്നു. വാർത്താ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഐഎഫ്എഫ്ഐ ജൂറി ചെയർപേഴ്‌സൺ ശ്രീ. രാകേഷ് ഓംപ്രകാശ് മെഹ്‌റ, മേളയുടെ ഡയറക്ടർ ശ്രീ. ശേഖർ കപൂർ എന്നിവരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ശ്രീ. പ്രമോദ് സാവന്ത്, വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.

