സംസ്ഥാനത്തെ ഗുരുതരമായ യൂറിയ-പൊട്ടാഷ് ക്ഷാമ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. നിർണായകമായ വടക്കുകിഴക്കൻ മൺസൂൺ ഘട്ടത്തിൽ രാസവളങ്ങളുടെ രൂക്ഷമായ ക്ഷാമം കേരളത്തിലെ കൃഷിയെ സാരമായി ബാധിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ നെല്ല്, തെങ്ങ്, അടക്ക, റബ്ബർ, കൊക്കോ, ഏലം, പൈനാപ്പിൾ ഉൾപ്പെടെയുള്ള പ്രധാന കൃഷികളാകെ ഈ ക്ഷാമം മൂലം തകരാറിലായിരിക്കുകയാണ്. പ്രത്യേകിച്ച് പൈനാപ്പിൾ മേഖലയിൽ മാത്രം വർഷം തോറും 22,500 ടൺ യൂറിയയും 15,000 ടൺ പൊട്ടാഷും ആവശ്യമാണ്. നിലവിലെ ക്ഷാമം കർഷകരെ പരമാവധി ചെലവേറിയ മറ്റ് വളങ്ങളിലേക്കും കോംപ്ലക്സ് വളങ്ങളിലേക്കും മാറ്റിവിടുന്നത് ഉൽപാദനച്ചെലവിൽ വലിയ വർധനവിനും കൃഷിയിലെ പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നതായി എംപി വ്യക്തമാക്കി.

വിദഗ്ദ്ധർ നൈട്രജന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയതായി എംപി ഓർമ്മിപ്പിച്ചു. നൈട്രജൻ — പ്രധാനമായും യൂറിയയിൽ നിന്ന് ലഭിക്കുന്നത് — കേരളത്തിലെ വള ഉപഭോഗത്തിന്റെ 44 ശതമാനം വരെയാണുള്ളത്. ഇതിലെ ഏത് തടസ്സവും വിള വളർച്ച, വിളവ്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ എന്നിവയെ നേരിട്ടും ഉടനടിയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ക്ഷാമം നേരിടുന്ന കർഷകരുടെ ദുരിതം ഗുരുതരമാണെന്നും, സംസ്ഥാന സർക്കാരിന്റെ നിരന്തരമായ അഭ്യർത്ഥനകൾ ഉണ്ടായിട്ടും കേന്ദ്രം സമയബന്ധിതമായ വിതരണത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും എംപി ലോക്സഭയിൽ വിമർശിച്ചു. കർഷകരുടെ ഉപജീവനത്തെ തകർക്കുന്ന ഈ ഗൗരവപരമായ സാഹചര്യത്തിൽ, ആവശ്യമായ യൂറിയയും പൊട്ടാഷും അടിയന്തിരമായി സംസ്ഥാനത്തെത്തിക്കാനും, കേന്ദ്ര സർക്കാർ താല്പര്യം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“നമ്മുടെ കർഷകർ അവഗണനയല്ല, സമയബന്ധിതമായ പിന്തുണയാണ് അർഹിക്കുന്നത്. അവരുടെ അതിജീവനം നമ്മുടെ സംയുക്ത ഉത്തരവാദിത്തമാണ്,” എംപി പറഞ്ഞു