സ്ത്രീകള്‍ക്ക് നീതിയൊരുക്കുന്നതില്‍ കുടുംബശ്രീ സ്‌നേഹിത സുപ്രധാന പങ്കു വഹിച്ചതായും സംസ്ഥാനത്ത് വിസ്മയകരമായ അടിത്തറ സൃഷ്ടിക്കാന്‍ കുടുംബശ്രീക്കായെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുളനട പ്രീമിയം കഫെ ഹാളില്‍ സംഘടിപ്പിച്ച കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഒമ്പതാമത് വാര്‍ഷികാഘോഷം’ എല്‍വോറ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തം ഉദ്ധരണികള്‍ ഉപയോഗിച്ച് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 10 പ്രശസ്ത വ്യക്തികളുടെ ടൈപ്പോഗ്രാഫിക് ചിത്രങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവ നേടിയ ‘ ഗ്രാന്‍ഡ് മാസ്റ്റര്‍’ എസ് ശരിജ, ആറന്മുള സ്വദേശിനിയും നാടന്‍ പാട്ട് കലാകാരിയും സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് അവാര്‍ഡ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബിന്ദുജ എന്നിവരെ മന്ത്രി ആദരിച്ചു. ജില്ലാ കുടുംബശ്രീ മിഷന്റെ പുതിയ പദ്ധതി സഹജീവനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

സ്‌നേഹിത വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അയല്‍ക്കൂട്ടത്തിന് ഒരു കത്ത് , പാനല്‍ ചര്‍ച്ച , കൈയെഴുത്ത് പ്രതി പ്രകാശനം , ഫ്‌ളാഷ് മോബ്, പ്രദര്‍ശനം, സ്‌നേഹിത @ സ്‌കൂള്‍, ജെന്‍ഡര്‍ ക്ലബ്ബ് @ സ്‌കൂള്‍, അയല്‍ക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കായി കവിത, ചിത്രരചന, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിച്ചു.

കിഴക്കന്‍ മേഖലയില്‍ അധിവസിക്കുന്ന ഗോത്ര വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ആര്‍ത്തവ ആരോഗ്യവും ശുചിത്വവും, സ്വയംപ്രതിരോധ പരിശീലന പരിപാടി, മെഡിക്കല്‍ ക്യാമ്പ്, അനീമിയ നിര്‍ണയ ക്യാമ്പ്, പോഷകാഹാര അവബോധവും ഭക്ഷ്യപ്രദര്‍ശനവും എന്നിവ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷയായി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ വി ആശാ മോള്‍ മുഖ്യപ്രഭാഷണവും അടൂര്‍ ഡിവൈഎസ്പി സന്തോഷ് കുമാര്‍ മുഖ്യ സന്ദേശവും നല്‍കി. സ്‌നേഹിത കൗണ്‍സിലര്‍ ട്രീസാ എസ് ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘നീതിന്യായ വ്യവസ്ഥയും, പേട്രീയര്‍ക്കിയും: ലിംഗ നീതിയുടെ വെല്ലുവിളികള്‍ ‘എന്ന വിഷയത്തില്‍ മുന്‍ അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗിരിജ പാര്‍വതി വിഷയാവതരണം നടത്തി. കുടുംബശ്രീ ജെന്‍ഡര്‍ ഡിപിഎം അനുപ പി ആര്‍ സ്വാഗതം പറഞ്ഞു.