തദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥയും പൊതുയോഗവും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവും അനുസരിച്ചാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.
പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ പൊലീസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കണം.

മറ്റുകക്ഷികളുടെ യോഗവും ജാഥയും തടസപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാര്‍ഥിയും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്‌തോ, നേരിട്ടോ, രേഖാമൂലമോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തു മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവര്‍പരസ്യം മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

യോഗം നടത്താന്‍ ഉദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഇല്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാര്‍ഥിയും ഉറപ്പുവരുത്തണം. ഉത്തരവ് നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. പൊതുയോഗം തടസപ്പെടുത്തുകയോ ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്. യോഗം നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ ശബ്ദത്തില്‍ മാത്രം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ.

ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ട് എന്നിവ പ്രദേശത്തെ പൊലീസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കണം. ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ നിയന്ത്രണ ഉത്തരവ് ഉണ്ടോയെന്ന് സംഘാടകര്‍ പരിശോധിച്ച് നിയന്ത്രണം ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്‍കിയില്ലെങ്കില്‍ അവ കൃത്യമായി പാലിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാതെ ജാഥ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം.

ജാഥ ദൈര്‍ഘ്യമേറിയതാണെങ്കില്‍ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഒരേ സമയം ഒരേ റൂട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാഥ നടത്തുകയാണെങ്കില്‍ ജാഥ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസം ഉണ്ടാകാതിരിക്കാനും സംഘാടകര്‍ മുന്‍കൂട്ടി ബന്ധപ്പെടണം. ആവശ്യമായ ക്രമീകരണത്തിന് ലോക്കല്‍ പൊലീസിന്റെ സഹായം തേടാം.

ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ട് പോകുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അവ കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനം നടത്തുന്നതും കുറ്റകരമാണ്. തദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപൂര്‍ണമായിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചു.

ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്: 5033 പ്രചാരണ സാമഗ്രി നീക്കം ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 5033 പ്രചരണ സാമഗ്രി നീക്കം ചെയ്തു. വിവിധ രാഷ്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബാനര്‍, ഫ്‌ളക്‌സ്, പോസ്റ്റര്‍, ഫ്ളാഗ് ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്.

അടൂര്‍ 732 പോസ്റ്ററും 15 ഫ്ളക്സും കോന്നിയില്‍ 720 പോസ്റ്ററും 113 ഫ്ളക്സും അഞ്ച് ഫ്ളാഗും കോഴഞ്ചേരിയില്‍ 1282 പോസ്റ്ററും 70 ഫ്ളക്സും തിരുവല്ലയില്‍ 852 പോസ്റ്ററും 193 ഫ്ളക്സും 59 ബോര്‍ഡും മല്ലപ്പള്ളി 143 പോസ്റ്റര്‍, 13 ഫ്ളക്സും റാന്നി 631 പോസ്റ്ററും 118 ഫ്ളക്സും 87 ഫ്ളാഗും നീക്കം ചെയ്തു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി ലഭിച്ച നാല് പരാതി പരിഹരിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ ചുമതല. പ്രചാരണ പരിപാടിയുടെ നിയമ സാധുത സ്‌ക്വാഡ് പരിശോധിക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനര്‍, ചുവരെഴുത്ത്, പോസ്റ്റര്‍, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും.

നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് തദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.
ജില്ലാതല ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് നമ്പര്‍ : 0469 2601202

തദ്ദേശതിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.

ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ സൂക്ഷിക്കുന്നതിന്റെയും മേൽനോട്ടം ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്. കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സജ്ജമാക്കേണ്ട ചുമതല അതത്‌ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയ്ക്കും മുൻസിപ്പൽ സെക്രട്ടറിയ്ക്കുമാണ്. കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളും തുടർനടപടികൾക്കുള്ള വിശദമായ മാർഗ്ഗരേഖയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നൽകിയിട്ടുണ്ട്.

വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതച്ചട്ടം കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശംനൽകി.

സ്‌ട്രോങ്‌റൂം, കാൻഡിഡേറ്റ്‌ സെറ്റിങ് കേന്ദ്രം (ഇവിഎംകമ്മീഷനിംഗ്), ഇ ഡ്രോപ്പ്, ട്രെൻഡ്‌ സോഫ്റ്റ്‌വെയർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഓരോ വരണാധികാരിക്കും ആവശ്യമായ വെവ്വേറെ വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രവും സ്‌ട്രോങ്‌ റൂമും കേന്ദ്രങ്ങളിലുണ്ടാകും.

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെജില്ലാടിസ്ഥാനത്തിലെപട്ടികചുവടെ :

നമ്പർ

ജില്ല

വിതരണ & വോട്ടെണ്ണൽ കേന്ദ്രങ്ങൾ

1

തിരുവനന്തപുരം

16

2

കൊല്ലം

16

3

പത്തനംതിട്ട

12

4

ആലപ്പുഴ

18

5

കോട്ടയം

17

6

ഇടുക്കി

10

7

എറണാകുളം

28

8

തൃശ്ശൂർ

24

9

പാലക്കാട്

20

10

മലപ്പുറം

27

11

കോഴിക്കോട്

20

12

വയനാട്

7

13

കണ്ണൂർ

20

14

കാസർഗോഡ്

9

 

ആകെ

244

ഡ്രൈ ഡേ പ്രഖ്യാപിച്ചു

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ അതത് ജില്ലകളില്‍ 48 മണിക്കൂര്‍ ഡ്രൈ ഡേ ആയിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 7ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 9ന് പോളിങ് അവസാനിക്കുന്നതുവരെ മദ്യനിരോധനമുണ്ടാകും.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെ മദ്യനിരോധനമുണ്ടാകും.
വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

അനുവദിക്കും

അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും.

സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ.

 

വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.

സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും സഹായികളാകാന്‍ അനുവദിക്കില്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയാകാനും അനുവദിക്കില്ല.