മകരവിളക്ക്: ഇതുവരെ 1,20,256 അയ്യപ്പഭക്തർ ശബരീദർശനം നടത്തി

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് (ഇന്നലെ) ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ഡിസംബർ 31, 5.11 വരെ ) 1,20,256 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി.

ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്; 57256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401, പുൽമേട് വഴി 4283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഇന്ന് (ഡിസംബർ 31) 5.11 വരെ 63,000 പേർ സന്നിധാനത്ത് എത്തി.

ബാലാവകാശ കമ്മീഷൻ ജനുവരി ഒന്നിന് (നാളെ) ശബരിമല സന്ദർശിക്കും

ബാലാവകാശ കമ്മീഷൻ ജനുവരി ഒന്നിന് രാവിലെ ശബരിമല സന്ദർശിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ്‌ കുമാര്‍ , കമ്മീഷൻ അംഗങ്ങളായ ബി മോഹൻകുമാർ, കെ കെ ഷാജു എന്നിവരാണ് സന്നിധാനത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

 

മകരവിളക്ക്: നട തുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകം നടന്നു

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകം ഇന്ന് (ഡിസംബർ 31നു) നടന്നു. സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് കളഭാഭിഷേകം. ഉച്ചപൂജയ്ക്ക് മുൻപായി 11 മണിക്കാണ് കളഭാഭിഷേകം നടന്നത്. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജിച്ച ശേഷം കളഭാഭിഷേകത്തിനുള്ള കളഭകുംഭവുമായി മേൽശാന്തി ഇ ഡി പ്രസാദ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വച്ചു. തുടർന്ന് കളഭാഭിഷേകം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മകരവിളക്ക് തീർത്ഥാടനം: നെയ്യഭിഷേകത്തിന് തുടക്കമായി

മകരവിളക്ക് തീർത്ഥാടനത്തിന് നടതുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് (ഡിസംബർ 31) നെയ്യഭിഷേകത്തിന് തുടക്കമായി. പുലർച്ചെ 3.30 മുതൽ 7വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്. അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. വഴിപാടിന് ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായിട്ടാണ് അയ്യപ്പന്മാർ സ്വീകരിക്കുന്നത്. ജനുവരി 18 വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനു അവസരം. ജനുവരി 20 രാവിലെ 6.30ന് നടയടക്കും.