ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം: ടെൻഡർ തുറന്നു

business100news.com; ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമാണത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി മാവേലിക്കര ലോക്‌സഭാംഗം കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.

‘അമൃത്ഭാരത് സ്റ്റേഷൻ പദ്ധതി’യുടെ ഭാഗമായി ₹98.46 കോടി ചെലവിലാണ് സ്റ്റേഷൻ വികസനം നടപ്പാക്കുന്നത്. EPC (Engineering, Procurement and Construction) രീതിയിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും എം.പി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി പുതിയ ടെർമിനൽ കെട്ടിടം, പിൽഗ്രിം ഷെൽട്ടർ, വിശാലമായ കോൺകോർസ്, പുതിയ ഫുട് ഓവർബ്രിഡ്ജ്, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സർഫേസ് പാർക്കിംഗ്, പ്ലാറ്റ്‌ഫോം നവീകരണം, സർകുലേറ്റിംഗ് ഏരിയ വികസനം എന്നിവ ഉൾപ്പെടും. മധ്യകേരളത്തിലെ പ്രധാന റെയിൽവേ ജംഗ്ഷനായ ചെങ്ങന്നൂരിനെ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെളിച്ച സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മുൻപ് 160 ലക്സ് ആയിരുന്ന ലൈറ്റിംഗ് നിലവാരം 170 ലക്സായി ഉയർത്തിയതായും അധിക ലൈറ്റുകൾ സ്ഥാപിച്ചതായും റെയിൽവേ വ്യക്തമാക്കുന്നു. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യത്തിനായി ഫാനുകൾ, ചാർജിംഗ് സോക്കറ്റുകൾ, വാട്ടർ കൂളറുകൾ എന്നിവയും അധികമായി ഒരുക്കിയിട്ടുണ്ട്.

ചെങ്ങന്നൂർ NSG-3 വിഭാഗത്തിൽപ്പെടുന്ന സ്റ്റേഷനായതിനാൽ, യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ, കുടിവെള്ള സംവിധാനം, ശൗചാലയങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ റെയിൽവേ ബോർഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശബരിമല തീർത്ഥാടനകാലത്തും സാധാരണ ദിവസങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനാണ് ചെങ്ങന്നൂർ.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയുള്ള വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കാൻ IRPSM-ൽ പ്രൊജക്റ്റ് പ്രൊപ്പോസൽ സമർപ്പിച്ചു

business100news.com; ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള പ്രൊജക്റ്റ് പ്രൊപ്പോസൽ IRPSM (Indian Railways Project Sanction & Management) സംവിധാനത്തിൽ സമർപ്പിച്ചതായി മാവേലിക്കര ലോക്‌സഭാംഗം കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലായി ഓരോ ലിഫ്റ്റ് വീതം സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം അനിവാര്യമാണെന്ന ആവശ്യം നേരത്തെ തന്നെ ബന്ധപ്പെട്ട റെയിൽവേ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ഇതുമായി ബന്ധപ്പെട്ട് കത്തുകൾ നൽകുകയും ചെയ്തിരുന്നു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ നടത്തിയതെന്ന് എം.പി പറഞ്ഞു.

നിലവിൽ സ്റ്റേഷനിൽ അനുവദിച്ചിരിക്കുന്ന വികസന പദ്ധതികൾക്ക് പുറമേയായാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഈ പുതിയ പ്രൊജക്റ്റ് പ്രൊപ്പോസൽ സമർപ്പിച്ചിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുള്ള അധിക നടപടിയായാണ് റെയിൽവേ ഇത് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിൽ നടന്ന 129-ാം Zonal Railway Users’ Consultative Committee (ZRUCC) യോഗത്തിലാണ് ഈ വിഷയത്തിൽ റെയിൽവേയുടെ രേഖാമൂലമുള്ള മറുപടി ലഭ്യമായത്. പ്രൊജക്റ്റ് പ്രൊപ്പോസൽ IRPSM സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ വർഷങ്ങളായി ഉന്നയിച്ച ആവശ്യമാണ് ലിഫ്റ്റ് സൗകര്യം. പദ്ധതി സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയവും ദക്ഷിണ റെയിൽവേയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.