റാപ്പർ വേടന്‍ എന്ന ഹിരൺദാസ് മുരളിയുടെ കാസര്‍കോട് ബേക്കൽ ബീച്ച് സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19)മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.
കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. തിക്കിലും തിരക്കിലും പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
വേടന്റെ സംഗീതപരിപാടിയിൽ വലിയ ആൾക്കൂട്ടമെത്തിയതോടെയാണ് വലിയ തിരക്ക് ഉണ്ടായത് .സമീപ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ആണ് എത്തിയത് . നിയന്ത്രിക്കാൻ കഴിയാതായതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ ബോധരഹിതരായി .ഇതോടെ പരിപാടി നിർത്തിവെക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. പരിപാടി നിർത്തിവെച്ചതോടെ ആളുകൾ പിരിഞ്ഞുപോയി .


