മണ്ഡലകല മഹോത്സവത്തിന് ശബരിമല നട തുറന്നത് മുതൽ സംസ്ഥാന പോലീസ് സേനയോടൊപ്പം ആൾക്കൂട്ട നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കാൻ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത് എപ്പോഴും തയ്യാറാണ്.
ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർ എ എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ.
മകരവിളക്കിന് നടതുറന്ന ഡിസംബർ 30, 31 തീയതികളിൽ തിരക്ക് വളരെ കൂടുതലായിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണവിധേയമായെന്നും ജനുവരി 14നു നടക്കുന്ന മകരവിളക്ക് പ്രമാണിച്ചു കൂടുതൽ സേനാഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാം അറിയിച്ചു.


