മകരവിളക്ക് മഹോത്സവത്തിന് ഇന്ന് നടതുറക്കും
മകരവിളക്ക് മഹോത്സവത്തിനായി ഇന്ന് (ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് )ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം.
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ
മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.
കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.
ഒരു ലക്ഷത്തോളം അയ്യപ്പന്മാർക്ക് ചികിത്സ ലഭ്യമാക്കി സർക്കാർ ആയുർവേദ ചികിത്സ കേന്ദ്രങ്ങൾ
41 ദിവസത്തോളം നീണ്ടു നിന്ന മണ്ഡലമഹോത്സവത്തിന് അയ്യപ്പന്മാർ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കി സർക്കാർ ആയുർവേദ കേന്ദ്രങ്ങൾ. ഇതുവരെ സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തോളം പേർ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മിനി വ്യക്തമാക്കി. മണ്ഡലകാലത്ത് അയ്യപ്പന്മാർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഒൻപത് ഘട്ടങ്ങളിലായി ഇവിടങ്ങളിൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരേയും നിയമിച്ചു.
മണ്ഡലകാലത്ത് ശബരിമലയിലെ പ്രധാന കേന്ദ്രമായ സന്നിധാനത്തെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നാല്പത്തയ്യായിരത്തോളം ഭക്തജനങ്ങളും പമ്പയിലെ സർക്കാർ ആയുർവേദ കേന്ദ്രത്തിൽ 15,000 പേരുമാണ് ചികിത്സ തേടിയത്. മല കേറി വരുന്ന അയ്യപ്പന്മാർ പേശിവലിവ്, പനി, ചുമ, കഫകെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ എത്തുന്നത്. പേശീവലിവിന് അഭംഗ്യം ഉൾപ്പെടുന്ന പ്രത്യേക മർമ ചികിത്സയും, മസ്സാജിങ് സൗകര്യങ്ങളും, സ്റ്റീമിംഗ്, നസ്യം, സ്പോർട്സ് മെഡിസിൻ ചികിത്സ രീതികളും സന്നിധാനം ആശുപത്രിയിൽ ലഭ്യമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ എസ് എൻ സൂരജ് പറഞ്ഞു. സന്നിധാനത്തെ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം: മെഡിക്കൽ ഓഫീസർ: 7, ഫാർമസിസ്റ്റ്-3, തെറാപ്പിസ്റ്റ്-3 അറ്റെൻഡർ-3. മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്കായി മരുന്നുകൾ സംഭരിച്ചു; ഔഷധിയും, ഐ എസ് എം ഡിപ്പാർട്മെന്റും ചേർന്ന് നൽകുന്ന മരുന്നുകൾ ഗ്രീൻ പ്രോട്ടോകാൾ പാലിച്ചാണ് വിതരണം ചെയ്യുന്നത്.
മകരവിളക്ക് മഹോത്സവം: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്
(ഡിസംബർ 30) ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന അയ്യപ്പന്മാർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. അടിയന്തിര ഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ് ലിസ്റ്റ് തയ്യാറായി. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി. മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹിൽടോപ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാൻഡ്, യു-ടേൺ, ചാലക്കയം, ഇളവുംകാൽ, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളിൽ ആംബുലൻസും മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെൽത്ത് നോഡൽ ഓഫീസർ ശ്യാം അറിയിച്ചു. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതൽ പമ്പവരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈൽ മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്; അടിയന്തിര വൈദ്യ സഹായത്തിനുള്ള സംവിധാനവും കുളനട, ചെറുകോൽ, കഞ്ഞേറ്റുകര, വടശ്ശേരിക്കര എന്നിവിടങ്ങളിലും റാന്നി-പെരുനാട് ആശുപത്രികളിലും ലഭ്യമാക്കും. സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും. പാണ്ടിത്താവളം അടിയന്തിര ചികിത്സ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയോഗിച്ചു. നിലവിൽ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 12 ആംബുലൻസുകൾ കൂടാതെ 27 ആംബുലൻസുകൾ കൂടി മകരവിളക്കിന് സജ്ജമാക്കും. മകരവിളക്കിനും, തലേന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക കോൺട്രോൾ റൂം പ്രവർത്തിക്കും; 0468 2222642, 0468 2228220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മരുന്നുകൾ ബ്ലീച്ചിങ് പൌഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചു. മണ്ഡലമഹോത്സവം അവസാനിച്ചപ്പോൾ പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരൽമേട്, നിലക്കൽ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ചത് 1,49,806 അയ്യപ്പ ഭക്തർക്കാണ്. സന്നിധാനം സർക്കാർ ആശുപത്രിയിൽ 57,412 പേർക്കും പമ്പ സർക്കാർ ആശുപത്രിയിൽ 27,812 പേർക്കുമാണ് ഇക്കാലയളവിൽ ചികിത്സ നൽകിയതെന്ന് സന്നിധാനം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ അരുൺ വിനായകൻ അറിയിച്ചു.
മണ്ഡലകല മഹോത്സവ ദിനങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കാൻ നിരന്തര പരിശോധനകൾ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി. ഇക്കാലയളവിൽ 1,728 പരിശോധനകളാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വകുപ്പ് നടത്തിയത്. വിവിധ സ്ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനം. ന്യുനതകൾ കണ്ടെത്തിയ 94 ഹോട്ടൽ-ഭക്ഷ്യ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകുകയും ഗുരുതര വീഴ്ചകൾ കണ്ടെത്തിയേ 35 സ്ഥാപനങ്ങൾക്ക് നോട്ടീസും ഫൈനും ഈടാക്കി; 2,00,500 രൂപയാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. 803 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മകരവിളക്ക് മഹോത്സവത്തിനും സുശക്തമായ പരിശോധനകളിലൂടെ മേഖലയിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുമെന്ന് ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സുജിത് പെരേര പറഞ്ഞു.


