ശിവഗിരി:വളരെയേറെ ആധ്യാത്മിക ആചാര്യന്മാർക്ക് ജന്മം നൽകുവാൻ ഭാരതത്തിന് ആയെന്നും മറ്റു രാജ്യങ്ങളിൽ ഇപ്രകാരം സംഘടിപ്പിച്ചതായി അറിയുന്നില്ല എന്നും കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അഭിപ്രായപ്പെട്ടു.

 

 

93 -ാമതു ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ആചാര്യ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഒരു വേള ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരിക്കെ ഒരാൾ വന്നു അന്നത്തെ നാട്ടിലെവിഷമാ വസ്ഥകൾ ഗുരുവിന് മുൻപിൽ അവതരിപ്പിച്ചപ്പോൾ നമ്മുടെ വിഷമങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുവാൻ രാജ കുടുംബത്തിൽ ഒരു ജനനം സംഭവിക്കുമെന്നായി ഗുരുദേവൻ.ചിത്തിരനാളിൽ പിന്നാലെ ജനിച്ച ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജനനം മുന്നിൽ കണ്ടായിരുന്നു ത്രികാലജ്ഞാനിയായ ഗുരുദേവൻ ഈ വിധം അരുളി ചെയ്തത്.

 

കാലം മുന്നോട്ടുപോകുമ്പോൾ പല ഗുരുക്കന്മാരും അവതരിക്കുന്നു.ദിവസവും ഡാൻസ് പരിശീലിപ്പിക്കുന്നവരും സംഗീതം അഭ്യസിപ്പിക്കുന്നവരും ഇന്ന് ഗുരുക്കന്മാരുടെ പട്ടികയിൽപ്പെടുന്നു.ഗുരു എന്ന വാക്ക് നാം കേൾക്കുമ്പോൾ മനസ്സിലാക്കേണ്ടത് അജ്ഞാനത്തിൽ നിന്നും ജ്ഞാനത്തിന്റെ മാർഗ്ഗത്തിലേക്ക് ജനതയെ നയിച്ച ഗുരുക്കന്മാരെയാണ്.ആ ഗണത്തിൽപ്പെട്ട ഗുരുക്കന്മാരിൽ മുൻനിരയിലാണ് ശ്രീനാരായണ ഗുരുദേവൻ എന്നും ഗൗരി ലക്ഷ്മിഭായി തുടർന്നുപറഞ്ഞു. ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.

 

തുടർന്ന് ഓരോ ആചാര്യന്മാരെയും കുറിച്ച് വിവിധ മഠങ്ങളിലെ പ്രതിനിധികൾ പ്രഭാഷണങ്ങൾ നടത്തി. ശ്രീരാമകൃഷ്ണദേവനെ കുറിച്ച് വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ഭുവനാത്മാനന്ദ ,തൈക്കാട്ട് അയ്യാവ് സ്വാമികളെ കുറിച്ച് തൈക്കാട്ട് മിഷനിലെ രവികുമാറും , ചട്ടമ്പിസ്വാമികളെ കുറിച്ച് പത്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദയും,രാമാനന്ദ ഗുരുദേവനെ കുറിച്ച് പാലക്കാട് ശ്രീ രാമാനന്ദാശ്രമത്തിലെ സ്വാമി ഡോക്ടർ ധർമ്മാനന്ദയും ,സദാനന്ദ സ്വാമികളെ കുറിച്ച് ജയരാജ് ഭാരതി ചാലക്കുടിയും,ചിന്മയാനന്ദ സ്വാമികളെ കുറിച്ച് തിരുവനന്തപുരം ചിന്മയ മിഷനിലെ സുധീർ ചൈതന്യയും ,ബ്രഹ്മാനന്ദ ശിവയോഗിയെ കുറിച്ച് ആലത്തൂർ സിദ്ധാശ്രമത്തിലെ സ്വാമി ശിവാനന്ദയോഗിയും ,വാഗ്ഭടാനന്ദനെ കുറിച്ച് കേരള ആത്മവിദ്യാസംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോക്ടർ വിനീഷ് എ. കെ. യും,ബോധാനന്ദ സ്വാമികളെ കുറിച്ച് ധർമ്മാനന്ദ സ്വാമിയും, പ്രഭാഷണങ്ങൾ നടത്തി.സ്വാമി സത്യാനന്ദതീർത്ഥ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ തീർത്ഥാടന കമ്മറ്റി ജോയിൻ്റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി കൃതജ്ഞത രേഖപ്പെടുത്തി.