തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ന് നഗരത്തില്‍ സംഘടിപ്പിക്കുന്ന സാന്റാ ഹാര്‍മണി ഘോഷയാത്രയുടെ അവലോകന യോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ചേര്‍ന്നു. ഡിസംബര്‍ 19 ന് വൈകിട്ട് 3.30 നാണ് ക്രിസ്മസ് പാപ്പാമാരുടെ ഘോഷയാത്ര.

അന്നേ ദിവസം തിരുവല്ല നഗരപരിധിയില്‍ വൈകിട്ട് നാല് മുതല്‍ 7.30 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. വൈകിട്ട് നാലിന് ശേഷം കോട്ടയം, തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപാസിലൂടെ പോകണം. എം.സി. റോഡിലൂടെ വാഹനഗതാഗതം നിയന്ത്രിക്കും. രാമന്‍ചിറ മുതല്‍ കുരിശുകവല വരെയുള്ള റോഡ് അടിയന്തര വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. കായംകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ഒഴികെയുള്ള വാഹനങ്ങള്‍ കാവുംഭാഗം ജംഗ്ഷനില്‍ നിന്ന് തുകലശേരി വഴിയും കോട്ടയം ഭാഗത്തേക്കുള്ളവ ഇടിഞ്ഞില്ലം വഴിയും സഞ്ചരിക്കണം. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും.

ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സബ് കലക്ടര്‍ അറിയിച്ചു.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നഗരസഭ, ഫയര്‍ഫോഴ്സ്,പിഡബ്ല്യുഡി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ ഒരുക്കം ചര്‍ച്ച ചെയ്തു.

തിരുവല്ല രാമന്‍ചിറ ബൈപാസില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമാപിക്കും. പ്ലോട്ട്, കുട്ടികളുടെ ബാന്‍ഡ്, വിവിധതരം മേളങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഘോഷയാത്രയില്‍ അണിചേരും.

തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജ്, ഫാ.ബിജു പയ്യംപള്ളില്‍, ആര്‍. ജയകുമാര്‍, എം. സലിം, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.