തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കീഴിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ രാവിലെ 10 ന് ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സത്യപ്രതിജ്ഞ ചെയ്യും.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടറുടെ മുമ്പാകെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും തുടര്‍ന്ന് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലും രാവിലെ 10ന് സത്യപ്രതിജ്ഞ നടപടി ആരംഭിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളുടെ മുമ്പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യും.
മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരിയുടെ മുന്നില്‍ മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞടുപ്പ് സംബന്ധിച്ച കമ്മീഷന് അറിയിപ്പ് സെക്രട്ടറി വിശദീകരിക്കും.


