ആറ് കോർപ്പറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ (ഡിസംബർ 26ന്) തിരഞ്ഞെടുക്കും . മേയർമാർക്കുള്ള തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർമാർക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കും നടക്കും . കൊച്ചി,തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിലെ മേയർസ്ഥാനങ്ങൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
101 അംഗ തിരുവനന്തപുരം കോർപ്പറേഷനിൽ അൻപത് അംഗങ്ങളുമായി ജയിച്ച ബിജെപിയുടെ മേയർ സ്ഥാനാർഥി വി.വി. രാജേഷാണ്. ആശാ നാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി.കൊടുങ്ങാനൂർ വാർഡിൽനിന്നുള്ള പ്രതിനിധിയാണ് രാജേഷ്. കരുമം വാർഡിനെയാണ് ആശ പ്രതിനിധീകരിക്കുന്നത്. വിഴിഞ്ഞം വാർഡിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണൻ്റെ ഇലക്ഷൻ കമ്മിറ്റിക്കു വേണ്ടി ചെയർപേഴ്സൺ ആശ പി.ആറും ജനറൽ കൺവീനർ അഡ്വ.വിമൽ ജോസും അറിയിച്ചു. കണ്ണമ്മൂല വാർഡിൻ്റെ ഗ്രീൻ ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങൾക്കും നൽകിയിരുന്നു. എൻ.ഡി.എ കേരള ചെയർമാൻ രാജീവ് ചന്ദ്രശേഖർ മാത്രമാണ് ഗ്രീൻ ഫ്ലോ കണ്ണമ്മൂല പൂർണമായി നടപ്പിലാക്കാൻ പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചത്.
മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി സ്വതന്ത്രനായി വിജയിച്ച എം.രാധാകൃഷ്ണനെ സംബന്ധിച്ച് സ്വന്തം വാർഡിൻ്റെ വികസനം മാത്രമാണ് ലക്ഷ്യം. അതിന് സഹായകമാകുന്ന നിലപാട് സ്വീകരിക്കുന്നവരോട് പുറംതിരിഞ്ഞ് നിൽക്കാൻ കഴിയില്ല. നഗരഹൃദയത്തിലുള്ള ഒരു വാർഡിൻ്റെ കൗൺസിലറെന്ന നിലയിൽ തലസ്ഥാന വികസനത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകണമെന്നതാണ് എം.രാധാകൃഷ്ണൻ്റെയും ഒപ്പം നിൽക്കുന്നവരുടെയും ഉറച്ച നിലപാടെന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
കൊല്ലത്ത് കോൺഗ്രസിന്റെ എ.കെ. ഹഫീസ് ആണ് മേയർസ്ഥാനാർഥി. താമരക്കുളത്തുനിന്നുള്ള വിജയിയാണ് .കൊച്ചിയില്‍ യു ഡി എഫിലെ അഡ്വ. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടരക്കൊല്ലംവീതം മേയർസ്ഥാനം വഹിക്കും .പാലാരിവട്ടത്തു നിന്നുള്ള പ്രതിനിധിയാണ് മിനിമോൾ. ഷൈനി മാത്യു ഫോർട്ട് കൊച്ചിയെയും പ്രതിനിധീകരിക്കുന്നു.തൃശ്ശൂരില്‍ മേയർ സ്ഥാനാർഥിയായി കിഴക്കുംപാട്ടുകരയിൽ നിന്ന് വിജയിച്ച യു ഡി എഫിലെ ഡോ. നിജി ജസ്റ്റിനെ പ്രഖ്യാപിച്ചു.
കോഴിക്കോട് കോർപ്പറേഷനില്‍ സിപിഎം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റിയംഗം ഒ. സദാശിവനാണ് എൽഡിഎഫിന്റെ കോർപ്പറേഷൻ മേയർ സ്ഥാനാർഥി .കണ്ണൂരില്‍ പയ്യാമ്പലം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ഡെപ്യൂട്ടി മേയറായ പി. ഇന്ദിരയാണ് യുഡിഎഫിന്റെ മേയർസ്ഥാനാർഥി.

